വോട്ടിരട്ടിപ്പ്: കമീഷൻ വാദം പൊളിച്ച് പ്രതിപക്ഷം
text_fieldsന്യൂഡൽഹി: വോട്ടർപട്ടികയിലെ വോട്ടിരട്ടിപ്പ് വിവാദത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ നൽകിയ ന്യായവാദം പൊളിച്ച് പ്രതിപക്ഷം. വോട്ടർപട്ടികയിൽ വ്യാജന്മാരെ ചേർക്കുന്ന തട്ടിപ്പ് മൂടിവെക്കാനുള്ള നീക്കമാണ് തെരഞ്ഞെടുപ്പ് കമീഷന്റെ വിശദീകരണത്തിലൂടെ പുറത്തായതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. ഒരേ തിരിച്ചറിയൽ നമ്പറിൽ നിരവധി വോട്ടർമാരെ വോട്ടർപട്ടികയിൽ ചേർത്തത് തൃണമൂൽ കോൺഗ്രസ് കണ്ടുപിടിച്ചതിന് പിന്നാലെയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ വിശദീകരണവുമായി വന്നത്. ഒരേ എപിക് നമ്പറിൽ നിരവധി വോട്ടർമാരെ ചേർത്തത് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുറത്തുകൊണ്ടുവന്നപ്പോൾ ഒരേ എപിക് നമ്പറിൽ പല വോട്ടർമാരുണ്ടാകാമെങ്കിലും അവ വ്യത്യസ്ത സംസ്ഥാനങ്ങളിലാണെന്നുമായിരുന്നു കമീഷന്റെ പ്രസ്താവന.
എന്നാൽ, വ്യത്യസ്ത വോട്ടർമാർക്ക് ഒരേ തിരിച്ചറിയൽ (എപിക്) നമ്പർ കൊടുക്കുന്നതുകൊണ്ട് പ്രശ്നമില്ലെന്ന കമീഷൻ വാദം പ്രതിപക്ഷം ചോദ്യംചെയ്തു. ഇന്ത്യയിലെ ഓരോ വോട്ടർക്കും എപിക് നമ്പർ എന്നെന്നേക്കുമുള്ളതായതിനാൽ ഒരാളുടെ നമ്പർ മറ്റൊരാൾക്ക് നൽകാത്ത തരത്തിലാണ് സോഫ്റ്റ്വെയറിൽ ക്രമീകരിച്ചതെന്ന് കമീഷൻ ചട്ടംതന്നെ പറയുന്നുണ്ടെന്നും ഓരോ വോട്ടർക്കും ‘എപിക്’ നൽകുന്ന പ്രക്രിയ തെരഞ്ഞെടുപ്പ് കൈപ്പുസ്തകത്തിലുണ്ടെന്നും പ്രതിപക്ഷം ഓർമിപ്പിച്ചു.
വോട്ടർപട്ടിക ക്രമക്കേടിൽ കമീഷന്റെ പങ്ക് വ്യക്തമാക്കുന്നതാണ് വിശദീകരണമെന്നും വ്യത്യസ്ത വാഹനങ്ങൾക്ക് ഒരേ രജിസ്ട്രേഷൻ നമ്പർ നൽകുന്നതുപോലെ വിചിത്രമാണ് വ്യത്യസ്ത വോട്ടർമാർക്ക് ഒരേ വോട്ടർ ഐ.ഡി നൽകുന്നതെന്നും തെരഞ്ഞെടുപ്പ് ക്രമക്കേട് പരിശോധിക്കുന്ന പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ആയിരക്കണക്കിന് വോട്ടർമാരെ പല മണ്ഡലങ്ങളിലും കൂട്ടിച്ചേർത്തതും ഒരേ കെട്ടിടത്തിൽനിന്ന് ആയിരക്കണക്കിന് വോട്ടർമാരെ ചേർത്തതും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടിയതിനെ ശരിവെക്കുന്നതാണിതെന്ന് സമിതി തുടർന്നു. ബി.ജെ.പിക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളിൽനിന്നുള്ള വോട്ടർമാരെ മറ്റു സംസ്ഥാനങ്ങളിലെ വോട്ടർപട്ടിയിൽ ചേർത്ത് ബി.ജെ.പിക്കെതിരെ വീഴാവുന്ന വോട്ടുകൾ തടയുകയാണ് ലക്ഷ്യമെന്ന് തൃണമൂൽ കോൺഗ്രസ് കുറ്റപ്പെടുത്തി. ഇത് തെരഞ്ഞെടുപ്പു കമീഷന് അബദ്ധത്തിൽ സംഭവിച്ചതല്ലെന്നും കൂട്ടിച്ചേർത്തു.
