ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങൾ പുറത്ത് വിട്ട് ദിനകരൻ പക്ഷം
text_fieldsചെന്നൈ: ആർ.കെ. നഗർ ഉപതെരഞ്ഞെടുപ്പിന് ഒരു ദിവസം മുമ്പ് തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങൾ പുറത്ത് വിട്ട് ദിനകരൻ പക്ഷം. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ജയലളിത ഗ്ളാസിൽ നിന്നും എന്തോ ദ്രാവകം കുടിക്കുന്നതും ടി.വി കാണുന്നതുമാണ് വിഡിയോയിലുള്ളത്.
ആർ.കെ നഗർ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് രാഷ്ട്രീയ നേട്ടം ലക്ഷ്യം വെച്ചാണ് ആശുപത്രിയിലെ സ്വകാര്യ ദൃശ്യങ്ങൾ മാധ്യമപ്രവർത്തകർക്ക് നൽകിയത് എന്ന് വ്യക്തമാണ്. ടി.ടി.വി ദിനകരന്‍റെ അടുത്ത അനുയായി ആയി അറിയപ്പെടുന്ന പി.വെട്രിവേൽ ആണ് ദൃശ്യങ്ങൾ മാധ്യമപ്രവർത്തകർക്ക് നൽകിയത്.
എങ്ങനെയാണ് ഈ വിഡിയോ ചിത്രീകരിച്ചത് എന്ന് പലരും എന്നോട് ചോദിച്ചു. അമ്മയെ ഐ.സി.യുവിൽ നിന്നും മാറ്റിയതിന് ശേഷം ശശികല റെക്കോഡ് ചെയ്തതാണ് വിഡിയോ. ടി.ടി.വി ദിനകരനോടോ ശശികലയോടോ സമ്മതം ചോദിക്കാതെയാണ് ഞാൻ ഈ ദൃശ്യങ്ങൾ പുറത്തുവിടുന്നത്. ജയലളിതയുടെ മരണത്തെക്കുറിച്ചും ആശുപത്രിവാസത്തെക്കുറിച്ചും ഒ.പി.എസ്-ഇ.പി.എസ് പക്ഷം നിരവധി സംശയങ്ങൾ ഉയർത്തിയിരുന്നു. ഇത്തരം ഗൂഢാലോചനകൾക്ക് വിരാമമിടാൻ വേണ്ടിയാണ് ദൃശ്യങ്ങൾ പുറത്തുവിട്ടതെന്നും വെട്രിവേൽ പറഞ്ഞു.
ജയലളിതയുടെ മരണത്തിൽ ഏറെ ദുരൂഹത നിലനിന്ന പശ്ചത്തലത്തിൽ തമിഴ് നാട് സർക്കാർ ഇതേക്കുറിച്ച് അന്വേഷിക്കാൻ ജുഡിഷ്യൽ കമീഷനെ നിയോഗിച്ചിരുന്നു. അപ്പോളോ ആശുപത്രിയിൽ ജയലളിത ടി.വി കാണുന്ന ദൃശ്യങ്ങൾ ശശികല ചിത്രീകരിച്ചിരുന്നതായി ടി.ടി.വി ദിനകരൻ നേരത്തേ അവകാശപ്പെട്ടിരുന്നു. എന്നാൽ നിശാവസ്ത്രം ധരിച്ച ദൃശ്യങ്ങൾ ജയലളിതയുടെ മാന്യതയെ കരുതി തങ്ങൾ പുറത്തുവിടുന്നില്ല എന്നാണ് പറഞ്ഞിരുന്നത്. ജുഡീഷ്യൽ അന്വേഷണത്തിന് വേണ്ടിയല്ലാതെ ഇത് ഉപയോഗിക്കരുതെന്ന് ശശികല നിഷ്ർഷിച്ചിരുന്നതായും ടി.ടി.വി ദിനകരൻ നേരത്തേ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.