വിവാദ വ്യവസ്ഥകൾ നിലനിർത്തി; വഖഫിൽ കടുപ്പിച്ച്
text_fieldsകഴിഞ്ഞദിവസം ചേർന്ന വഖഫ് ജെ.പി.സി യോഗം (ഫയൽ ചിത്രം)
ന്യൂഡൽഹി: പ്രതിപക്ഷത്തിന്റെയും മുസ്ലിം സമുദായത്തിന്റെയും സംസ്ഥാന വഖഫ് ബോർഡുകളുടെയും കടുത്ത എതിർപ്പുകൾക്കിടയാക്കിയ വിവാദവ്യവസ്ഥകൾ ഏതാണ്ടെല്ലാം നിലനിർത്തി കണ്ണിൽ പൊടിയിടാൻ പേരിന് മാത്രം ഭേദഗതികൾ വരുത്തി 2024ലെ വഖഫ് ബില്ലുമായി മുന്നോട്ടുപോകാൻ സംയുക്ത പാർലമെന്ററി സമിതി ശിപാർശ. തിരക്കിട്ട് പാർലമെന്റിൽ ബിൽ അവതരിപ്പിക്കാൻ പാകത്തിൽ ജെ.പി.സി റിപ്പോർട്ടിനൊപ്പം ഭേദഗതി വരുത്തിയ ബില്ലിന്റെ കരടും ജെ.പി.സി അംഗങ്ങൾക്ക് വിതരണം ചെയ്തു. ബുധനാഴ്ച രാവിലെ 11നുള്ള യോഗത്തിൽ അംഗീകാരത്തിനെടുക്കേണ്ട കരട് റിപ്പോർട്ട് മതിയായ സമയം നൽകാതെ ചൊവ്വാഴ്ച ഏറെ വൈകിയാണ് അംഗങ്ങൾക്ക് നൽകിയത്.
വഖഫിന്റെ ചൈതന്യവും ലക്ഷ്യവും നഷ്ടപ്പെടുത്തുന്നതരത്തിൽ വഖഫ് നിയമത്തിന്റെ പേര് മാറ്റരുതെന്ന ബി.ജെ.പി ഭരിക്കുന്നതടക്കം മുഴുവൻ വഖഫ് ബോർഡുകളുടെയും ഐകകണ്ഠ്യേനയുള്ള ആവശ്യം തള്ളിയാണ് ജെ.പി.സി കരട് റിപ്പോർട്ടിന്റെ തുടക്കം. വഖഫ് നിയമം എന്നത് മാറ്റി ജെ.പി.സി വഖഫ് നിയമത്തിന് സർക്കാർ നൽകിയ ‘ഉമീദ്’ (യൂനിഫൈഡ് വഖഫ് മാനേജ്മെന്റ് എംപവർമെന്റ് എഫിഷ്യൻസി ആൻഡ് ഡെവലപ്മെന്റ് ) എന്ന പേരുതന്നെ വെക്കണമെന്ന് സമിതി ശിപാർശ ചെയ്തു.
ഏറെ പ്രതിഷേധത്തിനിടയാക്കിയ, വഖഫ് ബോർഡുകളിൽ രണ്ട് അമുസ്ലിംകൾ വേണമെന്ന വ്യവസ്ഥ കുറേക്കൂടി കടുപ്പിച്ചു. എക്സ് ഒഫിഷ്യോ സെക്രട്ടറി അമുസ്ലിമായാലും രണ്ട് അമുസ്ലിംകൾ വേറെയും ബോർഡിൽ വേണമെന്നാക്കി. എക്സ് ഒഫിഷ്യോ അംഗമായ സർക്കാർ ജോയന്റ് സെക്രട്ടറി ഒഴികെ രണ്ട് അമുസ്ലിംകൾ വേണമെന്ന പുതിയ ഭേദഗതിയിലൂടെ രണ്ടിൽ കൂടുതൽ അമുസ്ലിം അംഗങ്ങൾക്ക് വഴിയൊരുക്കി. വഖഫ് ബോർഡ് സി.ഇ.ഒ അടക്കമുള്ളവർ അമുസ്ലിംകളായിരിക്കാമെന്ന വ്യവസ്ഥ നിലനിർത്തി.
റിപ്പോർട്ടിലെ പ്രധാന ശിപാർശകൾ
- വഖഫ് ബോർഡുകളിൽ രണ്ട് അമുസ്ലിംകൾ വേണം. എക്സ് ഒഫിഷ്യോ സെക്രട്ടറി അമുസ്ലിമായാലും അതുകൂടാതെ രണ്ട് അമുസ്ലിംകളുണ്ടാകണം. അമുസ്ലിംകളും വഖഫ് തർക്കത്തിൽ ഗുണഭോക്താക്കളോ പാർട്ടികളോ ആയിരിക്കുമെന്നത് കൊണ്ടാണ് സംസ്ഥാന വഖഫ് ബോർഡിൽ ചുരുങ്ങിയത് രണ്ട് അമുസ്ലിംകളെ ഉൾപ്പെടുത്തണമെന്ന വ്യവസ്ഥ വെച്ചതെന്ന് ന്യായം.
