ബാങ്ക് വിളിമൂലം ജോലി മുടങ്ങുന്നുവെന്ന് യു.പി മന്ത്രി; പള്ളികളിലെ ഉച്ചഭാഷിണിക്കെതിരെ കോടതിയെ സമീപിച്ചു
text_fieldsലഖ്നോ: സമീപത്തെ പള്ളിയിൽനിന്ന് അഞ്ചുനേരം ബാങ്കുവിളിക്കുന്നത് യോഗ, ധ്യാനം, പൂജ, സർക്കാർ ചുമതലകൾ നിർവഹിക്കൽ എന്നിവക്ക് തടസ്സം സൃഷ്ടിക്കുന്നതായി യു.പി മന്ത്രി. പള്ളികളിലെ ഉച്ചഭാഷിണിയുടെ ശബ്ദം കുറക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യു.പി ഗ്രാമവികസന, പാർലമെന്ററി കാര്യ മന്ത്രി ആനന്ദ് സ്വരൂപ് ശുക്ലയാണ് ചൊവ്വാഴ്ച ബല്ലിയ ജില്ലാ മജിസ്‌ട്രേറ്റിന് പരാതി നൽകിയത്.
"ദിവസം അഞ്ച് തവണയാണ് നമസ്കാരത്തിനുള്ള ബാങ്ക് വിളിക്കുന്നത്. ഇത് യോഗ, ധ്യാനം, പൂജ, സർക്കാർ ചുമതലകൾ നിർവഹിക്കൽ എന്നിവ നിർവഹിക്കാൻ എനിക്ക് തടസ്സം സൃഷ്ടിക്കുന്നു'' തന്‍റെ മണ്ഡലത്തിലെ കജിപുര മദീന മസ്ജിദിന്‍റെ പേര് പരാമർശിച്ച് എഴുതിയ പരാതിയിൽ ശുക്ല പറഞ്ഞു. പള്ളിക്ക് സമീപം നിരവധി സ്കൂളുകൾ ഉണ്ടെന്നും അവരുടെ പഠനത്തിനും ബാങ്ക് വിളി തടസ്സമാകുന്നുണ്ടെന്നും ശുക്ല പറഞ്ഞു.
"ഉച്ചഭാഷിണികളിലൂടെയാണ് മതകാര്യങ്ങൾ അറിയിക്കുന്നത്. പള്ളി നിർമ്മാണത്തിന് സംഭാവന നൽകുന്നത് സംബന്ധിച്ചും ഉയർന്ന ശബ്ദത്തിൽ പറയുന്നു. ഇത് വിദ്യാർത്ഥികൾക്കും മുതിർന്ന പൗരന്മാർക്കും രോഗികൾക്കും പ്രയാസമുണ്ടാക്കും. സാധാരണക്കാർ കടുത്ത ശബ്ദ മലിനീകരണം നേരിടുന്നു" മന്ത്രി പറഞ്ഞു.
അലഹബാദ് ഹൈക്കോടതി ഉത്തരവ് അനുസരിച്ച് പള്ളികളിലെ ഉച്ചഭാഷിണികളുടെ ശബ്ദ പരിധി നിശ്ചയിക്കണം. അനാവശ്യമായ ഉച്ചഭാഷിണികൾ നീക്കം ചെയ്യണം -മന്ത്രി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം അലഹബാദ് യൂനിവേഴ്‌സിറ്റി വൈസ് ചാൻസലർ സംഗീത ശ്രീവാസ്തവയും സമാനമായ പരാതി നൽകിയിരുന്നു. അതിരാവിലെ ഉച്ചഭാഷിണിയിൽ ബാങ്ക് വിളിക്കുന്നതിനാൽ ഉറക്കം ശരിയാകുന്നില്ലെന്നും ഇത് ദിവസം മുഴുവൻ തലവേദനക്ക് കാരണമാകുന്നുവെന്നുമായിരുന്നു സംഗീതയുടെ പരാതി. ഉറക്കമില്ലാത്തത് തന്‍റെ ജോലിയെ ബാധിക്കുന്നുണ്ടെന്നും ബാങ്ക് വിളി ശബ്ദം ക്രമീകരിക്കണമെന്നും സംഗീത ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.