വഖഫ് ഭേദഗതി: ആപ്പും സുപ്രീം കോടതിയിൽ
text_fieldsന്യൂഡൽഹി: വഖഫ് ഭേദഗതി ബില്ലിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് കോൺഗ്രസിനും എ.ഐ.എം.ഐ.എമ്മിനും പിന്നാലെ ആം ആദ്മി പാർട്ടിയും (ആപ്) അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സും (എ.പി.സി.ആർ) സുപ്രീംകോടതിയെ സമീപിച്ചു.
ഭരണഘടനാ വിരുദ്ധവും മുസ്ലിംകളുടെ മതപരവും സാംസ്കാരികവുമായ സ്വയംഭരണാവകാശം ഇല്ലാതാക്കുകയും ചെയ്യുന്ന ബില്ല് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എം.എൽ.എയും ഡൽഹി വഖഫ് ബോർഡ് മുൻ ചെയർമാനുമായ അമാനത്തുല്ലാ ഖാനാണ് ആപ്പിൽ നിന്ന് ഹരജി നൽകിയത്. ബില്ല് തുല്യതക്കുള്ള സ്വാതന്ത്ര്യം, മതകാര്യങ്ങൾ കൈകാര്യം ചെയ്യൽ, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ എന്നിവ ലംഘിക്കുന്നതാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി.
ആർട്ടിക്കിൾ 14, 25,26,300 എ എന്നിവക്കെതിരെയുള്ള ആക്രമണമാണ് ബില്ലെന്ന് എ.പി.സി.ആർ ഹരജിയിൽ പറഞ്ഞു. കോൺഗ്രസ് ലോക്സഭാംഗവും വഖഫ് സംയുക്ത പാർലമെന്ററി സമിതി(ജെ.പി.സി) അംഗവുമായ മുഹമ്മദ് ജാവേദ്, എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി എന്നിവരാണ് നേരത്തെ സുപ്രീംകോടതിയെ സമീപിച്ചത്. മുസ്ലിം ലീഗ് തിങ്കളാഴ്ച ഹരജി നൽകും. തമിഴ്നാട് സർക്കാറും വിവിധ മുസ്ലിം സംഘടനകളും സുപ്രീംകോടതിയെ സമീപിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
വഖഫ് നിയമഭേദഗതിയുടെ പേരിൽ പള്ളിയോ ആരാധനാലയമോ ഖബർസ്ഥാനോ ആരും തൊടാൻ പോകുന്നില്ലെന്നും മുസ്ലിം സ്ത്രീകൾക്കാണ് പുതിയ മാറ്റത്തിന്റെ ഉപകാരം ലഭിക്കാൻ പോകുന്നതെന്നും മുൻ കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ രവിശങ്കർ പ്രസാദ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.