വിഷ്ണുദേവ് സായി: പയറ്റിത്തെളിഞ്ഞ നേതാവ്
text_fieldsറായ്പുർ: ഛത്തിസ്ഗഢിൽ ബി.ജെ.പിയുടെ ആദിവാസി നേതാക്കളിൽ പ്രമുഖനാണ് സംസ്ഥാന മുഖ്യമന്ത്രിയായി പാർട്ടി നിയോഗിച്ച വിഷ്ണുദേവ് സായി. എം.എൽ.എ, എം.പി സ്ഥാനം വഹിച്ച ഇദ്ദേഹം സംസ്ഥാന ബി.ജെ.പി അധ്യക്ഷനുമായിരുന്നു. സംഘാടന മികവിലൂടെ കേന്ദ്ര നേതൃത്വത്തിന്റെ വിശ്വാസം നേടിയെടുക്കാനായതാണ് ഇദ്ദേഹത്തിന് ഉയർന്ന പദവികളിലേക്ക് വഴിതുറന്നത്. 2014ൽ നരേന്ദ്ര മോദി സർക്കാറിൽ ആദ്യമായി മന്ത്രിയായി. ഉരുക്ക്-ഖനി വകുപ്പിന്റെ സഹ ചുമതലയാണ് നൽകിയത്.
ആദിവാസി മേഖലകളിലുണ്ടായ കനത്ത തിരിച്ചടിയാണ് 2018ൽ ഛത്തിസ്ഗഢിൽ ബി.ജെ.പിക്ക് അധികാരം നഷ്ടപ്പെടാൻ ഇടയാക്കിയത്. സംസ്ഥാനത്തെ ജനസംഖ്യയിൽ 32 ശതമാനം ആദിവാസികളാണ്. അതുകൊണ്ടു തന്നെ ഇത്തവണ ബി.ജെ.പിയുടേത് കൃത്യമായ ആസൂത്രണമായിരുന്നു. അത് ഫലം കണ്ടു. പട്ടികവർഗ വിഭാഗങ്ങൾക്ക് സംവരണം ചെയ്ത 29 സീറ്റുകളിൽ 17 ബി.ജെ.പി നേടി. ആദിവാസികൾക്ക് മേധാവിത്വമുള്ള സർഗുജ മേഖലയിൽ 14 സീറ്റും ബസ്തറിൽ 12 മണ്ഡലങ്ങളിൽ എട്ടും ബി.ജെ.പിക്കായിരുന്നു. ഈ രണ്ടു മേഖലകളിലെയും മികച്ച വിജയമാണ് പാർട്ടിയെ അധികാരത്തിൽ എത്തിച്ചത്.
ബി.ജെ.പി അധികാരത്തിൽ വന്നാൽ വിഷ്ണുദേവിന് പ്രധാന സ്ഥാനം നൽകുമെന്ന് അഭ്യന്തര മന്ത്രി അമിത് ഷാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സൂചിപ്പിച്ചിരുന്നു. ജഷ്പുർ ജില്ലയിലെ കുൻകുരി മണ്ഡലത്തിൽ നിന്നാണ് 59കാരനായ ഇദ്ദേഹം കോൺഗ്രസിന്റെ സിറ്റിങ് എം.എൽ.എ യു.ഡി. മിഞ്ചിനെ 25,541 വോട്ടിന് പരാജയപ്പെടുത്തിയത്.