കമീഷൻ പറഞ്ഞത് കളവ് -കോൺഗ്രസ്
വ്യത്യസ്ത സംസ്ഥാനങ്ങളിലെ വ്യത്യസ്ത വോട്ടർമാർക്കാണ് ഒരേ തിരിച്ചറിയൽ നമ്പർ (എപിക്) നൽകിയതെന്ന് കമീഷൻ പറഞ്ഞത് കളവാണെന്ന് കോൺഗ്രസ് വ്യക്തമാക്കി. ഒരേ സംസ്ഥാനത്തും ഒരേ നിയമസഭാ മണ്ഡലത്തിലും ഒരേ എപിക് നമ്പറിൽ വ്യത്യസ്ത വോട്ടർമാരെ പട്ടികയിൽ ചേർത്തിട്ടുണ്ട് എന്ന കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ കമീഷൻ നിശ്ശബ്ദമായെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പു കമീഷനുമായി ചേർന്ന് വോട്ടർപട്ടികയിൽ കൃത്രിമം കാണിച്ച് ബി.ജെ.പി തെരഞ്ഞെടുപ്പ് ജയിക്കുന്നുണ്ടെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. ഇതുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പു കമീഷൻ നിയമനത്തിനായി സുപ്രീം കോടതി വിധി അട്ടിമറിച്ചതെന്നും കോൺഗ്രസിന്റെ ഉന്നതാധികാര സമിതി കുറ്റപ്പെടുത്തി. അജയ് മാക്കൻ, ദിഗ്വിജയ് സിങ്, അഭിഷേക് മനു സിങ്വി, പ്രവീൺ ചക്രവർത്തി, പവൻ ഖേര, ഗുർദീപ് സിങ് സപ്പൽ, നിയിൻ റാവത്ത്, വംശി ചന്ദ് റെഡ്ഢി എന്നിവരടങ്ങുന്നതാണ് സമിതി.
വിശദീകരണം തന്നെ തെറ്റ് -തൃണമൂൽ
വോട്ടിരട്ടിപ്പിൽ കമീഷൻ നൽകിയ വിശദീകരണം തന്നെ തെറ്റാണെന്ന് തൃണമൂൽ കോൺഗ്രസ് എം.പി സാകേത് ഗോഖലെ. ഒരേ അൽഫാ ന്യൂമെറിക് ശ്രേണിയിൽ വരുന്ന നമ്പറുകളിലാണ് വോട്ടിരട്ടിപ്പ് എന്ന വാദം തെറ്റാണ്. തിരിച്ചറിയൽ കാർഡിലെ എപിക് നമ്പർ മൂന്ന് അക്ഷരങ്ങളും ഏഴ് അക്കങ്ങളും അടങ്ങുന്നതാണ്. ഈ മൂന്ന് അക്ഷരങ്ങളും ഓരോ നിയമസഭാ മണ്ഡലങ്ങൾക്കും പ്രത്യേകമായി നൽകുന്നതാണ്. അതിനാൽ ഒരേ സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലങ്ങളിലെ വോട്ടർമാർക്ക് കിട്ടുന്ന എപിക് നമ്പറുകളിൽ ഈ മൂന്ന് അക്ഷരങ്ങൾ ഒരിക്കലും ഒന്നാകില്ല.
ഒരേ എപിക് നമ്പറിൽ വ്യത്യസ്ത സംസ്ഥാനങ്ങളിൽ രണ്ടാളുണ്ടാകാമെങ്കിലും അവർക്ക് അവരുടെ നിയമസഭാ മണ്ഡലങ്ങളിൽ മാത്രമേ വോട്ടു ചെയ്യാനാകൂ എന്നാണ് കമീഷന്റെ രണ്ടാമത്തെ ന്യായം. എന്നാൽ, ഫോട്ടോ പതിച്ച വോട്ടർപട്ടികയിൽ ഓരോ വോട്ടറുടെ ഫോട്ടോയും ലിങ്ക് ചെയ്തിരിക്കുന്നത് ഓരോ എപിക് നമ്പറുമായിട്ടാണ്. അപ്പോൾ രണ്ട് സംസ്ഥാനങ്ങളിലെ രണ്ട് വോട്ടർമാരുടെ ഫോട്ടോയിൽ ഒന്ന് മാത്രമേ ലിങ്ക് ചെയ്തിട്ടുണ്ടാകൂ. മറ്റേയാൾക്ക് വോട്ട് ചെയ്യാനാകാത്ത സാഹചര്യമുണ്ടാകും. അപ്പോൾ ഒഴിവാക്കുന്നത് ബി.ജെ.പിയിതര പാർട്ടികളുടെ വോട്ടർമാരെ ആയിരിക്കുമെന്നും സാകേത് ഗോഖലെ മുന്നറിയിപ്പ് നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.