രാജസ്ഥാനിൽ വിവാഹവേദിയുടെ മതിലിടിഞ്ഞ് 26 മരണം
text_fieldsജയ്പൂർ: രാജസ്ഥാനിലെ ഭരത്പുരിൽ വിവാഹവേദിയുടെ മതിലിടിഞ്ഞ് വീണ് നാലു കുട്ടികളടക്കം 26 മരണം. 28 പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ 11 പേർ പുരുഷന്മാരും ഏഴു പേർ സ്ത്രീകളുമാണ്. ശക്തമായ കാറ്റടിച്ചതാണ് മതിലിടിഞ്ഞ് വീഴാൻ കാരണമെന്ന് ഐ.ജി അലോക് വസിഷ്ട അറിയിച്ചു.
സെവാർ റോഡിൽ വിവാഹ ചടങ്ങ് നടക്കുന്നതിനിടെയാണ് കാറ്റ് ആഞ്ഞടിച്ചത്. 90 അടി നീളവും 13 അടി ഉയരവുമുള്ള മതിൽ സമീപത്ത് നിർമിച്ച ഷെഡിന് മുകളിൽ തകർന്നു വീഴുകയായിരുന്നു. ഷെഡിനുള്ളിൽ കുടങ്ങി കിടന്നവരാണ് മരിച്ചവരിൽ ഏറെയും. ഈ ഷെഡിലാണ് ഭക്ഷണവിതരണത്തിനുള്ള സ്റ്റാളുകൾ ഒരുക്കിയിരുന്നത്.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. ഗുരുതര പരുക്കേറ്റയാളെ ജയ്പൂരിലെ എസ്.എം.എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി വസുന്ധര രാജെ പരിക്കേറ്റവർക്ക് ചികിൽസ ഉറപ്പാക്കാൻ നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.