ഗുജറാത്തിൽ വിവിപാറ്റ് ഇല്ലെന്ന് തെരഞ്ഞെടുപ്പ് കമീഷൻ
text_fieldsന്യൂഡൽഹി: ഗുജറാത്ത് തെരഞ്ഞെടുപ്പ് വിവിപാറ്റുമായി നടത്താൻ കഴിയില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ബോധിപ്പിച്ചതിനെതുടർന്ന് ഇതുസംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹാർ അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു. വോട്ടുയന്ത്രങ്ങളെക്കുറിച്ച് സംശയമുയർന്ന സാഹചര്യത്തിൽ ഗുജറാത്തിൽ വരാനിരിക്കുന്ന നിയമസഭതെരഞ്ഞെടുപ്പിൽ എല്ലാ മണ്ഡലങ്ങളിലും വോട്ടുയന്ത്രങ്ങൾക്കൊപ്പം വിവിപാറ്റ് ഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിലാണ് തെരഞ്ഞെടുപ്പ് കമീഷൻ സംഗതി അപ്രായോഗികമാണെന്ന് കോടതിയെ അറിയിച്ചത്.
ഗുജറാത്ത് സ്വദേശിയായ രേഷ്മ ബിത്തൽഭായ് പേട്ടൽ പ്രമുഖ കോൺഗ്രസ് നേതാവും മുതിർന്ന സുപ്രീംകോടതി അഭിഭാഷകനുമായ കപിൽ സിബൽ മുഖേന സമർപ്പിച്ച ഹരജിയിലാണ് ഇൗ ആവശ്യമുന്നയിച്ചത്. ഗുജറാത്തിൽ തെരഞ്ഞെടുപ്പിൽ 71,000 വോട്ടുയന്ത്രങ്ങൾ ആവശ്യമുണ്ടെന്നും അവക്കെല്ലാം വിവിപാറ്റ് ഘടിപ്പിക്കണമെന്നും കപിൽ സിബൽ വാദിച്ചു.
ഗുജറാത്തിലെയും ഹിമാചൽപ്രദേശിലെയും നിയമസഭതെരഞ്ഞെടുപ്പുകളിൽ എല്ലാ ബൂത്തുകളിലും വിവിപാറ്റ് ഉപയോഗിക്കുമെന്ന് കമീഷൻ നേരേത്ത അറിയിച്ചിരുന്നു. എന്നാൽ ഇതിൽ നിന്ന് ഭിന്നമായി ഇൗ വർഷം ഡിസംബറിൽ നടക്കുന്ന ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് വിവിപാറ്റ് ഉപേയാഗിച്ച് നടത്താൻ കഴിയില്ലെന്ന് കമീഷൻ സുപ്രീംകോടതിയെ അറിയിച്ചു.
തങ്ങളുടെ പക്കൽ 81,000 വിവിപാറ്റ് മാത്രമാണുള്ളതെന്നും അവയെല്ലാം പ്രവർത്തനസജ്ജമല്ലെന്നും കമീഷൻ ബോധിപ്പിച്ചു. വിവിപാറ്റ് വാങ്ങാൻ കേന്ദ്രസർക്കാർ 3500 കോടി രൂപ കമീഷന് അനുവദിച്ചിട്ടുണ്ടെന്ന് അറ്റോണി ജനറൽ കോടതിയെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.