കോഹ്ലിയും രോഹിത് ശർമയും ട്വന്‍റി20 ടീമിൽനിന്ന് പുറത്തേക്കോ?; മൗനം തുടർന്ന് ബി.സി.സി.ഐ
text_fieldsന്യൂസിലൻഡിനെതിരെയുള്ള ഏകദിന, ട്വന്‍റി20 പരമ്പരക്കും ആസ്ട്രേലിയക്കെതിരായ രണ്ടു ടെസ്റ്റ് മത്സരങ്ങൾക്കുമുള്ള ഇന്ത്യൻ ടീമിനെ വെള്ളിയാഴ്ച രാത്രിയാണ് ബി.സി.സി.ഐ പ്രഖ്യാപിച്ചത്. കീവിസിനെതിരെ മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന, ട്വന്‍റി20 പരമ്പരക്ക് 16 അംഗ ടീമിനെയാണ് തെരഞ്ഞെടുത്തത്.
കെ.എൽ. രാഹുൽ രണ്ടു ടീമിലും കളിക്കുന്നില്ല. സൂപ്പർതാരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശർമ എന്നിവരെ ഇത്തവണയും ട്വന്‍റി20 സ്ക്വാഡിൽനിന്ന് ഒഴിവാക്കി. രാഹുലിനെ ടീമിൽ ഉൾപ്പെടുത്താത്തതിന് ബി.സി.സി.ഐ വ്യക്തമായ കാരണം പറയുന്നുണ്ടെങ്കിലും കോഹ്ലിയുടെയും രോഹിത്തിന്‍റെയും കാര്യത്തിൽ മൗനം തുടരുകയാണ്. കുടുംബ സംബന്ധമായ ആവശ്യങ്ങളെ തുടർന്നാണ് രാഹുലിനെയും അക്സർ പട്ടേലിനെയും ടീമിൽനിന്ന് ഒഴിവാക്കിയതെന്നാണ് ബി.സി.സി.ഐ പത്രക്കുറിപ്പിൽ അറിയിച്ചത്.
ഫിറ്റ്നസാണ് ജദേജയെ ഉൾപ്പെടുത്താത്തതിന് കാരണമെന്നും പറയുന്നു. എന്നാൽ, കോഹ്ലിയുടെയും രോഹിത്തിന്‍റെയും കാര്യത്തിൽ ഇത്തരത്തിൽ വിശദീകരണമൊന്നും പുറത്തുവിട്ടിട്ടില്ല. ഇരുവരും ട്വന്‍റി20 ടീമിൽനിന്ന് തുടർച്ചയായി ഒഴിവാക്കപ്പെടുന്നത് സംബന്ധിച്ച് പലവിധ അഭ്യൂഹങ്ങൾ തുടരുമ്പോഴും ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ ഉൾപ്പെടെയുള്ളവർ മൗനം തുടരുകയാണ്.
ഇരുവരും നിലവിൽ ലങ്കക്കെതിരായ ഏകദിന പരമ്പരയിൽ കളിക്കുന്നുണ്ട്. ട്വന്‍റി20 ഫോർമാറ്റിൽനിന്ന് ഇവരെ മാറ്റിനിർത്താൻ തീരുമാനിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ട്വന്റി20 ലോകകപ്പിലെ മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ ടീം ഉടച്ചു വാർക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഹാർദിക് പാണ്ഡ്യയെ നായകനാക്കി യുവതാരങ്ങൾക്ക് പ്രാമുഖ്യം നൽകിക്കൊണ്ടുള്ള ടീം പ്രഖ്യാപനമെന്നാണ് റിപ്പോർട്ട്.
ഇരു താരങ്ങളെയും ട്വന്റി20 ഫോർമാറ്റിൽനിന്ന് സ്ഥിരമായി മാറ്റിനിർത്താനാണ് നീക്കമെന്നും വാർത്തകളുണ്ട്. ഹാർദിക് പാണ്ഡ്യ നയിക്കുന്ന ട്വന്‍റി20 ടീമിന്റെ ഉപനായകൻ സൂര്യകുമാർ യാദവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.