കർണാടക ഉപതെരഞ്ഞെടുപ്പ്: ലോക്സഭ, നിയമസഭ മണ്ഡലങ്ങളിൽ പോളിങ് തുടങ്ങി
text_fieldsബംഗളൂരു: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കർണാടകയിലെ ബെളഗാവി ലോക്സഭ മണ്ഡലത്തിലും മസ്കി, ബസവകല്യാൺ നിയമസഭ മണ്ഡലങ്ങളിലും പോളിങ് തുടങ്ങി. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ബൂത്തുകളിൽ പോളിങ്ങിന് പ്രത്യേക സുരക്ഷ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. മേയ് രണ്ടിനാണ് ഫലപ്രഖ്യാപനം.
കേന്ദ്ര റെയിൽവേ സഹമന്ത്രിയായിരുന്ന സുരേഷ് അംഗദി കഴിഞ്ഞ െസപ്റ്റംബറിൽ കോവിഡ് ബാധയെ തുടർന്ന് മരണപ്പെട്ടതോടെയാണ് ബെളഗാവി ലോക്സഭ മണ്ഡലത്തിൽ ഉപതെരെഞ്ഞടുപ്പിന് കളമൊരുങ്ങിയത്. ബെളഗാവിയിൽ ശക്തമായ സ്വാധീനമുള്ള ജാർക്കിഹോളി സഹോദരന്മാരിലെ സതീഷ് ജാർക്കിഹോളിയാണ് കോൺഗ്രസ് സ്ഥാനാർഥി. സഹതാപ വോട്ട് പ്രതീക്ഷയിൽ സുരേഷ് അംഗദിയുടെ ഭാര്യ മംഗള അംഗദിയെയാണ് ബി.ജെ.പി സ്ഥാനാർഥിയാക്കിയത്.
മുൻ മന്ത്രികൂടിയായ സതീഷ് ജാർക്കിഹോളി ശക്തനായ എതിരാളിയാണെന്നതിനാൽ ബി.ജെ.പിയുടെ സിറ്റിങ് സീറ്റിൽ മത്സരം കടുക്കും. മുൻ മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയുമായ ജഗദീഷ് ഷെട്ടാറിെൻറ ബന്ധുകൂടിയാണ് മംഗള അംഗദി. ഷെട്ടാറിനായിരുന്നു മംഗള അംഗദിയുടെ തെരെഞ്ഞടുപ്പ് പ്രചാരണ ചുമതല. കഴിഞ്ഞ തെരെഞ്ഞടുപ്പിൽ 7.6 ലക്ഷം വോട്ടാണ് ബി.ജെ.പിക്ക് ലഭിച്ചത്. കോൺഗ്രസ് സ്ഥാനാർഥിയായ സാധുനാവറിന് ലഭിച്ചത് 3.7 ലക്ഷം വോട്ടും. ഇത്തവണ മറാത്ത വോട്ട് ലക്ഷ്യമിട്ട് സ്വതന്ത്ര സ്ഥാനാർഥിയായി ശുഭം വിക്രാന്ത് ഷെൽകെയും രംഗത്തുണ്ട്.
മസ്കി നിയമസഭ മണ്ഡലത്തിൽ ബി.ജെ.പിയുടെ പ്രതാപ് ഗൗഡ പാട്ടീലിനെതിരെ ബസനഗൗഡ തുർവിഹാലാണ് കോൺഗ്രസ് സ്ഥാനാർഥി. ഇരുവരും പാർട്ടി പരസ്പരം മാറിയാണ് ഇത്തവണ മത്സരത്തിനെത്തുന്നത് എന്നതാണ് കൗതുകം. കഴിഞ്ഞ വർഷം നേരിയ ഭൂരിപക്ഷത്തിനായിരുന്നു പ്രതാപ്ഗൗഡ പാട്ടീലിെൻറ ജയം. പാട്ടീൽ 60,387ഉം തുർവിഹാൽ 60,174ഉം വോട്ടാണ് നേടിയത്.
കോൺഗ്രസ് എം.എൽ.എയായിരുന്നു ബി. നാരായണ റാവു കോവിഡ് ബാധിച്ചു മരിച്ചതോടെയാണ് ബസവകല്യാണിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. സഹതാപ തരംഗം പ്രതീക്ഷിച്ച് നാരായണ റാവുവിെൻറ ഭാര്യ മല്ലമ്മെയ കോൺഗ്രസ് സ്ഥാനാർഥിയാക്കിയപ്പോൾ ന്യൂനപക്ഷ വോട്ട് ലക്ഷ്യംവെച്ച് സെയ്ദ് യസറബ് അലി ഖാദിരിയെ ജെ.ഡി-എസും രംഗത്തിറക്കി.
മുമ്പ് രണ്ടു തവണ ജെ.ഡി-എസ് എം.എൽ.എയായിരുന്ന മല്ലികാർജുന ഖുബെ സ്വതന്ത്ര സ്ഥാനാർഥിയായും മത്സരിക്കുന്നുണ്ട്. കഴിഞ്ഞ നിയമസഭ തെരെഞ്ഞടുപ്പിന് മുമ്പ് ബി.ജെ.പിയിൽ ചേർന്ന മല്ലികാർജുന ഖുബെക്ക് ഇത്തവണ പാർട്ടി ടിക്കറ്റ് നിഷേധിച്ചതോടെ ബി.ജെ.പി വിമതനായി മത്സരിക്കുകയായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി. നാരായണ റാവു 61,425ഉം മല്ലികാർജുന ഖുബെ 44,153ഉം വോട്ടാണ് നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.