എല്ലാവർക്കും നമസ്കാരം, സമയം മൂന്ന് മുപ്പത്
text_fieldsചെന്നൈ: ലോകമെമ്പാടുമുള്ള മലയാളികളുടെ ഗൃഹാതുര സ്മരണയിൽ നിറഞ്ഞുനിന്ന റേഡിയോ അവതാരകയായിരുന്നു തിങ്കളാഴ്ച കോയമ്പത്തൂരിൽ അന്തരിച്ച സരോജനി ശിവലിംഗം. സായാഹ്നങ്ങളിൽ സിലോൺ റേഡിയോയിലൂടെ മലയാളം പരിപാടികളുടെ അവതാരകയായിരുന്ന സരോജിനി ശിവലിംഗത്തിന്റെ മാധുര്യമേറിയ ശബ്ദം കേൾക്കാൻ ശ്രോതാക്കൾ കാത്തിരുന്നകാലം.
‘ഇളൈങ്ക ഒളിപരപ്പ് കൂട്ടുതാപനം, ആസിയ സേവൈ...നേരം മൂൺറ് മുപ്പത്’ എന്ന തമിഴ് അനൗൺസ്മെന്റിന് പിന്നാലെ ‘ശ്രോതാക്കൾ എല്ലാവർക്കും നമസ്കാരം, സമയം മൂന്ന് മുപ്പത്’.... എന്നു തുടങ്ങുന്ന മലയാള പരിപാടികളുടെ അവതരണം പഴമക്കാരുടെ ഓർമകളിൽ ഇപ്പോഴും തങ്ങിനിൽക്കുന്നു.
ഹിറ്റ് ചലച്ചിത്രഗാനങ്ങൾ കേൾക്കാൻ ഉച്ചക്കുശേഷം മൂന്നരക്ക് റേഡിയോ ട്യൂൺ ചെയ്ത് കാത്തിരുന്നത് ലോകമെമ്പാടുമുള്ള പതിനായിരക്കണക്കിന് മലയാളികളായിരുന്നു.
മദ്രാസ് ക്രിസ്ത്യൻ കോളജിൽ ബി.എക്ക് പഠിക്കുമ്പോഴാണ് ശ്രീലങ്കൻ തമിഴ് വംശജനായ ആർ.ആർ. ശിവലിംഗത്തെ പരിചയപ്പെട്ടത്. സിലോണിൽനിന്ന് സ്കോളർഷിപ് നേടി ചെന്നൈയിൽ പഠിക്കാനെത്തിയതായിരുന്നു ഇദ്ദേഹം.
സൗഹൃദം പിന്നീട് പ്രണയമായി മാറി. വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ചാണ് ആർ.ആർ. ശിവലിംഗത്തെ വിവാഹം കഴിച്ചത്. ശ്രീലങ്കയിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ പ്രിൻസിപ്പലായാണ് ശിവലിംഗം ജോലി ചെയ്തിരുന്നത്. പിന്നീട് അദ്ദേഹം അഭിഭാഷക ജോലിയിലേക്ക് തിരിഞ്ഞു.
സിലോൺ ബ്രോഡ്കാസ്റ്റിങ് കോർപറേഷന്റെ കീഴിലുള്ള സിലോൺ റേഡിയോയിലെ ജോലിക്കായി അപേക്ഷിച്ചയുടനെ ശബ്ദപരിശോധനക്ക് ക്ഷണമെത്തുകയും പിന്നീട് മലയാളം അവതാരകയായി നിയമനം ലഭിക്കുകയുമായിരുന്നു. 1971 ഡിസംബറിലാണ് ജോലിയിൽ പ്രവേശിച്ചത്.
മലയാളം പരിപാടികൾ അക്കാലത്ത് ദിവസവും അരമണിക്കൂർ തൽസമയ പ്രക്ഷേപണമായിരുന്നു. തൃശൂർ കാക്കശേരി സ്വദേശിയായ എൻ. കരുണാകരനൊപ്പമാണ് പരിപാടികൾ അവതരിപ്പിച്ചത്. ഇടക്കാലത്ത് ഇംഗ്ലീഷ് അനൗൺസറായി തെരഞ്ഞെടുക്കപ്പെട്ടുവെങ്കിലും മലയാള വിഭാഗത്തിൽ തുടരാനായിരുന്നു തീരുമാനം. രാഗസംഗമം, മാരിവില്ല്, ശബ്ദലഹരി, വനിതാരംഗം തുടങ്ങിയവയായിരുന്നു മുഖ്യ പരിപാടികൾ.
ശ്രീലങ്കയിൽ പൊട്ടിപ്പുറപ്പെട്ട തമിഴ്- സിംഹള വംശീയ യുദ്ധം ശക്തിപ്പെട്ടതിനെ തുടർന്ന് 1983 ജൂലൈ 25നാണ് സരോജിനി നാട്ടിലേക്ക് മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.