വിവാദം അന്തർദേശീയ തലത്തിലേക്ക്; കത്തിപ്പടർന്ന് വോട്ടുയന്ത്രം
text_fieldsന്യൂഡൽഹി: വോട്ടുയന്ത്രങ്ങൾ ഹാക്ക് ചെയ്യാൻ കഴിയുന്നതിനാൽ അവ നിർമാർജനം ചെയ്യണമെന്ന് സ്പേസ് എക്സ്, ടെസ്ല സി.ഇ.ഒ ഇലോൺ മസ്ക് ആഹ്വാനം ചെയ്തതോടെ ഇന്ത്യയിലെ വോട്ടുയന്ത്ര വിവാദം അന്തർദേശീയ തലത്തിലേക്ക് കത്തിപ്പടർന്നു. മുംബൈയിൽ 48 വോട്ടിന് ജയിച്ച ശിവസേനാ സ്ഥാനാർഥിക്കായി വോട്ടുയന്ത്രത്തിൽ ക്രമക്കേടിന് ശ്രമിച്ച സ്ഥാനാർഥിയുടെ ബന്ധുവിനും തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥനുമെതിരെ കേസെടുത്തത് ഉയർത്തിക്കാട്ടി വോട്ടുയന്ത്രത്തിനെതിരെ മസ്കിനെ പിന്തുണച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും രംഗത്തുവന്നു.
മസ്കിന്റെ ആഹ്വാനത്തിനെതിരെ രംഗത്തുവന്ന തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖരന്റെ അവകാശവാദം തള്ളിയ മസ്ക് ഹാക്ക് ചെയ്യാനാവാത്തതായി ഒന്നുമില്ലെന്ന് ഓർമിപ്പിച്ചു. മുംബൈയിലെ ക്രമക്കേട് നിഷേധിച്ച് റിട്ടേണിങ് ഓഫിസർ വാർത്തസമ്മേളനവും നടത്തി. ഇതിനിടെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടുയന്ത്രം ഉപയോഗിച്ച് അട്ടിമറി നടത്തിയതിന് തെരഞ്ഞെടുപ്പ് കമീഷണർമാർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, വോട്ടുയന്ത്ര നിർമാണ കമ്പനികൾ എന്നിവർക്കെതിരെ സുപ്രീംകോടതി അഭിഭാഷകൻ മഹ്മൂദ് പ്രാച പരാതിയും നൽകിയതോടെ വിവാദം കത്തിപ്പടരുകയാണ്.
ഇലക്ട്രോണിക് വോട്ടുയന്ത്രങ്ങൾ ഇല്ലാതാക്കണമെന്ന് ആവശ്യപ്പെട്ട മസ്ക് ഇവ മനുഷ്യനും നിർമിത ബുദ്ധിക്കും ഹാക്ക് ചെയ്യാനാകുമെന്ന് ചൂണ്ടിക്കാട്ടി. മസ്കിന്റെ ‘എക്സ്’ പോസ്റ്റിൽ പ്രതികരണവുമായി വന്ന നിരവധി ഇന്ത്യക്കാർ ഇതാണ് രാഹുൽ ഗാന്ധി ആവശ്യപ്പെടുന്നതെന്ന് പ്രതികരിച്ചു. ഇതോടെ ഇലോൺ മസ്കിന്റെ ആവശ്യത്തെ പിന്തുണച്ച രാഹുൽ ഗാന്ധി ഇന്ത്യൻ ഇ.വി.എം ‘ബ്ലാക്ബോക്സ്’ ആണെന്നും അത് പരിശോധിക്കാൻ ഒരാളെയും അനുവദിക്കാറില്ലെന്നും ചൂണ്ടിക്കാട്ടി. മുംബൈയിൽ ജയിച്ച ശിവസേനാ നേതാവ് രവീന്ദ്ര വയ്കറിന്റെ ബന്ധു വോട്ടെണ്ണൽ കേന്ദ്രത്തിൽ മൊബൈലുമായെത്തി വോട്ടുയന്ത്രം ഒ.ടി.പി ഉപയോഗിച്ച് തുറന്ന വാർത്തയും രാഹുൽ പങ്കുവെച്ചു. രാജ്യത്തെ തെരഞ്ഞെടുപ്പു പ്രക്രിയയിൽ ശക്തമായ ആശങ്കയുണ്ടെന്നും സ്ഥാപനങ്ങൾക്ക് സുതാര്യതയില്ലാതാകുമ്പോൾ തെരഞ്ഞെടുപ്പുകൾ തട്ടിപ്പിലേക്ക് നയിക്കുമെന്നും രാഹുൽ മുന്നറിയിപ്പ് നൽകി.
