ഖലിസ്ഥാനി പരാമർശം; പ്രചരിക്കുന്ന വിഡിയോ വ്യാജമെന്ന ആരോപണവുമായി സുവേന്ദു അധികാരി
text_fieldsകൊൽക്കത്ത: ഖലിസ്ഥാനി പരാമർശം വിവാദമായതോടെ പ്രചരിക്കുന്ന വിഡിയോ വ്യാജമെന്ന ആരോപണവുമായി ബി.ജെ.പി നേതാവും പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി. "ആ ഉദ്യോഗസ്ഥന്‍റെ മുന്നിൽ ഞാൻ എന്തെങ്കിലും സംസാരിച്ചതായി തെളിയിക്കാൻ കഴിയുമെങ്കിൽ എന്തും ചെയ്യാൻ തയാറാണ്. ചിത്രവും ശബ്ദവും വ്യാജമായി നിർമിച്ചതാണ്. എന്‍റെ പാർട്ടിക്കും എനിക്കും അതുമായി ബന്ധമില്ല" -അദ്ദേഹം പറഞ്ഞു.
പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ സന്ദേശ്ഖാലിയിലെ പ്രശ്‌നബാധിത പ്രദേശങ്ങളിൽ പ്രവേശിക്കുന്നതിൽനിന്ന് ബി.ജെ.പി പ്രവർത്തകരെ തടഞ്ഞതിനാണ് ഐ.പി.എസ് ഉദ്യോഗസ്ഥൻ ജസ്പ്രീത് സിങ്ങിനെ സുവേന്ദു അധികാരി ഖലിസ്ഥാനിയെന്ന് വിളിച്ചത്. ഇതിന്‍റെ വിഡിയോ പശ്ചിമ ബംഗാൾ പൊലീസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
ഒരു വ്യക്തിയുടെ മതപരമായ സ്വത്വത്തിനും വിശ്വാസങ്ങൾക്കും നേരെയുള്ള ആക്രമണത്തെ അസന്നിഗ്ദ്ധമായി അപലപിക്കുന്നതായും പൊലീസ് അറിയിച്ചു. ഇന്ത്യയുടെ അഭിമാനമായ സിഖ് സമൂഹത്തിന് വേണ്ടി നിലകൊള്ളണമെന്നാണ് ടി.എം.സി എം.പി മഹുവ മൊയ്ത്ര സമൂഹമാധ്യമത്തിൽ കുറിച്ചത്.
സുവേന്ദു അധികാരിയുടെ പരാമർശത്തെ മുഖ്യമന്ത്രി മമത ബാനർജിയും രൂക്ഷമായ ഭാഷയിൽ അപലപിച്ചു. സിഖ് സഹോദരരെ താറടിച്ചു കാണിക്കാൻ അനുവദിക്കില്ലെന്ന് മമത പറഞ്ഞു. സംഭവത്തിൽ ജസ്പ്രീത് സിങ്ങിനൊപ്പമാണെന്നും ബി.ജെ.പി വിഷം പരത്തുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്മാൻ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവരും വിമർശനവുമായി രംഗത്തെത്തി.
ബി.ജെ.പി നേതാവിന്‍റെ ഖാലിസ്ഥാനി പരാമർശത്തിൽ വിമർശനവുമായി നിരവധി സിഖുകാരാണ് രംഗത്തുവന്നത്. തലപ്പാവ് ധരിച്ചതുകൊണ്ട് മാത്രം ഖാലിസ്ഥാനിയാക്കപ്പെടുന്നുവെന്നും ഇന്ത്യയിലെ ഒരു ന്യൂന പക്ഷവും സുരക്ഷിതരല്ലെന്നും കൊൽക്കത്തയിലെ മുരളീധർ സെൻ ലെയ്നിലുള്ള ബി.ജെ.പി ആസ്ഥാനത്തിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തിയ സിഖ് ജനത പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.