അമിത്ഷാ ചർച്ച നടത്തി; വിശ്വജീത് പിൻവാങ്ങി
text_fieldsമുംബൈ: ഗോവയിൽ വിശ്വജീത് റാണെയും മുഖ്യമന്ത്രി പദത്തിനായി രംഗത്തിറങ്ങിയെങ്കിലും ഫലം കണ്ടില്ല. ശനിയാഴ്ച വൈകീട്ട് പ്രമോദ്, വിശ്വജീത് എന്നിവരെ ഡൽഹയിൽ ഒരുമിച്ചിരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചർച്ച നടത്തിയതോടെയാണ് വിശ്വജീത് പിൻവാങ്ങിയത്. നിയമസഭ കക്ഷി യോഗശേഷം പിന്തുണക്കുന്ന എം.എൽ.എമാർക്കൊപ്പം പ്രമോദ് സാവന്ത് ഗവർണർ ശ്രീധരൻ പിള്ളയെ കണ്ട് സർക്കാറുണ്ടാക്കാൻ അവകാശവാദമുന്നയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ ബുധനാഴ്ച ശ്യാമപ്രസാദ് മുഖർജി സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ നടക്കുമെന്നാണ് വിവരം. പ്രമോദ് സാവന്തിനൊപ്പം വിശ്വജീത് റാണെയും രണ്ട് സ്വതന്ത്രരും എം.ജി.പി നേതാവ് സുദിൻ ധാവലിക്കറും മന്ത്രിമാരായി സത്യപ്രതിജ്ഞ ചൊല്ലിയേക്കും.
മഹാരാഷ്ട്ര കൊലാപൂരിലുള്ള ആയുർവേദ സർവകലാശാലയിൽനിന്ന് വൈദ്യത്തിൽ ബിരുദവും പുണെയിലെ തിലക് മഹാരാഷ്ട്ര സർവകലാശാലയിൽനിന്ന് സാമൂഹിക സേവനത്തിൽ ബിരുദാനന്തര ബിരുദവുമെടുത്ത പ്രമോദ് സാവന്ത് 2008ലാണ് തെരഞ്ഞെടുപ്പിലിറങ്ങുന്നത്. അന്ന് പരാജിതനായ അദ്ദേഹം 2012ലും 2017ലും ജയിച്ചു. 2017ൽ പരീകർ മുഖ്യമന്ത്രിയായപ്പോൾ സ്പീക്കറായി. 2019ൽ പരീകറുടെ മരണത്തോടെയാണ് മുഖ്യമന്ത്രിയായത്. 40 മണ്ഡലങ്ങളിൽ 20 സീറ്റുകളാണ് ബി.ജെ.പി നേടിയത്. മൂന്ന് സ്വതന്ത്രരും രണ്ട് എം.ജി.പി എം.എൽ.എമാരും പിന്തുണ പ്രഖ്യാപിച്ചെങ്കിലും സർക്കാർ രൂപവത്കരണം വൈകുകയായിരുന്നു. കോൺഗ്രസ് സഖ്യത്തിന് 12 സീറ്റുകളാണ് കിട്ടിയത്. രണ്ട് സീറ്റ് നേടി ആപ്പും ഒരു സീറ്റ് നേടി ആർ.ജി.പിയും അക്കൗണ്ട് തുറന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.