മധ്യപ്രദേശിൽ 75ഉം മിസോറമിൽ 73ഉം ശതമാനം പോളിങ്
text_fieldsഭോപാൽ/െഎസോൾ: 15 വർഷമായി ഭരണത്തിലുള്ള ബി.ജെ.പി സർക്കാറിനെ താഴെയിറക്കാൻ കോൺഗ്രസ് കച്ചമുറുക്കിയ മധ്യപ്രദേശ് തെരഞ്ഞെടുപ്പിൽ 75 ശതമാനം പോളിങ്. വോെട്ടടുപ്പ് സമാധാനപരമായിരുന്നെങ്കിലും സംസ്ഥാനത്തെ പല ജില്ലകളിൽനിന്നും വോട്ടിങ് യന്ത്രത്തെപ്പറ്റി (ഇ.വി.എം) വ്യാപക പരാതികളുയർന്നു. 1145 ഇ.വി.എമ്മുകളും 1545 വിവിപാറ്റും(വോട്ട് ചെയ്തത് ആർക്കെന്നതിന് സ്ലിപ് തരുന്ന യന്ത്രം) തകരാറുണ്ടായതിനെ തുടർന്ന് മാറ്റി നൽകിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ വി.എൽ. കാന്തറാവു അറിയിച്ചു. 230 സീറ്റുകളിലേക്ക് 2,899 സ്ഥാനാർഥികളാണ് ജനവിധി തേടിയത്. 2013ൽ 72.69 ശതമാനമായിരുന്നു പോളിങ്.
സത്ന ജില്ലയിലാണ് ഏറ്റവുമധികം ഇ.വി.എമ്മുകൾ കേടായത്. ധർ, ഗുണ, ഇന്ദോർ ജില്ലകളിൽ ജോലിക്കിടെ മൂന്ന് ഉദ്യോഗസ്ഥർ മരിച്ചു. ഭിന്ദ് ജില്ലയിലെ ഗധ്പുരയിൽ ഒരാൾക്ക് ആക്രമണത്തിൽ പരിക്കേറ്റ സംഭവത്തിന് തെരഞ്ഞെടുപ്പുമായി ബന്ധമില്ലെന്ന് റാവു പറഞ്ഞു. രണ്ടര ശതമാനം വോട്ടിങ് യന്ത്രങ്ങളാണ് മാറ്റിനൽകിയതെന്നും മറ്റു സംസ്ഥാനങ്ങളിൽ ഇൗ രീതിയിൽ മാറ്റി നൽകേണ്ടിവന്ന വോട്ടിങ് യന്ത്രങ്ങളുടെ എണ്ണം രണ്ടു ശതമാനമാണെന്നും റാവു വ്യക്തമാക്കി.
ഹോട്ടൽ മുറിയിൽ ഇ.വി.എം കണ്ടതിനെപ്പറ്റിയുള്ള ചോദ്യത്തിന്, ഒരു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ വോട്ടിങ് യന്ത്രങ്ങളുമായി അവിടെ താമസിച്ചുവെന്നും അദ്ദേഹത്തിൽനിന്ന് അത് തിരിച്ചെടുത്തശേഷം ജോലിയിൽനിന്ന് നീക്കുകയും പകരം ഉദ്യോഗസ്ഥനെ നിയമിച്ചുവെന്നും റാവു കൂട്ടിച്ചേർത്തു.
വോട്ടിങ് യന്ത്രത്തിനുണ്ടായ തകരാറും അത് മാറ്റിക്കൊടുക്കാനെടുത്ത സമയവും കണക്കാക്കി പ്രശ്നമുണ്ടായ സ്ഥലങ്ങളിൽ വോെട്ടടുപ്പിന് സമയം നീട്ടിനൽകണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ആവശ്യപ്പെട്ടു. . മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഒ.പി. റാവത്തിനോട് ഇക്കാര്യം ഫോണിൽ സംസാരിച്ചതായും ഗുണ ലോക്സഭാംഗമായ സിന്ധ്യ പറഞ്ഞു. ഇ.വി.എം തകരാറുകൾക്കെതിരെ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കമൽനാഥും നിരവധി കോൺഗ്രസ് പ്രവർത്തകരും പരാതി ഉന്നയിച്ചു.
ബുധ്നിയിൽ മത്സരിക്കുന്ന മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ഭാര്യ സാധന സിങ്ങിനൊപ്പമെത്തി ജന്മഗ്രാമമായ ജൈതിൽ വോട്ട്ചെയ്തു. മുൻ കേന്ദ്രമന്ത്രി അരുൺ യാദവാണ് ചൗഹാനെതിരെ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർഥി. കമൽനഥ് ചിന്ദ്വാരയിലാണ് വോട്ട് ചെയ്തതത്.
അതേസമയം, മിസോറം നിയമസഭയിലേക്കുള്ള 40 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 73 ശതമാനം പോളിങ് രേഖപ്പെടുത്തി. മുഖ്യമന്ത്രി ലാൽ തൻഹാവ്ല മത്സരിച്ച സെർചിപ് മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് (81 ശതമാനം). മമിത് ജില്ലയിൽ ത്രിപുര ക്യാമ്പിലെ ബ്രു അഭയാർഥികളിൽ 52 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.