മുഖ്യ ലക്ഷ്യത്തിന് പ്രതിബന്ധം; കേന്ദ്ര സർക്കാറിന് തിരിച്ചടി
text_fieldsന്യൂഡൽഹി: നിലവിലുള്ള വഖഫ് സ്വത്തുക്കളിൽ പലതും വഖഫ് അല്ലാതാക്കി കൈയേറ്റക്കാർക്ക് വിട്ടുകൊടുക്കാൻ ലക്ഷ്യമിട്ട പ്രധാന വ്യവസ്ഥ മരവിപ്പിച്ച് കേന്ദ്ര സർക്കാറിന്റെ മുഖ്യലക്ഷ്യത്തിന് സുപ്രീംകോടതി പ്രതിബന്ധം തീർത്തു. വഖഫ് സ്വത്തുക്കളുടെ വ്യാപകമായ കൈയേറ്റത്തിനും നടന്ന കൈയേറ്റങ്ങൾക്ക് സാധുത നൽകാനുമാണ് സർക്കാർ നീക്കമെന്ന് മനസ്സിലാക്കിയാണ് ഇത് തടയാൻ ഇടക്കാല ഉത്തരവ് ആവശ്യമാണെന്ന് ബുധനാഴ്ച തൊട്ടേ ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്.
നിലവിൽ വഖഫായി രജിസ്റ്റർ ചെയ്തതോ വിജഞാപനമിറങ്ങിയതോ ഉപയോഗത്തിലുള്ളതോ ആയ ഒരു വഖഫ് സ്വത്തും ഡീനോട്ടിഫൈ ചെയ്ത് വഖഫ് അല്ലാതാക്കരുതെന്നും നിലവിലുള്ള ഒരു വഖഫ് സ്വത്തിലും കലക്ടർ അടക്കം ഒരാളും മാറ്റം വരുത്തരുതെന്നുമായിരുന്നു ചീഫ് ജസ്റ്റിസിന്റെ നിർദേശം. ഈ സുപ്രീംകോടതി നിർദേശമാണ് സോളിസിറ്റർ ജനറൽ ഉറപ്പായി നൽകാമെന്ന് പറഞ്ഞത്. എന്നാൽ ഉപയോഗത്തിലൂടെയുള്ള വഖഫിന്റെ കാര്യത്തിൽ രജിസ്റ്റർ ചെയ്തതോ വിജഞാപനമിറക്കിയതോ ആയവ മാത്രമെന്ന് എസ്.ജി തർക്കിച്ചപ്പോൾ രജിസ്ട്രേഷനും വിജഞാപനവുമില്ലാത്തതും ഉപയോഗത്തിലൂടെയുള്ള വഖഫിൽ ഉണ്ടെന്ന് അഭിഷേക് മനു സിങ്വി ചൂണ്ടിക്കാണിച്ചു. അതുകൊണ്ടാണ് ‘രജിസ്റ്റർ ചെയ്തോ വിജഞാപനമിറക്കിയോ ഉപയോഗത്തിലൂടെ വഖഫ് ആയതടക്കം ഒരു വഖഫും വഖഫല്ലാതാക്കില്ല’ എന്നാക്കി കേന്ദ്രത്തിന്റെ ഉറപ്പ് ചീഫ് ജസ്റ്റിസ് ഉത്തരവിൽ രേഖപ്പെടുത്തിയത്.
ഉത്തരവിലേക്ക് നയിച്ച വാദ പ്രതിവാദം:
സോളിസിറ്റർ ജനറൽ: പഴയ വഖഫ് നിയമവും മുമ്പ് വരുത്തിയ ഭേദഗതികളും കൂടി നോക്കണം. ലക്ഷക്കണക്കിന് നിവേദനങ്ങളാണ് സർക്കാറിന് കിട്ടിയത്. നിരവധി ഗ്രാമങ്ങളാണ് വഖഫാക്കി മാറ്റിയെടുത്തിരിക്കുന്നത്. ധാരാളം ഭൂസ്വത്തുക്കൾ വഖഫാണെന്ന് അവകാശപ്പെട്ടിരിക്കുകയാണ്. അതിനാൽ ഈ കോടതി ഇത് കേൾക്കണം.
ജ. സഞ്ജയ് കുമാർ: ഞങ്ങൾ അന്തിമ തീരുമാനം എടുക്കുകയല്ല.
സോളിസിറ്റർ ജനറൽ: ഇത് ഗൗരവമേറിയ കടുത്ത നടപടിയാണ്. ദയവ് ചെയ്ത് ഒരാഴ്ച തരു. ചില രേഖകൾക്കൊപ്പം പ്രാഥമികമായി മറുപടി തരാം. ഇത് പോലെ പരിഗണിക്കേണ്ട ഒരു വിഷയമല്ലിത്.
ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന: ഈ നിയമത്തിൽ പോസിറ്റീവായ കാര്യങ്ങളും ഉണ്ടെന്ന് ഞങ്ങൾ പറഞ്ഞതാണ്. നിയമം പൂർണമായും സ്റ്റേ ചെയ്യില്ലെന്നും ഞങ്ങൾ പറഞ്ഞിട്ടുണ്ട്. എന്നാൽ നിലനിൽക്കുന്ന സ്ഥിതിവിശേഷം മാറ്റാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. വഖഫ് ചെയ്യാൻ ഒരാൾ അഞ്ചു വർഷം ഇസ്ലാം അനുഷ്ഠിക്കണമെന്നതടക്കമുള്ള വ്യവസ്ഥകൾ തങ്ങൾ സ്റ്റേ ചെയ്യുന്നില്ല.
സോളിസിറ്റർ ജനറൽ: ഇത്തരമൊരു ഉത്തരവിറക്കും മുമ്പ് കേന്ദ്രത്തിന് മറുപടി നൽകാനുള്ള സമയം അനുവദിക്കണം.
ചീഫ് ജസ്റ്റിസ്: ചില വ്യവസ്ഥകൾ നടപ്പാക്കുന്നത് നിർത്തിവെച്ചേ മതിയാകൂ. ബോർഡിലും കൗൺസിലിലും നിയമനം നടക്കരുത്. 1995ലെ വഖഫ് നിയമ പ്രകാരം രജിസ്റ്റർ ചെയ്ത വഖഫ് സ്വത്തുക്കളെയും ബാധിക്കരുത്. സർക്കാർ തീരുമാനിക്കുമ്പോൾ കോടതി ന്യായവിചാരം നടത്തുകയാണ്.
സോളിസിറ്റർ ജനറൽ: നിയമനം എന്റെ കൈകളിലാണ്. അത് സംഭവിക്കില്ല.
ചീഫ് ജസ്റ്റിസ്: നിങ്ങൾ മാത്രമല്ല, സംസ്ഥാനങ്ങളും കൂടി ഉൾപ്പെട്ടിട്ടുണ്ട്.
സോളിസിറ്റർ ജനറൽ: കോടതി തീരുമാനിക്കും മുമ്പ് ഏതെങ്കിലും സംസ്ഥാനം നിയമനം നടത്തിയാൽ അത് അസാധുവാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.