വഖഫ് ബോർഡ്: ഷാഫി സഅദി അടക്കമുള്ളവർക്ക് പകരം പുതിയ അംഗങ്ങളെ കർണാടക സർക്കാർ നാമനിർദേശം ചെയ്യും
text_fieldsബംഗളൂരു: കർണാടക വഖഫ് ബോർഡ് ചെയർമാൻ എൻ.കെ. മുഹമ്മദ് ഷാഫി സഅദി അടക്കമുള്ളവരെ അയോഗ്യനാക്കിയ സിദ്ധരാമയ്യ സർക്കാർ, പുതിയ നാല് അംഗങ്ങളെ ഉടൻ നാമനിർദേശം ചെയ്യും. ബി.ജെ.പി സർക്കാർ വഖഫ് ബോർഡിലേക്ക് നാമനിർദേശം ചെയ്ത ഷാഫി സഅദി, മിർ അസ്ഹർ ഹുസൈൻ, ജി. യാക്കൂബ്, ഐ.എ.എസ് ഓഫിസർ സെഹറ നസീം എന്നിവരുടെ അംഗത്വമാണ് സർക്കാർ തിങ്കളാഴ്ച പിൻവലിച്ചത്. ഇതോടെ വഖഫ് ബോർഡ് അധ്യക്ഷ സ്ഥാനത്തുനിന്ന് ഷാഫി സഅദി പുറത്താവും.
സംസ്ഥാന വഖഫ് ബോർഡിലെ 10 അംഗങ്ങളിൽ ആറുപേർ വിവിധ കാറ്റഗറികളിലായി തെരഞ്ഞെടുക്കപ്പെട്ടവരാണ്. മറ്റു നാലുപേർ സർക്കാർ നോമിനികളും. സർക്കാർ നോമിനികളുടെ നാമനിർദേശമാണ് കേന്ദ്ര വഖഫ് നിയമത്തിലെ 20 ആം വകുപ്പ് പ്രകാരം സിദ്ധരാമയ്യ സർക്കാർ റദ്ദാക്കിയത്. പകരം മറ്റു നാലുപേരെ വൈകാതെ നാമനിർദേശം ചെയ്യും. ഇതോടെ വഖഫ് ബോർഡിൽ കോൺഗ്രസ് അനുകൂല അംഗങ്ങൾക്ക് ഭൂരിപക്ഷം ലഭിക്കുകയും ചെയർമാൻ പദവി ലഭിക്കുകയും ചെയ്യും.
2021 നവംബർ 17ന് വഖഫ് ബോർഡ് ചെയർമാൻ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് കാന്തപുരം വിഭാഗം സംഘടനയായ കർണാടക മുസ്‍ലിം ജമാഅത്തിന്റെ ജനറൽ സെക്രട്ടറിയായിരുന്ന ഷാഫി സഅദി തെരഞ്ഞെടുക്കപ്പെട്ടത്. കോൺഗ്രസ് പിന്തുണയുണ്ടായിരുന്ന ആസിഫ് അലി ഷെയ്ക്ക് ഹുസൈനെയാണ് അന്ന് പരാജയപ്പെടുത്തിയിരുന്നത്. ഷാഫി സഅദിയുടെ ജയം തങ്ങളുടെ ജയമായി അന്ന് ബി.ജെ.പി ആഘോഷിച്ചിരുന്നു.
കഴിഞ്ഞദിവസം ഷാഫി സഅദി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ ചെന്നുകണ്ടിരുന്നു. ചെയർമാൻ സ്ഥാനത്ത് തുടരാൻ അനുവദിക്കണമെന്ന അഭ്യർഥനയുമായാണ് സമീപിച്ചതെന്നാണ് വിവരം. വഖഫ് ബോർഡിലെ നാമനിർദേശങ്ങൾക്ക് പുറമെ, കഴിഞ്ഞ ബി.ജെ.പി സർക്കാറിന്റെ കാലത്ത് കർണാടക സംസ്ഥാന സർക്കാറിന്റെ വിവിധ കോർപറേഷനുകൾ, ബോർഡുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, മറ്റ് സർക്കാർ, സർക്കാരിതര, മറ്റ് എല്ലാ പ്രസിഡന്റുമാർ, ഡയറക്ടർമാർ, അംഗങ്ങൾ എന്നിവരുടെ ശുപാർശകളും നിയമനങ്ങളും സിദ്ധരാമയ്യ സർക്കാർ റദ്ദാക്കിയിട്ടുണ്ട്. ഇത് തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.