വിഷ്ണുദേവ് സായി ഛത്തിസ്ഗഢ് മുഖ്യമന്ത്രി
text_fieldsന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും ആദിവാസി നേതാവുമായ വിഷ്ണുദേവ് സായിയെ ഛത്തിസ്ഗഢ് മുഖ്യമന്ത്രിയായി ബി.ജെ.പി പ്രഖ്യാപിച്ചു. രാജസ്ഥാനിലും മധ്യപ്രദേശിലും മുഖ്യമന്ത്രിപദവിക്കായി പോര് തുടരുന്നതിനിടയിലാണ് താരതമ്യേന തർക്കംകുറഞ്ഞ ഛത്തിസ്ഗഢിലെ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. പാർട്ടി നിരീക്ഷകരായി റായ്പുരിലെത്തിയ കേന്ദ്രമന്ത്രിമാരായ അർജുൻ മുണ്ടെ, സർബാനന്ദ സൊനോവാൾ, ബി.ജെ.പി ജനറൽ സെക്രട്ടറി ദുഷ്യന്ത് കുമാർ ഗൗതം എന്നിവരുടെ സാന്നിധ്യത്തിൽ ഞായറാഴ്ച ചേർന്ന നിയുക്ത എം.എൽ.എമാരുടെ യോഗമാണ് വിഷ്ണുദേവിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. മൂന്നു തവണ ബി.ജെ.പി ഛത്തിസ്ഗഢ് സംസ്ഥാന അധ്യക്ഷ പദവി വഹിച്ച വിഷ്ണുദേവ് നാലു തവണ എം.പിയായിരുന്നു. ഒരേ സമയം ആർ.എസ്.എസുമായും മുൻ മുഖ്യമന്ത്രി രമൺ സിങ്ങുമായുമുള്ള അടുത്ത ബന്ധം വിഷ്ണുദേവിന് തുണയായി. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഛത്തിസ്ഗഢിലെ 11 ലോക്സഭ മണ്ഡലങ്ങളും പിടിച്ചെടുക്കാനുള്ള ബി.ജെ.പി അജണ്ടയുടെ ഭാഗമായാണ് മുഖ്യമന്ത്രിപദത്തിൽ ആദിവാസി നേതാവിനെ കൊണ്ടുവരുന്നത്.
അതേസമയം, വിഷ്ണുദേവ് സായിയെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ഗവർണർ ബിശ്വഭൂഷൺ ഹരിചന്ദൻ ക്ഷണിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗകര്യമനുസരിച്ച് ഈ മാസം 12നോ 13നോ സത്യപ്രതിജ്ഞ നടക്കുമെന്ന് പ്രമുഖ ബി.ജെ.പി നേതാവ് പറഞ്ഞു. നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുത്തതിനു പിന്നാലെ സർക്കാർ രൂപവത്കരിക്കാൻ അവകാശവാദം ഉന്നയിച്ച് വിഷ്ണുദേവ് സായിയുടെ നേതൃത്വത്തിൽ ഗവർണർക്ക് കത്ത് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.