വിഴിഞ്ഞം സമരക്കാർക്കെതിരെ മന്ത്രി അഹമ്മദ് ദേവർകോവിൽ
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ടെർമിനലിൽ സമരം ചെയ്യുന്നവർ ആ മേഖലയിലുള്ളവരല്ലെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ. "സർക്കാർ ആരുമായും ചർച്ചയ്ക്ക് തയ്യാറാണ്. സമരം ചെയ്യുന്നവർ ആ മേഖലയിലുള്ളവരല്ല. തുറമുഖ ടെർമിനൽ നിർമ്മാണത്തിൽ ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസത്തിനായി നിരവധി സംരംഭങ്ങൾ സർക്കാർ ഏറ്റെടുത്തിട്ടുണ്ട്' -അദ്ദേഹം പറഞ്ഞു.
മന്ത്രിയുടെ പരാമർശത്തിനെതിരെ തിരുവനന്തപുരം ലത്തീൻ അതിരൂപത രംഗത്തുവന്നു. മത്സ്യത്തൊഴിലാളി സമൂഹം തങ്ങളുടെ നിലനിൽപ്പിനായി നടത്തുന്ന സമരത്തിനെതിരെ നടത്തിയ വിമർശനം പിൻവലിക്കണമെന്ന് അതിരൂപത ആവശ്യപ്പെട്ടു.
മന്ത്രിക്കും സർക്കാരിനും വിഷയത്തിന്റെ ഗൗരവം അറിയില്ലെന്നും പൊഴിയൂർ മുതൽ വർക്കല വരെയുള്ള മത്സ്യത്തൊഴിലാളി സമൂഹം വിഴിഞ്ഞത്ത് സമരത്തിന് എത്തുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും സമര സമിതി ജനറൽ കൺവീനർ യൂജിൻ എച് പെരേര പറഞ്ഞു.
അതേസമയം തുറമുഖ ടെർമിനൽ നിർമ്മാണ മേഖലയിലെ പ്രതിസന്ധി അവസാനിപ്പിക്കാൻ ചേർന്ന മന്ത്രിസഭ ഉപസമിതി മത്സ്യത്തൊഴിലാളി സമൂഹത്തിന് പാർപ്പിട സമുച്ചയം നിർമ്മിക്കുന്നതിന് 17.5 ഏക്കർ ഫിഷറീസ് വകുപ്പിന് കൈമാറാൻ തീരുമാനിച്ചു. മുട്ടത്തറയിൽ മൃഗസംരക്ഷണ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഈ ഭൂമി എത്രയും വേഗം ഫിഷറീസ് വകുപ്പിന് കൈമാറും.
തീരദേശത്തെ മണ്ണിടിച്ചിലിൽ വീട് നഷ്ടപെട്ടവർക്കുള്ളതാണ് ഈ ഭവന സമുച്ചയം. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിൽ സംസ്ഥാന സർക്കാരിന് സ്വന്തം നിലയിൽ തീരുമാനമെടുക്കാനാവില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. വിഴിഞ്ഞത്ത് കണ്ടെയ്നർ ഷിപ്പ് ടെർമിനൽ നിർമ്മിക്കുന്നതിന് ദേശീയ ഹരിത ട്രൈബ്യുണലും സുപ്രീം കോടതിയും കേന്ദ്രവും അനുമതി നൽകിയിട്ടുണ്ടെന്നും അതിനാൽ തുറമുഖ നിർമ്മാണത്തിൽ സംസ്ഥാനത്തിന് തീരുമാനമെടുക്കാനാവില്ലെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം ആന്റണി രാജു പറഞ്ഞു.
ഇക്കാര്യം ലത്തീൻ അതിരൂപതയെ അറിയിച്ചിട്ടുണ്ടെന്നും കേന്ദ്രത്തിന്റെയും ദേശീയ ഹരിത ട്രൈബ്യുണലിന്റെയും സമ്മതമില്ലാതെ നിർമ്മാണം നിർത്തിവെക്കാൻ സംസ്ഥാന സർക്കാരിന് കമ്പനിയോട് ആവശ്യപ്പെടാനാകില്ലെന്ന കാര്യം അവർക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.