ഗ്രാമ സർപഞ്ചായാണ് സായി രാഷ്ട്രീയ ജീവിതം തുടങ്ങിയത്. എന്നാൽ, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളിൽ പലരും രാഷ്ട്രീയക്കളരിയിൽ പയറ്റിത്തെളിഞ്ഞവരാണ്. അതുകൊണ്ടു തന്നെ രക്തത്തിൽ തന്നെ രാഷ്ട്രീയമുണ്ട്. ആദിവാസികൾക്ക് മേധാവിത്വമുള്ള ജഷ്പുർ ജില്ലയിലെ ബഗിയ ഗ്രാമത്തിലെ കർഷക കുടുംബത്തിലാണ് ജനനം. മുത്തച്ഛൻ ബുധ്നാഥ് സായി 1947 മുതൽ 1952 വരെ എം.എൽ.എയായിരുന്നു. പിതാവിന്റെ സഹോദരൻ നർഹരി പ്രസാദ് സായിയാകട്ടെ, ജനസംഘം നേതാവും രണ്ടുവട്ടം എം.എൽ.എയും ഒരു തവണ എം.പിയുമായിരുന്നു. ജനത പാർട്ടി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വന്നപ്പോൾ ഇദ്ദേഹം സഹമന്ത്രിയുമായി. പിതാവിന്റെ മറ്റൊരു സഹോദരൻ കേദാർനാഥ് സായി ജനസംഘം നേതാവും എം.എൽ.എയുമായിരുന്നു.
ബി.ജെ.പി നേതാവ് പരേതനായ ദിലീപ് സിങ് ജുദേവാണ് സായിയെ 1990ൽ തെരഞ്ഞെടുപ്പിൽ ഇറങ്ങാൻ പ്രേരിപ്പിച്ചത്. ആ വർഷം ആദ്യമായി എം.എൽ.എയായി. 1993ലും ഇതേ സീറ്റിൽ ജയിച്ചു. 1998ൽ പതൽഗാവോൻ മണ്ഡലത്തിൽ മത്സരിച്ചെങ്കിലും ജയിക്കാനായില്ല. പിന്നീട് നാലു തവണ (1999, 2004, 2009, 2014) റായ്ഗഢിൽനിന്ന് ലോക്സഭാംഗമായി. 2003ലും 2008ലും പതൽഗാവോനിൽ നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2019ൽ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ടിക്കറ്റ് നിഷേധിച്ച സംസ്ഥാനത്തെ 10 സിറ്റിങ് എം.പിമാരിൽ ഒരാളായിരുന്നു സായി. 2006 മുതൽ 2010 വരെയും 2014ൽ ജനുവരി മുതൽ ആഗസ്റ്റ് വരെയും സംസ്ഥാന ബി.ജെ.പി അധ്യക്ഷനായി. 2020ൽ വീണ്ടും പാർട്ടി പ്രസിഡന്റായി. 2022ൽ അരുൺ സാഹുവിനെ സംസ്ഥാന അധ്യക്ഷനാക്കുന്നതുവരെ ഈ പദവിയിൽ തുടർന്നു.
മോദിയുടെ ‘ഗാരന്റി’ നടപ്പാക്കും -വിഷ്ണുദേവ് സായി
റായ്പുർ: തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം ചെയ്ത ‘ഗാരന്റികൾ’ നടപ്പാക്കുമെന്ന് നിയുക്ത ഛത്തിസ്ഗഢ് മുഖ്യമന്ത്രി വിഷ്ണുദേവ് സായി. പ്രധാനമന്ത്രി ആവാസ് യോജനപ്രകാരം 18 ലക്ഷം വീടുകൾക്ക് അനുമതി നൽകുന്നതിന് മുൻഗണനയുണ്ടാകും. ബി.ജെ.പി നിയമസഭ കക്ഷി നേതാവായി തിരഞ്ഞെടുത്തതിന് പിന്നാലെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്നിൽ വിശ്വാസമർപ്പിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി, മന്ത്രി അമിത് ഷാ, ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡ എന്നിവരോട് നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര നിരീക്ഷകരുടെ സാന്നിധ്യത്തിൽ ചേർന്ന നിയമസഭ കക്ഷി യോഗത്തിൽ മുൻ മുഖ്യമന്ത്രി രമൺ സിങ്ങാണ് വിഷ്ണുദേവ് സായിയുടെ പേര് നിർദേശിച്ചത്. പാർട്ടി സംസ്ഥാന പ്രസിഡന്റ് അരുൺ സാഹു പിന്താങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.