വഖഫ് ബിൽ അടിച്ചേൽപിച്ച് കേന്ദ്രം: 12 മണിക്കൂർ നീണ്ട ചർച്ച, ഒടുവിൽ അർധരാത്രി വോട്ടിനിട്ടു
text_fieldsന്യൂഡൽഹി: പാർലമെന്ററി ചട്ടങ്ങളും കീഴ്വഴക്കങ്ങളും ലംഘിച്ച് വിവാദ വഖഫ് ബിൽ ലോക്സഭയിൽ അടിച്ചേൽപിച്ച് കേന്ദ്ര സർക്കാർ വഖഫിൽ പിടിമുറുക്കി. 12മണിക്കൂർ നീണ്ട ചർച്ചയിൽ വഖഫിനെ കുറിച്ചുള്ള അർധസത്യങ്ങളും വ്യാജ ആരോപണങ്ങളും പ്രതിപക്ഷം പൊളിച്ചടുക്കി. വഖഫ് പിടിച്ചടക്കുകയെന്ന സർക്കാർ ലക്ഷ്യം തുറന്നുകാട്ടപ്പെട്ട സഭയിൽ ഇൻഡ്യസഖ്യത്തിന്റെ ഒറ്റക്കെട്ടായ എതിർപ്പിനിടയിലും എൻ.ഡി.എ ഘടകകക്ഷികളുടെ പിന്തുണ സർക്കാർ ഉറപ്പാക്കി. രാത്രി 12 മണിക്ക് ശേഷമാണ് ഭേദഗതി ബിൽ വോട്ടിനിട്ടത്. 390 പേർ പങ്കെടുത്ത വോട്ടെടുപ്പിൽ ആദ്യ ഭേദഗതിക്ക് 226 വോട്ടുലഭിച്ചു. 163 പേർ എതിർത്തു. ഒരാൾ വിട്ടുനിന്നു. തുടർന്ന് മറ്റുഭേദഗതികൾ വോട്ടിനിട്ടു.
ജഗദാംബിക പാൽ അധ്യക്ഷനായ സംയുക്ത പാർലമെന്ററി സമിതി (ജെ.പി.സി) തങ്ങളുടെ റിപ്പോർട്ടിനൊപ്പം സമർപ്പിച്ച വഖഫ് ബില്ലിന്റെ കരട് പുതിയ ബിൽ ആക്കി അടിച്ചേൽപിച്ചത് നിയമവിരുദ്ധമാണെന് സഭാ ചട്ടങ്ങളും കീഴ്വവഴക്കങ്ങളും ഉദ്ധരിച്ച് എൻ.കെ. പ്രേമചന്ദ്രൻ ക്രമപ്രശ്നത്തിലൂടെ ചോദ്യം ചെയ്തതോടെ സർക്കാർ പരുങ്ങലിലായി. എവിടെനിന്നാണ് ഈ ബിൽ എത്തിയതെന്ന് ചോദിച്ചപ്പോൾ നാഗ്പൂരിൽനിന്ന് എന്ന് പ്രതിപക്ഷ അംഗങ്ങൾ ഒന്നാകെ വിളിച്ചു പറഞ്ഞു. സ്പീക്കറുടെ നിസ്സഹായാവസ്ഥക്കിടെ എഴുന്നേറ്റ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കും ചട്ടമോ കീഴ്വഴക്കമോ ചൂണ്ടിക്കാട്ടാനായില്ല.
എന്നാൽ, കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം കിട്ടിയ ഏത് ബില്ലും പാർലമെന്റിൽ കൊണ്ടുവരാനുള്ള അധികാരം സർക്കാറിനുണ്ടെന്ന് പറഞ്ഞ് കേന്ദ്ര ന്യൂനപക്ഷ മന്ത്രി കിരൺ റിജിജുവിനോട് ബിൽ അവതരണവുമായി മുന്നോട്ടു പോകാൻ അമിത് ഷാ ആവശ്യപ്പെട്ടു. അമിത് ഷാക്ക് പിന്നാലെ പ്രേമചന്ദ്രൻ ഉന്നയിച്ച ക്രമപ്രശ്നം തള്ളുകയാണെന്ന് സ്പീക്കർ റൂളിങ് നൽകിയതോടെയാണ് ബിൽ അവതരണത്തിന് കളമൊരുങ്ങിയത്.
