'വിശ്വഹിന്ദു പരിഷത്തിന്റെ രൂപീകരണം പോലും മാര്‍പ്പാപ്പയുടെ സന്ദര്‍ശനത്തോടുള്ള എതിർപ്പിനെ തുടർന്നായിരുന്നു'; ബി.ജെ.പി ഇന്ന് ക്രൈസ്തവരുടെ രക്ഷകരായി നടിക്കുന്നുവെന്ന് കെ.സി വേണുഗോപാൽ
text_fieldsന്യൂഡൽഹി : വഖഫ് ബിൽ ന്യൂനപക്ഷങ്ങളുടെ സ്വയംഭരണത്തിനും വിശ്വാസങ്ങൾക്കും അവകാശങ്ങള്‍ക്കും ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിനും മേലുള്ള നഗ്‌നമായ ആക്രമണമാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി.
വഖഫ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട ചർച്ചയിൽ ലോക്സഭയിൽ സംസാരിക്കുകയായിരുന്നു.
ഈ സർക്കാരിന് ഒരൊറ്റ അജണ്ടയെ ഉള്ളൂ, ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന അജണ്ടയാണിത്. ജനങ്ങളുടെ ദൈനം ദിന ജീവിതത്തെ ബാധിക്കുന്ന, വിഷയങ്ങൾ തൊഴിലില്ലായ്മ ഉൾപ്പെടെ, കർഷക രോഷമോ ഒന്നും സർക്കാരിന്റെ വിഷയമേ അല്ല. ജനങ്ങളെ മതത്തിന്റെ പേരിൽ ഭിന്നിപ്പിച്ചു ചോര കുടിക്കുന്ന സൃഗാല ബുദ്ധിയാണ് ഈ സർക്കാരിനുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി വിദേശരാജ്യങ്ങളിൽ നിരന്തരം സഞ്ചരിച്ച് ഒരു ലോകനേതാവാകാൻ ശ്രമിക്കുകയാണ്. എന്നാൽ ഇവിടെ, മതത്തിന്റെ പേരിൽ നിങ്ങൾ ഈ രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നു. രാഷ്ട്രീയ നേട്ടത്തിനായി നിങ്ങൾ രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുകയാണ്. ന്യൂനപക്ഷത്തിനെതിരല്ല ബില്ലെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു ആവര്‍ത്തിച്ച് പറയുകയാണെന്നും കുറ്റബോധമാണ് മന്ത്രിയെക്കൊണ്ട് ഇങ്ങനെ പറയിക്കുന്നതെന്നും കെ.സി വേണുഗോപാൽ അഭിപ്രായപ്പെട്ടു.
ഇത് മുസ്‌ലിം സമുദായത്തിന്റെ മാത്രം കാര്യമല്ല. ഭൂരിപക്ഷ രാഷ്ട്രമെന്ന സ്വപ്നം കെട്ടിപ്പടുക്കാന്‍ ഈ സര്‍ക്കാര്‍ എല്ലാ ന്യൂനപക്ഷങ്ങളെയും ലക്ഷ്യമിടുന്നു. പാര്‍ലമെന്റിലെ ആംഗ്ലോ-ഇന്ത്യന്‍ പ്രാതിനിധ്യം റദ്ദാക്കിയതും ഇത്തരമൊരു നീക്കമായിരുന്നു. ഇന്ന് ക്രൈസ്തവ സമൂഹങ്ങളുടെ രക്ഷകരായി നടിക്കുകയാണ് ബി.ജെ.പി. 1964-ല്‍ വിശ്വഹിന്ദു പരിഷത്തിന്റെ രൂപീകരണം പോലും മാര്‍പ്പാപ്പയുടെ സന്ദര്‍ശനത്തോടുള്ള എതിർപ്പിനെ തുടർന്നായിരുന്നു എന്ന് നാം വിസ്മരിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കേരളത്തില്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഹിന്ദു എം.എല്‍എമാര്‍ക്ക് മാത്രമേ അതിൽ വോട്ട് ചെയ്യാൻ അവകാശമുള്ളൂ. 1988ലെ ശ്രീ മാതാ വൈഷ്‌ണോ ദേവി ഷ്റൈന്‍ ആക്ട് പ്രകാരം ലെഫ്റ്റനന്റ് ഗവർണർ ആണ് ചെയര്‍മാന്‍. ഇനി ആ പദവിയിൽ ഹിന്ദു വിശ്വാസിയില്ലാത്ത ഒരാളാണെങ്കിൽ വിശ്വാസിയായ ഒരാളെ നിർദേശിക്കണമെന്ന് അനുശാസിക്കുന്നുണ്ട്. ഇത് വിവേചനമില്ല, മറിച്ച് വിശ്വാസങ്ങളോടുള്ള ബഹുമാനമാണ്. വസ്തുത ഇതായിരിക്കെ വഖഫ് സ്ഥാപനങ്ങളെ മാത്രം ലക്‌ഷ്യം വയ്ക്കുന്നത് വിവേചനമാണ്.
മുനമ്പം വിഷയത്തിൽ അവിടുത്തെ ജനങ്ങൾക്ക് നീതികിട്ടാൻ ഏതറ്റം വരെയും പോകുമെന്ന് ഞങ്ങൾ പലതവണ ആവർത്തിച്ച വിഷയമാണ്. കെ.സി.ബി.സിയും സി.ബി.സി.ഐയും ഉന്നയിക്കുന്ന കാര്യങ്ങൾ ഗൗരവതരമാണെന്ന് ഇപ്പോഴെങ്കിലും മന്ത്രി അംഗീകരിക്കുന്നുവെന്നത് സന്തോഷകരമായ കാര്യമാണ്. സര്‍ക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധ അജണ്ടകളെ കെ.സി.ബി.സി തന്നെ പലതവണ അപലപിച്ച കാര്യം അദ്ദേഹം മറന്നുവോയെന്ന് സംശയമുണ്ട്.
രാജ്യത്തുടനീളം ക്രിസ്തീയ ദേവാലയങ്ങൾക്കെതിരെയും, വിശ്വാസികൾക്കെതിരെയും അതിക്രമം നടക്കുമ്പോൾ അത് സഭയിൽ ഉന്നയിക്കാൻ പോലും അനുമതി നൽകാത്ത സർക്കാരാണിത്. രാജ്യത്ത് ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള ആക്രമണം വര്‍ധിച്ചിരിക്കുകയാണെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ ക്രൈസ്തവര്‍ ആക്രമിക്കപ്പെടുകയാണ്. സംഘ്പരിവാര്‍ അജണ്ടയാണ് നടപ്പാക്കുന്നത്. ആറ്റുകാല്‍ പൊങ്കാലയ്ക്ക് ലക്ഷക്കണക്കിന് സ്ത്രീകള്‍ എത്തുന്നു. ഒരു വശത്ത് മുസ്‌ലിം പള്ളിയും മറുവശത്ത് ക്രിസ്ത്യന്‍ പള്ളിയും സ്ഥിതി ചെയ്യുന്നു. പുരോഹിതര്‍ സ്ത്രീകള്‍ക്ക് വെള്ളം നല്‍കുന്ന കാഴ്ചയുമുണ്ടെന്നും കേരളത്തിലെ മതമൈത്രിയെ ഉയർത്തിക്കാട്ടി കെ.സി വേണുഗോപാൽ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.