വഖഫ് ബില്ലിൽ തിരക്കിട്ട നീക്കം; പ്രഥമ ജെ.പി.സി യോഗം 22ന്
text_fieldsന്യൂഡൽഹി: മോദി സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച വിവാദ വഖഫ് ഭേദഗതി നിയമം പരിശോധിക്കാനായി രൂപവത്കരിച്ച സംയുക്ത പാർലമെന്ററി സമിതി (ജെ.പി.സി) പ്രഥമ യോഗം 22ന് ചേരും. പാർലമെന്റ് മന്ദിരത്തിന്റെ അനക്സിൽ പാർലമെന്ററി സമിതി യോഗങ്ങൾക്കുള്ള മുറിയിൽ വ്യാഴാഴ്ച രാവിലെ 11നാണ് യോഗം ചേരുന്നത്. ജെ.പി.സി റിപ്പോർട്ട് പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽതന്നെ അവതരിപ്പിക്കാവുന്ന തരത്തിൽ തിരക്കിട്ട നീക്കമാണ് സർക്കാർ നടത്തുന്നത്.
അതിനിടെ വഖഫ് കൈയേറ്റങ്ങൾ തിരിച്ചുപിടിക്കുന്നതിന് വഖഫ് ബോർഡുകൾക്കും ട്രൈബ്യൂണലുകൾക്കും നിലവിലുള്ള നിയമപരമായ അവകാശമില്ലാതാക്കുന്ന ബില്ലിനെതിരെ ദേശവ്യാപക കാമ്പയിന് ജംഇയ്യതുൽ ഉലമായേ ഹിന്ദ് തുടക്കമിട്ടു. ഇതിന്റെ ഭാഗമായി പ്രതിപക്ഷ നേതാക്കളെയും ജെ.പി.സിയിലുള്ള പ്രതിപക്ഷ അംഗങ്ങളെയും ജംഇയ്യത് നേരിൽ കണ്ടുതുടങ്ങി.
നിലവിലുള്ള വഖഫ് സംരക്ഷണ നിയമം അടിമുടി പൊളിച്ചെഴുതി 44 നിയമഭേദഗതികളുള്ള 2024ലെ വഖഫ് ഭേദഗതി ബില്ലിനെക്കുറിച്ച് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ പ്രതിനിധികൾ ജെ.പി.സി യോഗത്തിൽ വിശദീകരിക്കും. കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ പ്രതിനിധികളും പ്രഥമ യോഗത്തിൽ സന്നിഹിതരായിരിക്കുമെന്നും ലോക്സഭ സെക്രട്ടേറിയറ്റ് പുറത്തുവിട്ട അജണ്ട വ്യക്തമാക്കുന്നു. വ്യാഴാഴ്ച യോഗത്തിൽ പങ്കെടുക്കാനുള്ള ക്ഷണം അംഗങ്ങൾക്ക് ലഭിച്ചതായി ജെ.പി.സി അംഗവും ഡി.എം.കെ രാജ്യസഭ എം.പിയുമായ അബ്ദുല്ല ‘മാധ്യമ’ത്തോട് പറഞ്ഞു. ബി.ജെ.പി നേതാവ് ജഗദാംബികാ പാൽ നയിക്കുന്ന ഭൂരിപക്ഷവും എൻ.ഡി.എ എം.പിമാരുള്ള സമിതിയിൽ ബിൽ അവതരണത്തെ ലോക്സഭയിൽ ശക്തമായി എതിർത്ത മുസ്ലിം ലീഗിന്റെ പ്രതിനിധികളെ ആരെയും ഉൾപ്പെടുത്തിയിട്ടില്ല.
ദേശീയ കാമ്പയിന്റെ ഭാഗമായി കേന്ദ്രതലത്തിലും വിവിധ സംസ്ഥാനതലങ്ങളിലും ബില്ലിനെതിരെ പിന്തുണ സമാഹരിക്കാൻ പ്രതിപക്ഷ നേതാക്കളുമായി ചർച്ച നടത്തുമെന്ന് ജംഇയ്യത് അഖിലേന്ത്യ അധ്യക്ഷൻ മൗലാന അർശദ് മദനി വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ജംഇയ്യതുൽ ഉലമയുടെയും അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡിന്റെയും സംയുക്ത പ്രതിനിധി സംഘം ഇന്ന് തമിഴ്നാട് മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ എം.കെ. സ്റ്റാലിനെ കാണും. മഹാരാഷ്ട്രയിൽനിന്നുള്ള പ്രതിപക്ഷ ജെ.പി.സി അംഗങ്ങളായ അരവിന്ദ് സാവന്ത്, മേറട്ട ബല്യ എന്നിവരുമായി സംയുക്ത പ്രതിനിധിസംഘം ഇതിനകം ചർച്ച നടത്തി. ബിൽ വഖഫ് സ്വത്തുക്കൾ സംരക്ഷിക്കാനല്ലെന്നും മറിച്ച് സംരക്ഷണം ദുർബലപ്പെടുത്താനാണെന്നും മൗലാന അർശദ് മദനി കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.