വഖഫ് ജെ.പി.സി പ്രഥമ യോഗം ഇന്ന്: ശൈത്യകാല സമ്മേളനത്തിൽ റിപ്പോർട്ട് സമർപ്പിക്കും
text_fieldsന്യൂഡൽഹി: മോദി സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച വിവാദ വഖഫ് ഭേദഗതി നിയമം പരിശോധിക്കാനായി രൂപവത്കരിച്ച സംയുക്ത പാർലമെന്ററി സമിതി (ജെ.പി.സി) പ്രഥമ യോഗം ഇന്ന് ചേരും. പാർലമെന്റ് മന്ദിരത്തിന്റെ അനക്സിൽ രാവിലെ 11 മണിക്കാണ് യോഗം ചേരുന്നത്.
നിലവിലുള്ള വഖഫ് സംരക്ഷണ നിയമം അടിമുടി പൊളിച്ചെഴുതുന്നതരത്തിൽ 44 ഭേദഗതികൾ കൊണ്ടുവന്ന 2024ലെ വഖഫ് ഭേദഗതി ബില്ലിനെക്കുറിച്ച് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ പ്രതിനിധികൾ ജെ.പി.സി യോഗത്തിൽ വിശദീകരിക്കും. കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ പ്രതിനിധികളും യോഗത്തിലുണ്ടാകും. ബി.ജെ.പി നേതാവ് ജഗദാംബികാ പാൽ നയിക്കുന്ന, ഭൂരിപക്ഷവും എൻ.ഡി.എ എം.പിമാരുള്ള ജെ.പി.സി പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ റിപ്പോർട്ട് സമർപ്പിക്കും.
അഞ്ചു വർഷത്തിനിടെ ആദ്യമായാണ് ഒരു ബില്ല് പ്രതിപക്ഷം കൂടി ഭാഗമാകുന്ന സംയുക്ത പാർലമെന്ററി സമിതി (ജെ.പി.സി)യുടെ സൂക്ഷ്മ പരിഗണനക്ക് വിടുന്നത്. 2019ൽ വ്യക്തിഗത വിവര സംരക്ഷണ നിയമമായിരുന്നു അവസാനം ഇങ്ങനെ ജെ.പി.സിക്ക് വിട്ടത്. യു.പി.എ കാലത്ത് ഇത് പതിവ് സംഭവമായിരുന്നിരിക്കെയാണ് കേവല ഭൂരിപക്ഷത്തോടെ ബി.ജെ.പി അധികാരം കൈയാളിയ കാലത്ത് ഒറ്റ ഒന്നിൽ ഒതുങ്ങിയത്.
2023 ജനുവരി- ഡിസംബറിൽ മാത്രം 49 ബില്ലുകൾ ഇരു സഭകളും അനായാസം കടന്നിട്ടുണ്ടെന്നുകൂടി ചേർത്തുവായിക്കണം. 16ാം ലോക്സഭയിൽ 25ഉം 17ലെത്തുമ്പോൾ 16ഉം ശതമാനം ബില്ലുകൾ വിശദപരിശോധനക്ക് സമിതികൾക്ക് വിട്ടപ്പോൾ മൻമോഹൻ സിങ് ഭരിച്ച രണ്ട് ഊഴങ്ങളിൽ ഇത് യഥാക്രമം 60ഉം 71ഉം ശതമാനമായിരുന്നു കണക്ക്.
44 ഭേദഗതികളാണ് പുതുതായി അവതരിപ്പിച്ച ഭേദഗതി ബില്ലിലുള്ളത്. വഖഫ് സ്വത്തുക്കളുടെ കൈകാര്യത്തിന് പരമാധികാരമുള്ള വഖഫ് ബോർഡുകളുടെ അധികാരം നിയന്ത്രിക്കും (നിലവിലെ 40ാം വകുപ്പ് എടുത്തുകളയും). വഖഫ് ബോർഡുകളിൽ മുസ്ലിം ഇതര അംഗങ്ങളെ ഉൾപ്പെടുത്തും (ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ വരെ അങ്ങനെയാകാം, ചുരുങ്ങിയത് രണ്ടുപേർ മുസ്ലിം ഇതരരാകണം), വഖഫ് ട്രൈബ്യൂണലുകളുടെ അധികാരം എടുത്തുകളയും. തർക്കങ്ങളിൽ അന്തിമ തീർപ്പ് വഖഫ് ട്രൈബ്യൂണലുകൾക്കുപകരം ജില്ല കലക്ടറുടേതാകും. ഈ നിയമത്തിന് മുമ്പോ ശേഷമോ വഖഫായി തിരിച്ചറിഞ്ഞതും പ്രഖ്യാപിച്ചതും ആയ സർക്കാർ വസ്തുക്കൾ വഖഫ് വസ്തുവായി പരിഗണിക്കില്ല.