ഇന്ത്യൻ വോട്ടുയന്ത്രം ഹാക്ക് ചെയ്യാനാവില്ലെന്ന് ബി.ജെ.പി
ഇതോടെ അമേരിക്കൻ വോട്ടുയന്ത്രം പോലെ ഇന്ത്യൻ വോട്ടുയന്ത്രം ഹാക്ക് ചെയ്യാനാവില്ലെന്ന അവകാശവാദവുമായി ബി.ജെ.പി നേതാവ് രംഗത്തുവന്നു. വോട്ടുയന്ത്രം ഹാക്ക് ചെയ്യാവുന്നതാണെന്ന ഇലോൺ മസ്കിന്റെ കാഴ്ചപ്പാട് അമേരിക്കക്കും മറ്റു രാജ്യങ്ങൾക്കും ബാധകമായേക്കാമെന്ന് രാജീവ് പറഞ്ഞു. വോട്ടുയന്ത്രത്തെ ഇന്റർനെറ്റുമായി കണക്ട് ചെയ്യാൻ അവർ സാധാരണ കമ്പ്യൂട്ടർ പ്ലാറ്റ്ഫോമുകളാണ് ഉപയോഗിക്കുന്നത്.
എന്നാൽ ഇന്ത്യൻ ഇ.വി.എം ബ്ലൂടുത്ത്, വൈഫൈ, ഇന്റർനെറ്റ് എന്നിവയുമായൊന്നും കണക്ട് ചെയ്യാത്ത തരത്തിൽ ഒറ്റപ്പെട്ടു നിൽക്കുന്നതാണെന്നും ഫാക്ടറിയിൽ നിർമിച്ച ശേഷം അതിന്റെ പ്രോഗ്രാമിൽ മാറ്റം വരുത്താനാവില്ലെന്നും ബി.ജെ.പി നേതാവ് അവകാശപ്പെട്ടു. എന്നാൽ, ഈ അവകാശ വാദവും തള്ളിയ ഇലോൺ മസ്ക് എന്തും ഹാക്ക് ചെയ്യാമെന്ന് ബി.ജെ.പി നേതാവിന് ‘എക്സി’ലൂടെ മറുപടി നൽകി. സാങ്കേതികമായി താങ്കൾ പറയുന്നത് ശരിയാണെന്ന് രാജീവിന് സമ്മതിക്കേണ്ടിവന്നു. സുപ്രീംകോടതി പോലും തള്ളിക്കളഞ്ഞതാണ് വോട്ടുയന്ത്രങ്ങൾക്കെതിരെയുള്ള വാദമെന്നും കോൺഗ്രസ് വീണ്ടും അവയെ സംശയത്തിന്റെ നിഴലിലാക്കുകയാണെന്നും ബി.ജെ.പി വക്താവ് നളിൻ കോഹ്ലി പ്രതികരിച്ചു.
അമേരിക്കയിലെ ഇ.വി.എം ക്രമക്കേട്
നൂറുകണക്കിന് ക്രമക്കേടുകൾ നടന്നതായി പരാതിയുയർന്നതിനെ തുടർന്ന് വോട്ടുയന്ത്രമുണ്ടാക്കാൻ കരാർ നൽകിയ അമേരിക്കൻ കമ്പനിക്കെതിരെ പ്യുർട്ടോ റികോ തെരഞ്ഞെടുപ്പ് കമീഷൻ അന്വേഷണം നടത്തുമെന്ന വാർത്ത അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ സ്വതന്ത്ര സ്ഥാനാർഥിയായ റോബർട്ട് എഫ്. കെന്നഡി ജൂനിയർ പങ്കുവെച്ചത് ടാഗ് ചെയ്താണ് ഇ.വി.എം നിർമാർജനം ചെയ്യണമെന്ന് ഇലോൺ മസ്ക് ആവശ്യപ്പെട്ടത്. ജൂൺ രണ്ടിന് പ്രൈമറിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പോൾ ചെയ്ത ആകെ വോട്ടുകൾ വോട്ടുയന്ത്രങ്ങൾ തെറ്റായി കണക്കുകൂട്ടിയതോടെയാണ് ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടത്. യഥാർഥത്തിൽ പോൾചെയ്ത വോട്ടുകളല്ല വോട്ടുയന്ത്രത്തിൽ കാണിക്കുന്നതെന്ന് ഇതോടെ സംശയമുയരുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.