വിഷ്ണുദേവ് സായി ഛത്തീസ്ഗഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
text_fieldsറായ്പൂർ: ഛത്തീസ്ഗഡ് മുഖ്യമന്ത്രിയായി ബി.ജെ.പി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ വിഷ്ണുദേവ് സായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. റായ്പൂരിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുതിർന്ന ബി.ജെ.പി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. അരുൺ സാഹു, വിജയ് ശർമ എന്നിവർ ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
വടക്കൻ ഛത്തീസ്ഗഡിലെ സർഗുജ സ്വദേശിയാണ് മുഖ്യമന്ത്രി വിഷ്ണുദേവ് സായി. അജിത് ജോഗിക്ക് ശേഷം ഛത്തീസ്ഗഢിനെ നയിക്കുന്ന രണ്ടാമത്തെ ആദിവാസി മുഖ്യമന്ത്രിയാണ് ഇദ്ദേഹം. ദുർഗ്, റായ്പൂർ, ബിലാസ്പൂർ എന്നിവിടങ്ങളിൽ ശക്തമായ സാന്നിധ്യമുള്ള 'തെലി' സമുദായാംഗമാണ് 59കാരനായ വിഷ്ണു ദേവ് സായി.
2014ലെ ഒന്നാം നരേന്ദ്ര മോദി സർക്കാരിൽ കേന്ദ്ര ഖനി, ഉരുക്ക് വകുപ്പ് സഹമന്ത്രിയായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ വടക്കൻ ഛത്തീസ്ഗഡിലെ കുങ്കുരിയിൽ സിറ്റിങ് എം.എൽ.എ യു.ഡി. മിഞ്ചിനെയാണ് വിഷ്ണു ദേവ് സായി പരാജയപ്പെടുത്തിയത്. 25,541 വോട്ടിന്റെ ഭൂരിപക്ഷമാണ് നേടിയത്.
1990ൽ എം.എൽ.എയായാണ് തെരഞ്ഞെടുപ്പിലേക്ക് വിഷ്ണു ദേവ് രംഗപ്രവേശനം ചെയ്തത്. 1993ലും വിജയിച്ചു. പിന്നീട് നാലു തവണ (1999, 2004, 2009, 2014) റായ്ഗഢിൽനിന്ന് ലോക്സഭാംഗമായി. 2003ലും 2008ലും പതൽഗാവോനിൽ നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2019ൽ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ടിക്കറ്റ് നിഷേധിച്ച സംസ്ഥാനത്തെ 10 സിറ്റിങ് എം.പിമാരിൽ ഒരാളായിരുന്നു സായി. 2006 മുതൽ 2010 വരെയും 2014ൽ ജനുവരി മുതൽ ആഗസ്റ്റ് വരെയും സംസ്ഥാന ബി.ജെ.പി അധ്യക്ഷനായി. 2020ൽ വീണ്ടും പാർട്ടി പ്രസിഡന്റായി. 2022ൽ അരുൺ സാഹുവിനെ സംസ്ഥാന അധ്യക്ഷനാക്കുന്നതുവരെ ഈ പദവിയിൽ തുടർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.