ജമ്മു കശ്മീരിൽ രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി; ഉമർ അബ്ദുല്ല, താരിഖ് ഹാമിദ് ഖറ, രവീന്ദർ റെയ്ന എന്നിവരാണ് ജനവിധി തേടുന്ന പ്രമുഖർ
text_fieldsശ്രീനഗർ: ജമ്മു കശ്മീർ നിയമസഭയിലേക്കുള്ള രണ്ടാംഘട്ട തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് തുടങ്ങി. ആറു ജില്ലകളിലെ 26 നിയമസഭ മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പിൽ 27.78 ലക്ഷം പേർ സമ്മതിദാനാവകാശം വിനിയോഗിക്കും. 39 സ്ഥാനാർഥികൾ മത്സരരംഗത്തുള്ളത്.
സെപ്റ്റംബർ 18ന് നടന്ന ഒന്നാംഘട്ട തെരഞ്ഞെടുപ്പിൽ 61.38 ശതമാനമായിരുന്നു പോളിങ്. 90 അംഗ നിയമസഭയിലെ 40 സീറ്റുകളിലേക്കുള്ള മൂന്നാംഘട്ട വോട്ടെടുപ്പ് ഒക്ടോബർ ഒന്നിനാണ്. വോട്ടെണ്ണൽ ഒക്ടോബർ എട്ടിന്.
തെരഞ്ഞെടുപ്പിൽ സുതാര്യത ഉറപ്പുവരുത്താൻ 3,502 പോളിങ് സ്റ്റേഷനുകളിലും ഓൺലൈൻ വഴി തത്സമയ സംപ്രേഷണം ഒരുക്കിയിട്ടുണ്ട്. കനത്ത സുരക്ഷക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ജമ്മു കശ്മീർ പൊലീസും വ്യക്തമാക്കി.
നാഷനൽ കോൺഫറൻസ് ഉപാധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ ഉമർ അബ്ദുല്ല, ജമ്മു കശ്മീർ കോൺഗ്രസ് അധ്യക്ഷൻ താരിഖ് ഹാമിദ് ഖറ, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രവീന്ദർ റെയ്ന എന്നിവരാണ് രണ്ടാംഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖർ. ഉമർ അബ്ദുല്ല ബുധ്ഗാമിലും ഗന്ദർബാലിലും രവീന്ദർ റെയ്ന നൗഷേരയിലുമാണ് മത്സരിക്കുന്നത്.
ബുധ്ഗാമിലും ഗന്ദർബാലിലും മത്സരിക്കുന്ന ഉമർ അബ്ദുല്ല കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. മൂന്നു തലമുറകളായി അബ്ദുല്ല കുടുംബത്തിന്റെ മണ്ഡലമായ ഗന്ദർബാലിൽ ഉമർ അബ്ദുല്ലയുടെ നില ഭദ്രമല്ല. ബുധ്ഗാമിൽ പി.ഡി.പിയിലെ ആഗ സയ്യിദ് മുൻതസിറാണ് പ്രധാന എതിരാളി.
ജയിലിലുള്ള വിഘടനവാദി നേതാവ് സർജൻ അഹ്മദ് വാഗയും ഗന്ദർബാലിൽ ഉമർ അബ്ദുല്ലക്കെതിരെ രംഗത്തുണ്ട്. സർജൻ അഹ്മദ് ഭീർവഹ് മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്നുണ്ട്. ഈയിടെ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ഉമർ അബ്ദുല്ല ബാരാമുല്ല മണ്ഡലത്തിൽ നിന്ന് പരാജയപ്പെട്ടിരുന്നു. ബി.ജെ.പി നേതാവ് രവീന്ദർ റെയ്നിന്‍റെ രാഷ്ട്രീയ ഭാവിയും നിർണയിക്കുന്ന തെരഞ്ഞെടുപ്പ് കൂടിയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.