'നിരുപാധികം മാപ്പ് പറയുന്നു'; അപകീർത്തി കേസിൽ കോടതിയോട് മാപ്പപേക്ഷിച്ച് കശ്മീർ ഫയൽസ് സംവിധായകൻ
text_fieldsന്യൂഡൽഹി: ജഡ്ജിക്കെതിരെ അപകീർത്തി പരാമർശം നടത്തിയ കേസിൽ കോടതിയിൽ നിരുപാധികം മാപ്പപേക്ഷിച്ച് വിവാദ സിനിമയായ കശ്മീർ ഫയൽസിന്‍റെ സംവിധായകൻ വിവേക് അഗ്നിഹോത്രി. ജസ്റ്റിസ് എസ്. മുരളീധറിനെതിരെ 2018ൽ നടത്തിയ പരാമർശത്തിൽ അന്ന് കോടതി സ്വമേധയാ കേസെടുത്തിരുന്നു. ഭീമ കൊറേഗാവ് പ്രതിയും ആക്ടിവിസ്റ്റുമായ ഗൗതം നവലഖയുടെ റിമാൻഡ് സ്റ്റേ ചെയ്ത സംഭവത്തിലായിരുന്നു സംഘ്പരിവാർ അനുഭാവിയായ അഗ്നിഹോത്രിയുടെ കേസിനാസ്പദമായ പരാമർശം.
ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് ഗൗതം നവലഖയുടെ റിമാൻഡും വീട്ടുതടങ്കലും 2018ൽ ഡൽഹി ഹൈകോടതി സ്റ്റേ ചെയ്തിരുന്നു. ജസ്റ്റിസ് എസ്. മുരളീധർ, ജസ്റ്റിസ് വിനോദ് ഗോയൽ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. എന്നാൽ, ജസ്റ്റിസ് എസ്. മുരളീധർ മുൻവിധിയോടെയാണ് നവലഖക്ക് അനുകൂലമായി വിധിച്ചതെന്ന ആരോപണവുമായി അഗ്നിഹോത്രിയും ആർ.ബി.ഐ മുൻ ഡയറക്ടർ എസ്. ഗുരുമൂർത്തിയും ട്വിറ്ററിൽ രംഗത്തെത്തിയിരുന്നു. ഇതിലാണ് കോടതി സ്വമേധയാ കേസെടുത്തത്.
ജഡ്ജിക്കെതിരായ തന്‍റെ ട്വീറ്റുകൾ ഡിലീറ്റ് ചെയ്തിട്ടുണ്ടെന്നും നിരുപാധികം മാപ്പ് പറയുകയാണെന്നും അഗ്നിഹോത്രി കോടതിയിൽ സത്യവാങ്മൂലം നൽകി. എന്നാൽ, ട്വീറ്റ് ഡിലീറ്റ് ചെയ്തത് അഗ്നിഹോത്രി അല്ലെന്നും ട്വിറ്റർ തന്നെ ഡിലീറ്റ് ചെയ്തതാണെന്നും അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി.
കേസ് അടുത്ത മാർച്ച് 16ന് വീണ്ടും പരിഗണിക്കുമെന്നും അന്ന് ഹാജരാകണമെന്നും കോടതി അഗ്നിഹോത്രിക്ക് നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.