പുതിയ നിബന്ധനകൾ
- 3എ, 3ബി, 3സി എന്നീ മൂന്ന് വകുപ്പുകൾ അധികമായി ചേർക്കുന്നു. പുതുതായി വഖഫ് ചെയ്യുന്നതിൽ കടുത്ത നിബന്ധനകൾ.
- വഖഫ് ചെയ്യുന്നത് മക്കൾക്കോ അവകാശികളായ സ്ത്രീകൾക്കോ ഭൂമിക്കുമേലുള്ള അനന്തരാവകാശം നിഷേധിക്കുന്നതാകില്ല.
- പുതിയ നിയമം പ്രാബല്യത്തിലായി ആറു മാസത്തിനകം നിലവിലെ എല്ലാ വഖഫുകളും വീണ്ടും രജിസ്റ്റർ ചെയ്തിരിക്കണം.
- കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ നിർദേശിക്കുന്ന ഓഡിറ്ററോ കേന്ദ്ര സർക്കാർ നിർദേശിക്കുന്ന മറ്റ് ഉദ്യോഗസ്ഥനോ വഴി ഏതു വഖഫ് വസ്തുവും ഏതു സമയത്തും ഓഡിറ്റ് നടത്താൻ കേന്ദ്രസർക്കാറിന് അധികാരമുണ്ടാകും.
വഖഫ് ബോർഡുകളിലും അടിമുടിമാറ്റം
കേന്ദ്ര വഖഫ് കൗൺസിലിലും സംസ്ഥാന തല വഖഫ് ബോർഡുകളിലും അടിമുടി മാറ്റം നിർദേശിക്കുന്നതാണ് പുതിയ നിയമം. മുസ്ലിം വനിതകൾ, മുസ്ലിം ഇതരർ എന്നിവർക്കും പ്രാതിനിധ്യം ഉറപ്പാക്കണം. ബോഹ്റകൾ, ആഗാഖാനികൾ എന്നീ വിഭാഗങ്ങൾക്ക് പ്രത്യേക ഔഖാഫ് ബോർഡും ശിപാർശ ചെയ്യുന്നു.
രേഖയില്ലെങ്കിൽ ഇനി വഖഫല്ല
മുമ്പ് പലപ്പോഴും വഖഫ് ചെയ്യൽ വാചികമായി ചെയ്തുപോന്ന ഒന്നായിരുന്നു. വഖഫ്നാമ വഴി രേഖയിലാക്കൽ പിന്നീടാണ് വന്നത്. വഖഫ്നാമ ഇല്ലെങ്കിലും സ്ഥിരമായി വഖഫ് ഭൂമിയായി ഉപയോഗിച്ചുപോരുന്ന മസ്ജിദ് പോലുള്ളവ വഖഫ് ആയാണ് ഗണിക്കപ്പെട്ടുപോരുന്നത്. എന്നാൽ, ‘ഉപയോഗം കൊണ്ട് വഖഫ്’ എന്ന വകുപ്പ് ഒഴിവാക്കിയ പുതിയ നിയമം പ്രാബല്യത്തിലാകുന്നതോടെ ഇത്തരം വസ്തുക്കൾ വഖഫ് അല്ലാതാകും.
കേന്ദ്ര വഖഫ് കൗൺസിൽ
കേന്ദ്ര സർക്കാർ, സംസ്ഥാന സർക്കാറുകൾ, വഖഫ് ബോർഡുകൾ എന്നിവയെ ഉപദേശിക്കാൻ ബില്ലിൽ കേന്ദ്ര വഖഫ് കൗൺസിൽ എന്ന സ്ഥാപനം നിർദേശിക്കുന്നുണ്ട്. ലോക്സഭയിൽനിന്ന് രണ്ടും രാജ്യസഭയിൽനിന്ന് ഒന്നുമായി മൂന്ന് എം.പിമാരെ കേന്ദ്രത്തിന് ചുമതലപ്പെടുത്താം. ഇവർ മുസ്ലിംകളാകണമെന്ന് ബിൽ പറയുന്നില്ല. നിലവിലെ നിയമപ്രകാരം ഈ മൂന്ന് എം.പിമാർ മുസ്ലിംകളാകണം.
പുതിയ നിയമത്തിൽ വഖഫ് നിയന്ത്രണം എങ്ങനെ?
സർവേ കമീഷണർ- പ്രാദേശികമായി അന്വേഷണം നടത്തിയും സാക്ഷികളെ വിസ്തരിച്ചും പൊതുരേഖകൾ പരിശോധിച്ചും വഖഫ് സ്വത്തുക്കളുടെ പട്ടിക സൂക്ഷിക്കാൻ ചുമതലപ്പെട്ടയാൾ.
മുതവല്ലി (പരിപാലന ചുമതലക്കാരൻ): വഖഫ് സ്വത്തുക്കളുടെ മേൽനോട്ടക്കാരൻ.
നിയന്ത്രണ സ്വഭാവം: ഇന്ത്യൻ ട്രസ്റ്റ്സ് നിയമത്തിൽ ട്രസ്റ്റുകളുടേതിന് സമാനമായി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.