വഖഫ് ഭേദഗതി നിയമം: സുപ്രീംകോടതി ഉത്തരവ് ഫലത്തിൽ സ്റ്റേ തന്നെ
text_fieldsന്യൂഡൽഹി: വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യുന്നില്ലെന്ന് പറഞ്ഞുകൊണ്ടുതന്നെ സുപ്രധാന വ്യവസ്ഥകൾ മരവിപ്പിച്ചതിലൂടെ സ്റ്റേ ചെയ്ത ഫലമാണെന്ന് ഹരജിക്കാരും അഭിഭാഷകരും ചൂണ്ടിക്കാട്ടി. വിവാദ വ്യവസ്ഥകൾക്കെതിരെ സുപ്രീംകോടതി പുറപ്പെടുവിക്കാനിരുന്ന ഇടക്കാല ഉത്തരവ് നീട്ടിവെപ്പിക്കാൻ കേന്ദ്രസർക്കാർ നടത്തിയ കുതന്ത്രങ്ങളാണ് പരാജയപ്പെട്ടതെന്ന് മുസ്ലിം ലീഗിന്റെ രാജ്യസഭ എം.പിയും സുപ്രീംകോടതി അഭിഭാഷകനുമായ ഹാരിസ് ബീരാൻ പറഞ്ഞു. ഉത്തരവ് ഇറങ്ങിയതോടെ വഖഫ് സ്വത്തിൽ ഒരു മാറ്റവും വരുത്താൻ ഇനി സാധിക്കില്ലെന്നും അദ്ദേഹം തുടർന്നു.
വഖഫിൽ ഒരുതരത്തിലുള്ള മാറ്റവും ഇനി വരുത്താനാവില്ലെന്ന് വന്നതോടെ സ്റ്റേ അനുവദിച്ച ഫലമാണെന്ന് ആം ആദ്മി പാർട്ടി നേതാവ് അമാനത്തുല്ല ഖാൻ പ്രതികരിച്ചു. രജിസ്റ്റർ ചെയ്യാത്ത വഖഫുകൾ പിടിെച്ചടുക്കാനുള്ള സർക്കാർ നീക്കമാണ് ഇതിലൂടെ പൊളിഞ്ഞതെന്നും ഡൽഹി വഖഫ് ബോർഡ് മുൻ ചെയർമാൻ കൂടിയായ അദ്ദേഹം പറഞ്ഞു.
സുപ്രീംകോടതിയിൽനിന്ന് ലഭിക്കാവുന്നതിൽ മികച്ചതാണ് ഇടക്കാല ഉത്തരവെന്ന് ഹരജിക്കാരനായ എ.ഐ.എം.ഐ നേതാവും ജെ.പി.സി അംഗവുമായ അസദുദ്ദീൻ ഉവൈസി പറഞ്ഞു. സ്റ്റേ ചെയ്യാത്ത മറ്റു വ്യവസ്ഥകളും ഭരണഘടനാവിരുദ്ധവും മൗലികാവകാശ ലംഘനവുമാണെന്ന് ബോധിപ്പിച്ചാണ് തങ്ങൾ സുപ്രീംകോടതിയിൽ വന്നതെന്നും നിയമപോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുപ്രീംകോടതി ഉത്തരവ് പ്രതീക്ഷ നൽകുന്നതാണെന്നും വഖഫ് നിയമത്തിനെതിരായ പോരാട്ടവുമായി മുന്നോട്ടുപോകുമെന്നും ജംഇയ്യതുൽ ഉലമായെ ഹിന്ദ് നേതാവ് മഹ്മൂദ് മദനി പ്രതികരിച്ചു.
കേൾക്കുക അഞ്ച് വീതം റിട്ട് ഹരജി
ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമത്തെ ചോദ്യംചെയ്തും അനുകൂലിച്ചും സമർപ്പിച്ച ഹരജികൾ വ്യാഴാഴ്ച 125ലെത്തിയ സാഹചര്യത്തിൽ അടുത്ത പ്രാവശ്യം മുതൽ ഇവയിൽ അഞ്ച് റിട്ട് ഹരജികൾ മാത്രമേ കേൾക്കൂവെന്ന് സുപ്രീംകോടതി. നിയമം ബാധിക്കുന്ന വ്യക്തികൾക്ക് പ്രാധാന്യം നൽകിയതോടെ കേരളത്തിൽനിന്നുള്ള സംഘടനകൾ ഈ അഞ്ചിലില്ല. ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് പ്രസിഡന്റ് അർശദ് മദനി, മുഹമ്മദ് ജമീർ മെർച്ചന്റ്, മുഹമ്മദ് ഫസ്ലുർറഹീം, ശൈഖ് നൂറുൽ ഹസൻ, അസദുദ്ദീൻ ഉവൈസി എന്നിവരുടെ ഹരജികളാണ് റിട്ട് ഹരജികളായി എടുക്കുക. ശേഷിക്കുന്ന ഹരജികളെല്ലാം കേസിൽ കക്ഷി ചേരാനുള്ള അപേക്ഷകളാക്കി കണക്കാക്കുമെന്നും ഉത്തരവിലുണ്ട്. ഈ ഹരജികളും ഹരജിക്കാരുടെ പേരിലല്ല പരിഗണിക്കുകയെന്നും മറിച്ച് ‘വഖഫ് ഭേദഗതി നിയമം 2025’1,2,3,4,5 എന്നീ പേരുകളാണ് ഇവക്ക് നൽകുകയെന്നും ഉത്തരവിലുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.