വോട്ടുയന്ത്ര പരിശോധന: കമീഷന് ലഭിച്ചത് എട്ട് അപേക്ഷകൾ
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ടുയന്ത്രത്തിന്റെ പ്രവർത്തനത്തിൽ സംശയമുന്നയിച്ച് സാങ്കേതിക പരിശോധനക്കായി തെരഞ്ഞെടുപ്പ് കമീഷന് ലഭിച്ചത് എട്ട് അപേക്ഷകൾ. തെരഞ്ഞെടുപ്പിൽ രണ്ടും മൂന്നും സ്ഥാനത്തെത്തിയ വിവിധ പാർട്ടികളുടെ സ്ഥാനാർഥികളാണ് കമീഷനെ സമീപിച്ചത്. മഹാരാഷ്ട്രയിലെ അഹ്മദ് നഗറിൽ ശരത്പവാർ വിഭാഗം എൻ.സി.പിയോട് തോറ്റ പ്രമുഖ ബി.ജെ.പി നേതാവ് സുജയ് വിഖേ പാട്ടീലും അപേക്ഷകരിൽ ഉൾപ്പെടും.
വോട്ടുയന്ത്രത്തിനുപകരം ബാലറ്റിലേക്ക് തിരിച്ചുപോകണമെന്ന ഹരജി തള്ളിക്കൊണ്ടുള്ള സുപ്രീംകോടതിയുടെ ഏപ്രിൽ 26ലെ ചരിത്ര വിധിയിലാണ്, തെരഞ്ഞെടുപ്പ് ഫലത്തിൽ സംശയമുന്നയിക്കുന്ന സ്ഥാനാർഥികൾക്ക് സാങ്കേതിക പരിശോധനക്ക് അനുമതി നൽകിയത്. രണ്ടാമതോ മൂന്നാമതോ എത്തിയ സ്ഥാനാർഥികൾക്ക് ആവശ്യമെങ്കിൽ വോട്ടുയന്ത്രത്തിലെ ബേൺഡ് മെമ്മറി സെമികൺട്രോളർ പരിശോധന നടത്താമെന്നായിരുന്നു വിധിയിൽ പറഞ്ഞിരുന്നത്. ഒരു ലോക്സഭ മണ്ഡലത്തിലെ ഓരോ നിയമസഭയിലെയും അഞ്ച് ശതമാനം വരെ ബേൺഡ് മെമ്മറി സെമി കൺട്രോളർ പരിശോധനക്കാണ് കോടതി അനുവാദം നൽകിയത്. ഫലം വന്ന് ഒരാഴ്ചക്കുള്ളിൽ അപേക്ഷിക്കണമെന്നും ഇതിനുള്ള ചെലവ് സ്ഥാനാർഥികൾ തന്നെ വഹിക്കണമെന്നും കോടതി നിഷ്കർഷിച്ചിരുന്നു. ഒരൊറ്റ ഇ.വി.എം പരിശോധനക്ക് നിലവിലെ സാഹചര്യത്തിൽ 47,200 രൂപ സ്ഥാനാർഥി അടക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.