രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരുമെന്ന സൂചന നൽകി ശശികല; എ.ഐ.എ.ഡി.എം.കെയെ ശക്തിപ്പെടുത്തും
text_fieldsചെന്നൈ: രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരുമെന്ന സൂചന നൽകി പുറത്താക്കപ്പെട്ട എ.ഐ.എ.ഡി.എം.കെ നേതാവ് വി.കെ. ശശികല. അണികളിലൊരാളുമായി ശശികല ഫോണിൽ സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്. ജയലളിതയുടെ അടുത്ത അനുയായി ആയിരുന്ന ശശികല നേരത്തെ രാഷ്ട്രീയം വിടുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു.
ഉറപ്പായും പാർട്ടിയിലേക്ക് തിരിച്ചു വരുമെന്നും എ.ഐ.എ.ഡി.എം.കെയെ ശക്തമാക്കുമെന്നും ശശികല ഫോണിലൂടെ പറയുന്നുണ്ട്. കോവിഡ് സാഹചര്യം അവസാനിച്ചാലുടൻ തിരിച്ചു വരും. ശശികലയുടെ ശബ്ദ സന്ദേശം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ എ.ഐ.എ.ഡി.എം.കെ കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് ശശികല തിരിച്ചെത്തുന്നതായ വാർത്തകൾ. പ്രചരിക്കുന്ന ശബ്‌ദ സന്ദേശം ശശികലയുടേത് തന്നെയാണെന്ന് മരുമകൻ ടി.ടി.വി. ദിനകരന്റെ സഹായി ജനാർദ്ദനൻ സ്ഥിരീകരിച്ചു.
തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴി ആയിരുന്ന വി.കെ. ശശികല ജയലളിതയുടെ മരണത്തിന് ശേഷമാണ് എ.ഐ.എ.ഡി.എം.കെ ജനറൽ സെക്രട്ടറി ആയത്. എന്നാൽ, പിന്നീട് പാർട്ടിയിൽ നിന്ന് ഇവരെ പുറത്താക്കിയിരുന്നു. ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ശശികലയിലേക്കും നീങ്ങിയിരുന്നു.
2017ൽ അനധികൃത സ്വത്ത് സമ്പാദന കേസിൽ അറസ്റ്റിലായി നാല് വർഷം ജയിലിൽ കഴിഞ്ഞു. ജനുവരിയിൽ ജയിൽ മോചിതയായ ഇവർ നിയമസഭാ തെരഞ്ഞെടുപ്പിൽ ശക്തമായി രംഗത്ത് എത്തുമെന്ന് ആയിരുന്നു കരുതിയിരുന്നത്. എന്നാൽ രാഷ്ട്രീയം വിടുകയാണെന്ന പ്രസ്താവനയാണ് അന്ന് നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.