വോറ, നിശ്ശബ്ദനായ കാരണവർ
text_fieldsകോൺഗ്രസിെൻറ നേതൃയോഗങ്ങളിലേക്ക് എത്തുന്ന സോണിയ ഗാന്ധിക്കും മക്കൾക്കും പിന്നിൽ നിത്യം കാണുന്ന കറുത്ത ജാക്കറ്റിനുള്ളിലെ തൂവെള്ള ഖദറായിരുന്നു മോത്തിലാൽ വോറ. ഇരുകൈകളും പിന്നിൽ ചേർത്തു പിടിച്ച് മുന്നോട്ടാഞ്ഞ്, കൂനിക്കൂനി നടന്ന അതികായൻ. ആ ഖദർ കോൺഗ്രസുകാർക്ക് വിശ്വാസത്തിെൻറ അടയാളമായിരുന്നു.
കോൺഗ്രസിെൻറ രഹസ്യവും പരസ്യവും, പണപ്പെട്ടിയും താക്കോലും, എല്ലാം വോറയുടെ കൈകളിൽ ഭദ്രമായിരുന്നു. നെഹൃകുടുംബവും മറ്റു നേതാക്കളും ഒരുപോലെ കണ്ണടച്ചു വിശ്വസിച്ച നേതാവ്. പാർട്ടിയുടെ പണവും കണക്കും സൂക്ഷിക്കുന്ന ട്രഷററായി നീണ്ട 16 വർഷം ജീവിച്ച മറ്റൊരു കോൺഗ്രസ് നേതാവില്ല. 90 കഴിഞ്ഞേപ്പാൾ, പ്രായാധിക്യം ഒന്നുകൊണ്ടു മാത്രമാണ് വോറക്ക് പകരക്കാരനുണ്ടായത്.
ഏതാനും പതിറ്റാണ്ടുകളിൽ മോത്തിലാൽ വോറ പ്രസംഗിക്കുന്നതു കണ്ടവർ ചുരുങ്ങും. പ്രവൃത്തിയിലായിരുന്നു ബദ്ധശ്രദ്ധ. നെഹ്റുകുടുംബത്തിെൻറ ആഗ്രഹവും നിർദേശവും ശിരസ്സാ വഹിച്ച ജീവിതം. മധ്യപ്രദേശിൽനിന്ന് ഡൽഹിയിലേക്ക് ചേക്കേറിയ ശേഷമുള്ള വോറയുടെ രീതി അതായിരുന്നു.10 ജൻപഥിൽനിന്നുള്ള നിർദേശങ്ങൾ അണുവിട വ്യത്യാസമില്ലാതെ നടപ്പാക്കുക എന്നതിൽ കവിഞ്ഞ് ഒരു കോൺഗ്രസുകാരന് കുടുതലൊന്നും ചെയ്യാനില്ലെന്ന മട്ടിലായിരുന്നു ആ അർപ്പണം.
റായ്പൂരിലെ ഒരു മണ്ണെണ്ണക്കട ജോലിക്കാരനായി തുടങ്ങി പിന്നെ, പത്രപ്രവർത്തകനായി, രാഷ്ട്രീയ പ്രവർത്തനത്തിലേക്ക്. ഏൽപിച്ച ഏതു ജോലിയും ഉത്തരവാദിത്തത്തോടെ നിർവഹിക്കുന്ന പാർട്ടി പ്രവർത്തകെൻറ അർപ്പണത്തിനുള്ള അംഗീകാരമായിരുന്നു മധ്യപ്രദേശ് മുഖ്യമന്ത്രി സ്ഥാനവും യു.പി ഗവർണർ സ്ഥാനവുമെല്ലാം.
കേന്ദ്രമന്ത്രിസഭയിൽ ആരോഗ്യ, വ്യോമയാന മന്ത്രിക്കസേരകളിൽ. പിന്നെ ദീർഘകാലം രാജ്യസഭയിൽ. ഒപ്പം പാർട്ടിയിൽ വിവിധ റോളുകളിൽ. പത്രപ്രവർത്തനത്തിലെ പഴയ പരിചയംകൊണ്ടാകാം വോറ നാഷനൽ ഹെറാൾഡിെൻറ ചുമതലക്കാരനായത്.
നാഷനൽ ഹെറാൾഡ്, അസോസിയേറ്റഡ് ജേണൽ ലിമിറ്റഡ്, യങ് ഇന്ത്യൻ എന്നിങ്ങനെ കോൺഗ്രസുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണ സ്ഥാപനങ്ങളുടെ പ്രധാന ഭാരവാഹികളിലൊരാളായി നെഹ്റുകുടുംബാംഗങ്ങൾ അദ്ദേഹത്തെ നിയമിച്ചത്, ഈ ആസ്തികളെ ചൊല്ലിയുള്ള വിവാദങ്ങൾക്കും കേസുകൾക്കുമിടയിൽ ഒന്നും കൈവിട്ടുപോകാതെ വിശ്വസിച്ച് ഏൽപിക്കാൻ ഏറ്റവും യോഗ്യനെന്നനിലയിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.