വോട്ട് യന്ത്രം: വിശദീകരണത്തിലും സുപ്രധാന സംശയങ്ങൾക്ക് ഉത്തരമില്ല
text_fieldsന്യൂഡൽഹി: വ്യാപക സംശയമുയർന്ന, വോട്ടുയന്ത്ര പ്രവർത്തനങ്ങളെ കുറിച്ചുള്ള വിശദീകരണത്തിലും സുപ്രധാന വീഴ്ചകളെ കുറിച്ച് മൗനം പാലിച്ച് തെരഞ്ഞെടുപ്പ് കമീഷൻ. പതിവു ചോദ്യങ്ങൾക്ക് ഉത്തരം (എഫ്.എ.ക്യു) എന്ന രൂപത്തിൽ ജനുവരി 30നും ഒരാഴ്ച കഴിഞ്ഞും രണ്ടു തവണയായാണ് കമീഷൻ വിശദീകരണം ഇറക്കിയത്. ആദ്യമായാണ് കമീഷൻ വക ഇങ്ങനെയൊരു നടപടി. എന്നാൽ, ഇലക്ട്രോണിക് തെരഞ്ഞെടുപ്പ് സംവിധാനം ഉപയോഗിക്കുമ്പോൾ പൂർണമായി കുറ്റമറ്റതാണെന്ന് ഉറപ്പുവരുത്താനാകണം. എന്നാലിത് വിശദീകരണത്തിൽ വ്യക്തമല്ല. വിദഗ്ധർ ചൂണ്ടിക്കാട്ടുന്ന ചില പ്രശ്നങ്ങൾ ഇവയാണ്:
വോട്ടുയന്ത്രത്തിൽ ബാലറ്റ് യൂനിറ്റ്, കൺട്രോൾ യൂനിറ്റ് എന്നിവയിൽനിന്ന് വ്യത്യസ്തമായി, വിവിപാറ്റിൽ സ്ഥലം (ഏത് മണ്ഡലം)തിരിച്ചറിയാതിരിക്കൽ സാധ്യമല്ല. വോട്ടിങ്ങിന് ദിവസങ്ങൾക്ക് മുമ്പ് ചേർക്കുന്ന അതത് മണ്ഡലത്തിലെ സ്ഥാനാർഥികളുടെ വിശദാംശങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. എന്നാൽ, മെഷീൻ സ്ഥലം തിരിച്ചറിയാതിരിക്കലാണ് തെരഞ്ഞെടുപ്പ് നീതിയുക്തവും പക്ഷപാതരഹിതവുമാകാൻ ഒന്നാമതായി വേണ്ടത്. സംവിധാനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകം സ്ഥലം തിരിച്ചറിയാതിരിക്കൽ എന്നതിന് അതീതമായതിനാൽ രണ്ടു ഘട്ടങ്ങളിലായി ക്രമരഹിത പരിശോധന നടത്തുന്നതിൽ കാര്യമില്ല.
വോട്ടുയന്ത്രത്തിൽ ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കപ്പെടുന്നില്ല: വോട്ടെടുപ്പ് നടക്കുന്നത് പൂർണമായി ഇന്റർനെറ്റ് ബന്ധമില്ലാതെയാണെങ്കിലും വോട്ടിങ്ങിന് ദിവസങ്ങൾക്ക് മുമ്പാണ് തെരഞ്ഞെടുപ്പ് കമീഷന്റെവെബ്സൈറ്റിൽ കയറി അതത് മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ പട്ടിക യന്ത്രത്തിലേക്ക് ഡൗൺലോഡ് ചെയ്ത് എടുക്കുന്നത്. സിംബൽ അപ് ലോഡ് യൂനിറ്റ് (എസ്.എൽ.യു), പേഴ്സനൽ കമ്പ്യൂട്ടർ എന്നിവ വഴി നേരിട്ടല്ലാതെയാണ് ഈ ഇന്റർനെറ്റ് കണക്ഷൻ.
സ്ഥാനാർഥിയെ കുറിച്ച വിവരം ബിറ്റ്മാപ് (ചിത്രം) മാത്രമെന്നതും ശരിയല്ല: വിവിപാറ്റും വോട്ടുയന്ത്ര കണക്കുകളും ചേർത്തുനോക്കാൻ സ്ഥാനാർഥിയെക്കുറിച്ച വിവരങ്ങൾ വെറും ചിത്രം മാത്രമായാൽ നടക്കില്ല. സ്വാഭാവികമായും മറ്റ് അധികവിവരങ്ങൾകൂടി വേണം. ഈ അധിക വിവരങ്ങൾ തീർച്ചയായും ദുരുപയോഗത്തിന് സാധ്യതയുള്ളവ.
