കുലത്തൊഴിൽ തുടരാൻ ‘വിശ്വകർമ യോജന’
text_fieldsന്യൂഡൽഹി: കുലത്തൊഴിലുകാരായ മറ്റു പിന്നാക്ക ജാതിക്കാർക്കുള്ള (ഒ.ബി.സി) 13,000 കോടിയുടെ ‘പി.എം വിശ്വകർമ യോജന’ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭ സമിതി അംഗീകാരം നല്കി. പരമ്പരാഗത കൈത്തൊഴിലും കരകൗശല ജോലിയും തുടരുന്നവർക്ക് അതത് മേഖലകളിൽ നൈപുണ്യ വികസന പരിശീലനവും സംരംഭകത്വ വായ്പയും ലഭ്യമാക്കുന്നതാണ് പദ്ധതി. സ്വന്തം സംരംഭത്തിനായി ആദ്യഘട്ടത്തിൽ ഒരു ലക്ഷം രൂപയും രണ്ടാം ഘട്ടത്തിൽ രണ്ടുലക്ഷം രൂപയും അഞ്ചുശതമാനം പലിശ നിരക്കിൽ വായ്പയായി നൽകും. വിശ്വകർമ ജയന്തി ദിനമായ സെപ്റ്റംബർ 17ന് പദ്ധതിക്ക് തുടക്കംകുറിക്കും.
77ാം സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിലാണ് പ്രധാനമന്ത്രി പദ്ധതി പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തിൽ 18 കുലത്തൊഴിലുകാർക്കായിരിക്കും പങ്കാളിത്തം ലഭിക്കുകയെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വിശ്വകർമരുടേതിന് സമാനമായ പരമ്പരാഗത തൊഴിലിലേർപ്പെട്ട മുസ്ലിംകളിലെ പസ്മാന്ത വിഭാഗക്കാർക്ക് പദ്ധതിയിൽ പങ്കാളിത്തമുണ്ടാകുമോ എന്ന ചോദ്യത്തിന് കുലത്തൊഴിലുള്ള ഒ.ബി.സി വിഭാഗക്കാർക്ക് മതഭേദമില്ലാതെ അവസരം ലഭിക്കുമെന്ന് മന്ത്രി മറുപടി നൽകി. കേരളത്തിലെ വിശ്വകര്‍മ വിഭാഗങ്ങളായ കൊല്ലന്, ആശാരി, മൂശാരി, ശില്പി, തട്ടാന്‍ തുടങ്ങിയവർക്ക് പദ്ധതിയിൽ ചേരാം.
പരമ്പരാഗത കൈത്തൊഴിലിലും കരകൗശല വേലകളിലും ഗുരു-ശിഷ്യ പാരമ്പര്യവും കുടുംബ പാരമ്പര്യവുമുള്ളവരുടെ വൈദഗ്ധ്യം ശക്തിപ്പെടുത്തലും പരിപോഷിപ്പിക്കലുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. ‘പി.എം വിശ്വകർമ’യുടെ ആദ്യഘട്ടത്തില്‍ കേന്ദ്ര സർക്കാർ ഉൾപ്പെടുത്തിയ 18 കുലത്തൊഴിലുകൾ ഇവയാണ്. (1) ആശാരി (2) വള്ളം നിര്മാണക്കാർ (3) കവച നിര്മാണക്കാർ (4) കൊല്ലപ്പണിക്കാർ (5) പണിയായുധങ്ങളുണ്ടാക്കുന്നവർ (6) താഴ് നിര്മാണക്കാർ (7) സ്വര്‍ണപ്പണിക്കാർ (8) കുശവന്മാര് (9) ശില്പികൾ, കൊത്തുപണിക്കാര്‍, കല്ലുപൊട്ടിക്കുന്നവര്‍ (10) ചെരുപ്പുകുത്തികൾ /പാദരക്ഷ നിർമാണക്കാർ (11) കല്ലാശാരി (പടവുകാരും തേപ്പുകാരും) (12) കൊട്ട/പായ/ചൂല് നിര്മാണക്കാർ/കയര്‍ നെയ്ത്തുകാർ (13) പരമ്പരാഗത പാവ-കളിപ്പാട്ട നിര്മാണക്കാർ (14) ക്ഷുരകന്മാർ (15) മാല കോർക്കുന്നവർ (16) അലക്കുകാര്‍ (17) തയ്യല്‍ക്കാര്‍ (18) മത്സ്യബന്ധന വല നിര്‍മിക്കുന്നവർ.
30 ലക്ഷം പേർക്ക് പ്രയോജനപ്പെടുന്ന പദ്ധതിയിൽ ആദ്യവർഷം അഞ്ചുലക്ഷം പേർ ചേരുമെന്നാണ് കരുതുന്നതെന്നും ഒരു കുടുംബത്തിൽനിന്ന് ഒരാൾക്കാണ് അവസരമെന്നും മന്ത്രി തുടർന്നു. പരമ്പരാഗത കരകൗശല വിദ്യയിലും കൈത്തൊഴിലിലും വൈദഗ്ധ്യമുള്ളവർക്ക് പ്രധാനമന്ത്രിയുടെ വിശ്വകർമ സർട്ടിഫിക്കറ്റും തിരിച്ചറിയൽ കാർഡും നൽകും. ‘ബേസിക്, അഡ്വാൻസ്ഡ്’ എന്നിങ്ങനെ നൈപുണ്യ വികസന പരിപാടികളുമുണ്ടാകും. പരിശീലന വേളയിൽ 500 രൂപ പ്രതിദിനം സ്റ്റൈപ്പന്റ് ലഭിക്കും. പണിയുപകരണങ്ങൾക്കായി 15,000 രൂപയും നൽകും. ഉൽപന്നങ്ങൾക്ക് വിപണി പിടിക്കാൻ ബ്രാൻഡിങ്, കാമ്പയിൻ എന്നിവക്ക് സർക്കാർ പിന്തുണയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.