‘കാത്തിരുന്ന് കാണാം’ പവൻ കല്യാണിന്റെ ‘സനാതൻ ധർമ’ മുന്നറിയിപ്പിൽ തിരിച്ചടിച്ച് ഉദയനിധി സ്റ്റാലിൻ
text_fieldsചെന്നൈ: ‘സനാധന ധർമം തുടച്ചുനീക്കാൻ ശ്രമിക്കുന്നവർ തുടച്ചുനീക്കപ്പെടും’ എന്ന ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാണിന്റെ മുന്നറിയിപ്പിനെ അതേ നാണയത്തിൽ തിരിച്ചടിച്ച് തമിഴ്നാട് ഉപമുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിൻ. ‘നമുക്കത് കാത്തിരുന്നു കാണാമെന്നായിരുന്നു’ ഉദയനിധിയുടെ മറുപടി.
‘സനാതന ധർമം മലേറിയയും ഡെങ്കിപ്പനി പോലെയാണ്. അത് തുടച്ചുനീക്കപ്പെടണം’ എന്ന ഉദയനിധിയുടെ കഴിഞ്ഞ വർഷത്തെ പരാമർശം ഹിന്ദുത്വ വാദികൾ വലിയ വിവാദമാക്കിയിരുന്നു. തിരുപ്പതി ക്ഷേത്രത്തിൽ ലഡു വിവാദവുമായി ബന്ധപ്പെട്ട പ്രസ്താവനക്കിടെ പവൻ കല്യാൺ പ്രസ്തുത പരാമർശം വീണ്ടും ഉദ്ധരിക്കുകയും ഉദയനിധിയെ ഉന്നമിട്ട് മുന്നറിയിപ്പു നൽകുകയും ചെയ്തു.
‘സനാതന ധർമം ഒരു വൈറസ് പോലെയാണെന്നും അതിനെ നശിപ്പിക്കുമെന്നും പറയാൻ പാടില്ല. ഇനി അങ്ങനെ ആരു പറഞ്ഞാലും ഞാനൊന്നു പറയുന്നു. സർ... നിങ്ങൾക്ക് സനാതന ധർമം തുടച്ചുനീക്കാൻ കഴിയില്ല. ആരെങ്കിലും ശ്രമിച്ചാൽ... അപ്പോൾ നിങ്ങൾ തുടച്ചുനീക്കപ്പെടും’ എന്നായിരുന്നു കാവി വസ്ത്രം ധരിച്ചെത്തിയ കല്യാൺ പറഞ്ഞത്. സ്വയം ഒരു ‘സനാതന’ ഹിന്ദുവാണ് താനെന്നും പ്രഖ്യാപിച്ചു.
ഉദയനിധി സ്റ്റാലിന്റെ പേര് കല്യാൺ പരാമർശിച്ചില്ലെങ്കിലും ഡി.എം.കെയും ഉടൻ തന്നെ മറുപടിയുമായെത്തി. ഏതെങ്കിലും മതത്തെക്കുറിച്ചോ പ്രത്യേകിച്ച് ഹിന്ദുമതത്തെക്കുറിച്ചോ ഡി.എം.കെ സംസാരിക്കുന്നില്ലെന്നും എന്നാൽ ജാതി അതിക്രമങ്ങൾ, തൊട്ടുകൂടായ്മ, ജാതി ശ്രേണി എന്നിവക്കെതതിരെ സംസാരിക്കുന്നത് തുടരുമെന്നും പാർട്ടി വക്താവ് ഡോ. സയ്യിദ് ഹഫീസുള്ള പറഞ്ഞു. ബി.ജെ.പി, ടി.ഡി.പി, പവൻ കല്യാൺ എന്നിവരാണ് മതത്തെയും ഹിന്ദു ദൈവങ്ങളെയും രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്നത്. അവരാണ് യഥാർഥ ശത്രുക്കൾ... ഈ പ്രസ്താവന ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണെന്നും ഡോ.ഹഫീസുള്ള പറഞ്ഞു. ജാതി അയിത്തത്തെക്കുറിച്ചുള്ള ഡി.എം.കെയുടെ നിലപാട് പെരിയാർ സ്വീകരിച്ചതിന് സമാനമാണ്. അതിനെ നിങ്ങൾക്ക് എന്ത് വേണമെങ്കിലും വിളിക്കാം. ഡി.എം.കെ ഈ ആചാരങ്ങളെ എതിർക്കുന്നത് തുടരുമെന്നും ഡോ. ഹഫീസുള്ള പറഞ്ഞു.
‘സനാതന ധർമ’ത്തെക്കുറിച്ചുള്ള ഉദയനിധി സ്റ്റാലിന്റെ പരാമർശം 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ വോട്ടർമാരെ ഭിന്നിപ്പിക്കാൻ ബി.ജെ.പി ഉപയോഗിച്ചിരുന്നു. ‘സനാതൻ ധർമ വൈറസ്’ തർക്കം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഏറ്റുപിടിച്ചു. ഡി.എം.കെയുടെ സഖ്യകക്ഷിയായ കോൺഗ്രസ് ‘സനാതന ധർമ’ത്തിനെതിരെ ഇത്തരത്തിൽ വിഷം ചീറ്റുന്നവരുമായി കൂട്ടുകൂടുന്നുവെന്ന് മോദി വിമർശിച്ചു.
ചെന്നൈയിൽ ഒരു പൊതുപരിപാടിയിലാണ് ഉദയനിധി ഇക്കാര്യം പറഞ്ഞത്. സനാതന ധർമത്തെ വെറുതേ എതിർക്കാനാവില്ലെന്നും അതിനെ തുടച്ചുനീക്കണമെന്നുമായിരുന്നു അത്. ഈ അന്തർലീനമായ ആശയം പിന്തിരിപ്പൻ ആണെന്നും, ജാതിയിലും ലിംഗഭേദത്തിലും ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണെന്നും, അടിസ്ഥാനപരമായി സമത്വത്തിനും സാമൂഹിക നീതിക്കും എതിരാണെന്നും അദ്ദേഹം വാദിച്ചു.
വിവാദം കത്തിയതോടെ, താനതുതന്നെ വീണ്ടും ആവർത്തിക്കുമെന്നും ഇന്ത്യൻ സമൂഹത്തിനുള്ളിലെ ജാതി അടിസ്ഥാനത്തിലുള്ള വ്യത്യാസങ്ങളെയാണ് ചൂണ്ടിക്കാണിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഹിന്ദുമതത്തെ മാത്രമല്ല, എല്ലാ മതങ്ങളെയും ഉൾപ്പെടുത്തി ജാതി വ്യത്യാസങ്ങളെ അപലപിച്ചാണ് താൻ സംസാരിച്ചതെന്നും ഉദയനിധി പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.