തുടർന്ന് വഖഫ് ബില്ലിന് ന്യായമായി സർക്കാർ ഉയർത്തിയ അവകാശവാദങ്ങളെല്ലാം പ്രതിപക്ഷം തരിപ്പണമാക്കുന്നതിനാണ് 12 മണിക്കൂറിലേറെ നീണ്ട ചർച്ച സാക്ഷ്യം വഹിച്ചത്. മുനമ്പം ഭൂമി പ്രശ്നം, സ്ത്രീ പ്രാതിനിധ്യം, ക്ഷേത്രഭൂമികളുടെ കൈയേറ്റം, സർക്കാറിന്റെ വഖഫ് കൈയേറ്റം തുടങ്ങിയ വിഷയങ്ങളിലെല്ലാം വഖഫിനെയും വഖഫ് ബോർഡിനെയും പ്രതിക്കൂട്ടിൽ നിർത്താൻ അമിത് ഷായുടെയും റിജിജുവിന്റെയും നേതൃത്വത്തിൽ ഭരണപക്ഷം നടത്തിയ ആരോപണങ്ങളും അവകാശവാദങ്ങളും ഗൗരവ് ഗോഗോയ്, കെ.സി. വേണുഗോപാൽ, അഖിലേഷ് യാദവ്, കല്യാൺ ബാനർജി, എ. രാജ എന്നിവരുടെ നേതൃത്വത്തിൽ പ്രതിപക്ഷം തുറന്നുകാട്ടിയതോടെ പല പ്രസ്താവനകളും പിൻവലിക്കുന്നതിനും സഭാരേഖകളിൽനിന്ന് നീക്കം ചെയ്യുന്നതിനും ലോക്സഭ സാക്ഷ്യം വഹിച്ചു.
വഖഫ് ബോർഡുകളിൽ പണ്ടു മുതൽക്കേയുള്ള സ്ത്രീ പ്രാതിനിധ്യം പറഞ്ഞ് ഗൗരവ് ഗോഗോയിയും മുസ്‍ലിം സ്‍ത്രീ പ്രാതിനിധ്യമാണ് ബില്ലിന്റെ ലക്ഷ്യമെന്ന വാദം പൊളിച്ചു. മല്ലികാർജുൻ ഖാർഗെ വഖഫ് കൈയേറിയെന്ന് ആരോപിച്ച അനുരാഗ് ഠാക്കൂറിനെകൊണ്ട് കെ.സി. വേണുഗേപാൽ ആ പരാമർശം പിൻവലിപ്പിക്കുകയും ചെയറിനെകൊണ്ട് സഭാരേഖളകിൽനിന്ന് നീക്കം ചെയ്യിക്കുകയും ചെയ്തു.
തമിഴ്നാട്ടിലെ 400 ഏക്കർ ഹിന്ദുക്ഷേത്ര ഭൂമി വഖഫ് ആക്കിയെന്ന കിരൺ റിജിജുവും അമിത് ഷായും നടത്തിയ ആരോപണം കള്ളമാണെന്നും അതു തെളിയിച്ചാൽ താൻ ലോക്സഭ എം.പി സ്ഥാനം രാജിവെക്കുമെന്ന് വെല്ലുവിളിച്ചു. 1987 -ൽ ഹിന്ദുക്ഷേത്രം ഹിന്ദുക്കൾക്ക് വിട്ടുകൊടുക്കണമെന്ന് പറഞ്ഞ് കേരളത്തിൽ കലാപമുണ്ടാക്കിയെന്ന് ഓർമിപ്പിച്ച സി.പി.എം നേതാവ് കെ. രാധാകൃഷ്ണൻ അമുസ്‍ലിംകളെ വഖഫ് ബോർഡിൽ ഉൾപ്പെടുത്തുന്നതിന്റെ സാംഗത്യം ചോദ്യം ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.