ഞങ്ങൾക്കു നൽകുന്ന ഓരോ വോട്ടും തൊഴിൽ സൃഷ്ടിക്കും, പണപ്പെരുപ്പം കുറക്കും - സോണിയ ഗാന്ധി
text_fieldsന്യൂഡൽഹി: ഇൻഡ്യ സഖ്യത്തിനു നൽകുന്ന ഓരോ വോട്ടും രാജ്യത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് കോൺഗ്രസ് എം.പി സോണിയ ഗാന്ധി. ഓരോ വോട്ടും തൊഴിൽ സൃഷ്ടിക്കുമെന്നും പണപ്പെരുപ്പം കുറക്കുമെന്നും സ്ത്രീ ശാക്തീകരണം ഉറപ്പാക്കുമെന്നും പാർട്ടി മുൻ അധ്യക്ഷ കൂടിയായ സോണിയ വിഡിയോ സന്ദേശത്തിൽ പറഞ്ഞു. നിർണായകമായ തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ ജനം തങ്ങളുടെ പങ്ക് വഹിക്കാൻ തയാറാകണമെന്നും അവർ ആവശ്യപ്പെട്ടു.
“വളരെ നിർണായകമായ തെരഞ്ഞെടുപ്പാണിത്. ജനാധിപത്യത്തെയും രാജ്യത്തിന്റെ ഭരണഘടനയെയും സംരക്ഷിക്കാനുള്ള തെരഞ്ഞെടുപ്പ്. നിങ്ങളുടെ ഓരോ വോട്ടും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും, പണപ്പെരുപ്പം കുറക്കും. സ്ത്രീ ശാക്തീകരണം ഉറപ്പാക്കുകയും കൂടുതൽ സാമൂഹിക സമത്വമുള്ള രാജ്യത്തെ സൃഷ്ടിക്കുകയും ചെയ്യും” -സോണിയ പറഞ്ഞു. ഡൽഹിയിലെ ഏഴു സീറ്റുകളിലും ഇൻഡ്യ സഖ്യത്തിലെ സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്ന് അവർ അഭ്യർഥിച്ചു. ആറാംഘട്ട വോട്ടെടുപ്പ് നടക്കുന്ന മേയ് 25നാണ് ഡൽഹി ജനവിധി തേടുന്നത്.
2019ലെ പൊതുതിരഞ്ഞെടുപ്പിൽ മുഴുവൻ മണ്ഡലങ്ങളും ബി.ജെ.പി തൂത്തുവാരിയിരുന്നു. ഇത്തവണ എ.എ.പിയും കോൺഗ്രസും ഇൻഡ്യ മുന്നണിയുടെ ഭാഗമായി ഒന്നിച്ചാണ് ബി.ജെ.പിയെ നേരിടുന്നത്. ചാന്ദ്നി ചൗക്ക്, നോർത്ത് ഈസ്റ്റ് ഡൽഹി, നോർത്ത് വെസ്റ്റ് ഡൽഹി എന്നിവിടങ്ങളിൽ കോൺഗ്രസും മറ്റ് നാലിടങ്ങളിൽ എ.എ.പിയും സ്ഥാനാർഥികളെ മത്സരരംഗത്ത് ഇറക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.