യു.പിയിൽ വോട്ടിങ് യന്ത്രങ്ങൾ പുറത്തേക്ക് കടത്തിയെന്ന് സമാജ്‍വാദി പാർട്ടി; ജാഗ്രത വേണമെന്ന് അഖിലേഷ്
text_fieldsലഖ്നോ: ഉത്തർപ്രദേശിൽ വോട്ടിങ് യന്ത്രങ്ങൾ വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്നും പുറത്തേക്ക് കൊണ്ട് പോയെന്ന ആരോപണവുമായി സമാജ്‍വാദി പാർട്ടി. വാരണാസിയിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്നും വോട്ടിങ് യന്ത്രങ്ങൾ ട്രക്കിൽ പുറത്തേക്ക് കടത്തിയെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് ചില ദൃശ്യങ്ങളും സമാജ്‍വാദി പാർട്ടി പുറത്ത് വിട്ടിട്ടുണ്ട്. വോട്ടെണ്ണലിന് രണ്ട് ദിവസം മാത്രം ശേഷിക്കേയാണ് സമാജ്‍വാദി പാർട്ടിയുടെ ഗുരുതര ആരോപണം.
എന്നാൽ, ട്രെയിനിങ്ങിന് ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങളാണ് ഇതെന്ന് ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. ഇത് തെരഞ്ഞെടുപ്പിന് ഉപയോഗിച്ചിട്ടില്ല. ചില രാഷ്ട്രീയപാർട്ടികൾ അഭ്യൂഹങ്ങൾ പരത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. വോട്ടിങ് യന്ത്രങ്ങൾ സീൽ ചെയ്ത റൂമിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇവിടെ സി.ആർ.പി.എഫിന്റെ കാവലുണ്ട്. സി.സി.ടി.വി കാമറകളും ഇവിടെ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, വാരണാസിയിൽ വോട്ടിങ് യന്ത്രം പിടിച്ചുവെന്ന വാർത്ത എല്ലാ നിയമസഭ മണ്ഡലങ്ങൾക്കുമുള്ള മുന്നറിയിപ്പാണെന്ന് എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവ് പറഞ്ഞു. വോട്ടെണ്ണലിൽ കൃത്രിമം കാണിക്കുന്നത് തടയാൻ എസ്.പി സഖ്യത്തിന്റെ എല്ലാ സ്ഥാനാർത്ഥികളും അനുഭാവികളും ക്യാമറയുമായി സജ്ജരായിരിക്കണം. ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനായി എസ്.പി പ്രവർത്തകർ പടയാളികളായി മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.