മുമ്പ് അവകാശപ്പെട്ട കാൽക്കുലേറ്റർ പോലൊരു മെഷീനല്ല വോട്ടുയന്ത്രം. ബാലറ്റ് യൂനിറ്റും കൺട്രോൾ യൂനിറ്റും അങ്ങനെയാകാമെങ്കിലും വിവിപാറ്റ് തീർച്ചയായും അങ്ങനെയല്ല. ചുരുങ്ങിയപക്ഷം, അക്കങ്ങളായി ലഭിക്കുന്ന വിവരങ്ങൾ നേരത്തെ ശേഖരിച്ച ബിറ്റ്മാപ് ചിത്രങ്ങളുമായി ചേർക്കുകയും രണ്ടും ഒന്നിപ്പിച്ച വിവരം പ്രിന്ററിന് കൈമാറുകയും വേണം. ഇത്രയും നിർവഹിക്കാൻ അത്യാധുനികമായ ഒരു പ്രോഗ്രാം വേണം. അതിന് മൊത്തം വോട്ടുകൾ എണ്ണുന്നതും നിശ്ചിത അക്കത്തിലെ വോട്ടുകൾ തിരിച്ചറിഞ്ഞ് കൺട്രോൾ യൂനിറ്റിന് ‘ആവശ്യമായ’ പ്രതികരണം നൽകുന്നതുമടക്കം സാധ്യം.
വിവിപാറ്റ് ഒറ്റത്തവണ പ്രോഗ്രാം ചെയ്യപ്പെടുന്ന ഒന്നെന്ന അവകാശവാദവും ശരിയല്ല. അതിലെ ഒരു ഭാഗം അങ്ങനെയാണെന്നേ തെരഞ്ഞെടുപ്പ് കമീഷനും പറയുന്നുള്ളൂ. അതോടെ, വിവിപാറ്റ് ഗുരുതര കൈകടത്തലുകൾക്ക് വശംവദമാകാവുന്ന ഉപകരണമായി മാറുന്നു. എന്നുവെച്ചാൽ, കൺട്രോൾ യൂനിറ്റിലെ ഇലക്ട്രോണിക് വോട്ടും വിവിപാറ്റ് രസീതിയും ഒരുപോലെയെന്നുപോലും പറയാനാകില്ല. കൺട്രോൾ യൂനിറ്റിലെ പ്രോഗ്രാം എന്താണെന്ന് അറിയാനാകുന്നില്ലെന്നതുതന്നെ കാരണം. എന്നുവെച്ചാൽ, നിശ്ചിത പേരിൽ ‘എക്സി’ന് പ്രിന്റ് നൽകണമെന്നുമാകാം പ്രോഗ്രാം നിർദേശം.
വിവിപാറ്റിൽ തെറ്റിന് സാധ്യത കൂടുതലായതിനാൽ വോട്ട് ആർക്ക് വീണെന്ന് സംശയം തോന്നുന്ന വോട്ടർക്ക് സ്ഥിരീകരണത്തിന് അവസരമുണ്ടാകണം.
സ്ഥിരീകരണത്തിന് പകരം കാഴ്ച മാത്രം നൽകുന്ന വിവിപാറ്റിന് ആ പേരു തന്നെ ശരിയല്ല. തെറ്റെന്നു കണ്ടാൽ തള്ളാനുള്ള അവകാശമാണ് സ്ഥിരീകരണത്തിൽ ഒന്നാമത്തെ ഘടകം. കാഴ്ച മാത്രം സ്ഥിരീകരണമാകില്ല. എന്നാൽ, അതിന് വ്യവസ്ഥയില്ല. മാത്രവുമല്ല, സംശയത്തിന്റെ പേരിൽ പരിശോധനക്ക് ഒരു ടെസ്റ്റ് വോട്ട് നടത്തി പരാജയപ്പെട്ടാൽ ക്രിമിനൽ നടപടിയാണ് കാത്തിരിക്കുന്നത്.
വോട്ടുയന്ത്രങ്ങളുടെ സ്ഥാനം നിരീക്ഷിക്കപ്പെടുന്നില്ല. മോഷ്ടാക്കൾ എടുത്തുകൊണ്ടുപോയി ദുരുപയോഗം ചെയ്യുകയെന്ന സാധ്യത നിലനിൽക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.