അണികളെ വോട്ട് ചെയ്യാൻ പൊലീസ് അനുവദിച്ചില്ല; യു.പിയിലെ രാംപൂരിൽ വീണ്ടും തെരഞ്ഞെടുപ്പ് വേണമെന്ന് അഖിലേഷ് യാദവ്
text_fieldsലഖ്നോ: ഉപതെരഞ്ഞെടുപ്പ് നടന്ന ഉത്തർ പ്രദേശിലെ രാംപൂർ നിയമസഭാ മണ്ഡലത്തിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ഇക്കാര്യം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
എസ്.പിയുടെ ശക്തി കേന്ദ്രമായ രാംപൂരിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ പാർട്ടിക്ക് വൻ തോൽവിയാണ് നേരിട്ടത്. അവിടെ ആദ്യമായി ബി.ജെ.പി ജയിച്ചിരിക്കുകയാണ്.
തെരഞ്ഞെടുപ്പ് സമയത്തു തന്നെ മണ്ഡലത്തിൽ വൻ ക്രമക്കേടുകൾ അരങ്ങേറിയിരുന്നു. തെരഞ്ഞെടുപ്പ് ദിവസം നിരവധി തവണ പരാതി നൽകിയെങ്കിലും കമീഷൻ അനങ്ങിയില്ലെന്ന് അഖിലേഷ് ആരോപിച്ചു.
രാംപൂരിൽ ബി.ജെ.പി സ്ഥാനാർഥി ആകാശ് സക്സേനയാണ് വിജയിച്ചത്. വിദ്വേഷ പ്രസംഗത്തിൽ കുറ്റക്കാനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് എസ്.പി നേതാവ് അഅ്സം ഖാനെ അയോഗ്യനാക്കിയതിനാലാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. 1980 മുതൽ ഒരിക്കലൊഴികെ അഅ്സംഖാന്റെ കുടുംബാംഗങ്ങൾ മാത്രമായിരുന്നു സീറ്റിൽ മത്സരിച്ച് വിജയിച്ചിരുന്നത്. ഇത്തവണ ആദ്യമായി അഅ്സംഖാന്റെ കുടംബത്തിന് പുറത്തുള്ളയാളാണ് മത്സരിച്ചത്. അഅ്സംഖാന്റെ അടുത്ത സഹായി അസിം രാജയാണ് അദ്ദേഹത്തിന്റെ പിന്തുണയോടെ മത്സരിച്ചത്.
മണ്ഡലത്തിൽ 30 ശതമാനം മാത്രമാണ് പോളിങ് നടന്നത്. എന്നാൽ എസ്.പിയെ പിന്തുണക്കുന്നവരെ വോട്ട് ചെയ്യാൻ പൊലീസും അധികൃതരും അനുവദിക്കാത്തതിനാലാണ് പോളിങ് ശതമാനം കുറഞ്ഞതെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി അന്നേ ദിവസം പലതവണ പരാതി നൽകിയിരുന്നെന്നും തെരഞ്ഞെടുപ്പ് കമീഷൻ അനങ്ങിയില്ലെന്നും അഖിലേഷ് ആരോപിച്ചു. എന്നാൽ ആരോപണങ്ങളെല്ലാം സർക്കാർ തള്ളി.
തെരഞ്ഞെടുപ്പ് കമീഷൻ ഇക്കാര്യങ്ങളൊന്നും ശ്രദ്ധിക്കുന്നില്ലെങ്കിൽ ആരെയാണ് നമ്മൾ വിശ്വസിക്കേണ്ടത്? എസ്.പി പ്രവർത്തകരെയും അണികളെയും അധികൃതർ അപമാനിച്ചുവിട്ടു. പലരെയും ദേഹോപദ്രവം ഏൽപ്പിക്കുകയും വോട്ട് ചെയ്യുന്നത് വിലക്കുകയും ചെയ്തു - അഖിലേഷ് യാദവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.