- ഇതുകൂടാതെ സംസ്ഥാന വഖഫ് ബോർഡിന്റെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറും മുസ്ലിം സമുദായത്തിൽനിന്ന് മാത്രമാകണമെന്നില്ല. എല്ലാ സമുദായത്തിൽനിന്നുമാകാം.
- അഞ്ച് വർഷമായി ഇസ്ലാം മതം അനുഷ്ഠിക്കുന്ന ഒരാൾക്കേ വഖഫ് ചെയ്യാൻ അവകാശമുള്ളൂ എന്ന വ്യവസ്ഥ ഭേദഗതിയിലൂടെ കടുപ്പിച്ചു. അഞ്ച് വർഷം മുസ്ലിമാണെന്ന് കാണിക്കുകയോ പ്രകടിപ്പിക്കുകയോ ചെയ്യുന്ന ആൾക്ക് മാത്രമേ വഖഫ് ചെയ്യാവൂ എന്നാക്കി.
- ഒരു സംസ്ഥാനത്ത് വഖഫ് സ്വത്തുക്കൾ സർവേ നടത്തി നിർണയിക്കാനുള്ള സർവേ ചുമതല വഖഫ് കമീഷണർമാരിൽനിന്ന് മാറ്റി ഓരോ ജില്ലയിലെയും ജില്ല കലക്ടർമാർക്കാക്കിയ വ്യവസ്ഥ ശരിവെച്ചു.
- വഖഫ് സ്വത്ത് സംബന്ധിച്ച ട്രൈബ്യൂണലിന്റെ തീരുമാനം അന്തിമമല്ല. അതിനെതിരെ ഹൈകോടതിയെ സമീപിക്കാമെന്ന വ്യവസ്ഥ ശരിവെച്ചു.
- പുതിയ വഖഫ് സ്വത്തുക്കൾക്ക് രജിസ്ട്രേഷൻ വേണമെന്നത് ശരിവെച്ചു. എന്നാൽ, ആറ് മാസത്തിനകം രജിസ്റ്റർ ചെയ്യണമെന്ന കാലയളവ് കോടതിക്ക് വേണമെങ്കിൽ നീട്ടിക്കൊടുക്കാമെന്ന് ഭേദഗതി.
- ‘ഉപയോഗത്തിലൂടെ വഖഫ്’ എടുത്തുകളഞ്ഞ വിവാദ നടപടി ഒഴിവാക്കി. എന്നാൽ ‘ഉപയോഗത്തിലൂടെ വഖഫ്’ സർക്കാർ സ്വത്താകാനോ തർക്കത്തിലുള്ള സ്വത്താകാനോ പാടില്ലെന്ന ഉപാധിവെച്ചു. അതുപ്രകാരം വഖഫ് ആയത് സർക്കാർ കൈവശപ്പെടുത്തിയാലും തർക്കത്തിലായാലും വഖഫായി അംഗീകരിക്കില്ല.
- നിലവിൽ വഖഫ് ഡീഡ് ഇല്ലാത്ത സ്വത്തുക്കൾക്ക് പുതിയ വഖഫ് രജിസ്റ്റർ ചെയ്യുമ്പോൾ പത്രങ്ങളിൽ പരസ്യം ചെയ്യണമെന്ന ഉപാധി ശരിവെച്ചു
- വഖഫ് സ്വത്താണെന്ന് കണ്ടെത്തിയ ഒരു സർക്കാർ സ്വത്തും വഖഫ് സ്വത്തായി പരിഗണിക്കില്ലെന്ന വിവാദ ശിപാശയും ജെ.പി.സി അംഗീകരിച്ചു.
- എന്നാൽ, ഒരു സ്വത്ത് വഖഫ് സ്വത്താണോ സർക്കാർ സ്വത്താണോ എന്ന് തീരുമാനിക്കാൻ വഖഫ് കമീഷണർക്ക് ഉണ്ടായിരുന്ന അധികാരം പുതിയ ബില്ലിൽ കലക്ടർക്ക് നൽകിയത് ഭേദഗതി ചെയ്ത് ‘സംസ്ഥാന സർക്കാർ നിയോഗിക്കുന്ന ഉദ്യോഗസ്ഥന്’ എന്നാക്കി. ഫലത്തിൽ സർക്കാറിനുതന്നെ ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ അധികാരം കിട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.