അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനില്ല, മധ്യപ്രദേശിൽ ശ്രദ്ധ കേന്ദ്രീകരിക്കും -കമൽനാഥ്
text_fieldsഭോപ്പാൽ: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ താൽപര്യമില്ലെന്ന് മുതിർന്ന നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ കമൽനാഥ്. മധ്യപ്രദേശിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കാനാണ് താൽപര്യം. രാജസ്ഥാനിൽ പാർട്ടിയിലുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ മധ്യസ്ഥതക്ക് തയാറാണെന്ന് സോണിയ ഗാന്ധിയെ അറിയിച്ചതായും കമൽനാഥ് പറഞ്ഞു.
രാജസ്ഥാനിൽ അശോക് ഗെഹ്ലോട്ട് പക്ഷത്തെ എം.എൽ.എമാർ രാജിഭീഷണി മുഴക്കി രംഗത്തെത്തിയതിന് പിന്നാലെ സോണിയ ഗാന്ധി കമൽനാഥിനെ ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു. രാജസ്ഥാനിൽ മൂന്നോ നാലോ എം.എൽ.എമാരാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് കമൽനാഥ് പറഞ്ഞു. ഇക്കാര്യം സൂചിപ്പിച്ച് നിരീക്ഷകർ സോണിയ ഗാന്ധിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മധ്യപ്രദേശിൽ 2020ൽ ജ്യോതിരാദിത്യ സിന്ധ്യയുടെ കാലുമാറ്റത്തെ തുടർന്നാണ് കോൺഗ്രസ് താഴെ വീണതും കമൽനാഥിന് ഭരണം നഷ്ടപ്പെട്ടതും. 22 എം.എൽ.എമാരുമായി സിന്ധ്യ അന്ന് ബി.ജെ.പിയോടൊപ്പം ചേരുകയായിരുന്നു. മധ്യപ്രദേശിലെ സിന്ധ്യയാകുമോ രാജസ്ഥാനിൽ സചിൻ പൈലറ്റ് എന്ന ചോദ്യത്തിന് അങ്ങനെയൊന്നും സംഭവിക്കില്ലെന്നായിരുന്നു കമൽനാഥിന്‍റെ മറുപടി.
ഗെഹ്ലോട്ടും സചിൻ പൈലറ്റും ഒരുപോലെ തന്‍റെ സുഹൃത്തുക്കളാണ്.
രാഹുൽ ഗാന്ധിയോട് മടങ്ങിവരാനും ഈ പ്രശ്നങ്ങൾക്ക് ഒരവസാനമുണ്ടാക്കാനും ഞാൻ അഭ്യർഥിച്ചിരുന്നു. എന്നാൽ അദ്ദേഹം പറ്റില്ല എന്ന് തന്നെയാണ് പറഞ്ഞത് -കമൽനാഥ് വ്യക്തമാക്കി.
രാജസ്ഥാൻ പ്രതിസന്ധിയിൽ അശോക് ഗെഹ്ലോട്ട് കാരണക്കാരനല്ലെന്നാണ് മല്ലികാർജുൻ ഖാർഗെയും അജയ് മാക്കനും ചേർന്ന് തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നത്. ഗെഹ്ലോട്ട് പക്ഷത്തെ മൂന്ന് എം.എൽ.എമാരാണ് കുഴപ്പമുണ്ടാക്കിയതെന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഇവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.