വഖഫ് ജെ.പി.സി: ചെയർമാനെ നീക്കം ചെയ്യാൻ പ്രതിപക്ഷത്തിന്റെ കത്ത്
text_fieldsന്യൂഡൽഹി: പാർലമെന്റ് ചട്ടങ്ങൾ മറികടന്ന് വഖഫ് സംയുക്ത പാർലമെൻററി സമിതി (ജെ.പി.സി) തെളിവെടുപ്പ് വ്യക്തിപരവും രാഷ്ട്രീയവുമായ ആക്രമണത്തിനുപയോഗിച്ച ചെയർമാൻ ജഗദാംബിക പാലിനെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് എൻ.ഡി.എ ഇതര അംഗങ്ങൾ ലോക്സഭ സ്പീക്കർ ഓം ബിർളക്ക് കത്തയച്ചു. തിങ്കളാഴ്ച പാർലമെന്റ് മന്ദിരത്തിൽ ജെ.പി.സി നടപടികൾ ബഹിഷ്കരിച്ച് ഇറങ്ങിപ്പോന്ന ശേഷമാണ് ഭരണമുന്നണിയില്ലാത്ത മുഴുവൻ ജെ.പി.സി അംഗങ്ങളും ഈ ആവശ്യമുന്നയിച്ചത്. ഇൻഡ്യ സഖ്യത്തിലെ അംഗങ്ങൾക്ക് പുറമെ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ നേതാവ് അസദുദ്ദീൻ ഉവൈസിയും കത്തിൽ ഒപ്പിട്ടു.
വഖഫ് ഭേദഗതി ബിൽ പരിശോധിക്കുന്നതിന് ജെ.പി.സി മുൻകൂട്ടി നിശ്ചയിക്കുന്ന അജണ്ട പ്രകാരമാണ് യോഗം കൂടാറുള്ളത്. ജെ.പി.സിക്ക് മുമ്പാകെ എത്തുന്ന സംഘടനകളും വ്യക്തികളും മുൻകൂട്ടി നൽകുന്ന വാദഗതികൾ ചർച്ചക്കായി അംഗങ്ങൾക്ക് മുന്നോ നാലോ ദിവസം മുമ്പേ ചെയർമാൻ അയച്ചുകൊടുക്കാറായിരുന്നു പതിവ്. അങ്ങനെ നിശ്ചയിച്ച അജണ്ട പ്രകാരം തിങ്കളാഴ്ച പാർലമെന്റ് മന്ദിരത്തിൽ മുസ്ലിം മത സംഘടനയായ ജംഇയ്യതുൽ ഉലമായെ ഹിന്ദിനെയായിരുന്നു തങ്ങളുടെ ഭാഗം അവതരിപ്പിക്കാൻ ജെ.പി.സി ക്ഷണിച്ചിരുന്നതെന്ന് സമിതി അംഗമായ ഡി.എം.കെയിലെ അബ്ദുല്ല ‘മാധ്യമ’ത്തോട് പറഞ്ഞു. എന്നാൽ, പതിവിൽ നിന്ന് ഭിന്നമായി ബി.ജെ.പി നേതാവായ കർണാടകയിലെ മുൻ ന്യൂനപക്ഷ കമീഷൻ ചെയർപേഴ്സണെ കൂടി തിങ്കളാഴ്ച കേൾക്കുമെന്ന അറിയിപ്പ് ജെ.പി.സി ചെയർമാനും ബി.ജെ.പി നേതാവുമായ ജഗദാംബിക പാൽ ഞായറാഴ്ച അംഗങ്ങൾക്ക് നൽകി. എന്താണവർ അവതരിപ്പിക്കുന്നതെന്ന കാര്യം മുൻകൂട്ടി അറിയിക്കാതെ അംഗങ്ങളെ ഇരുട്ടിൽ നിർത്തുകയും ചെയ്തു.
തുടർന്ന് രണ്ടര മണിക്കൂറോളം ജംഇയ്യതുൽ ഉലമായെ ഹിന്ദ് തങ്ങളുടെ ഭാഗം ബോധിപ്പിച്ച ശേഷം ചെയർമാൻ കർണാടക ബി.ജെ.പി നേതാവിനെ വിളിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്കെതിരെയുള്ള ആരോപണങ്ങളായിരുന്നു നേതാവിന് ഉന്നയിക്കാനുണ്ടായിരുന്നത്. സമിതിയിൽ ഇല്ലാത്ത അംഗത്തിനെതിരെ മുൻകൂട്ടി നിശ്ചയിച്ച അജണ്ട തെറ്റിച്ച് വ്യക്തിപരമായ ആക്ഷേപങ്ങളുന്നയിച്ചത് കോൺഗ്രസ് എം.പിമാരായ ഗൗരവ് ഗോഗോയ്, ഇംറാൻ മസൂദ്, ഡി.എം.കെയുടെ എ. രാജ, ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിന്റെ അരവിന്ദ് സാവന്ത്, സമാജ് വാദി പാർട്ടി എം.പി മുഹീബുല്ല നദ്വി, ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ്, എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി എന്നിവർ ചോദ്യം ചെയ്തു. ഇത് പാർലമെന്ററി ചട്ടങ്ങൾക്ക് എതിരാണെന്ന് ചൂണ്ടിക്കാണിച്ചിട്ടും വിവാദ നടപടിയുമായി ചെയർമാൻ മുന്നോട്ടുപോയി. തുടർന്ന്, ജെ.പി.സി നടപടി ബഹിഷ്കരിച്ച് ഇറങ്ങിപ്പോന്ന എൻ.ഡി.എ ഇതര എം.പിമാർ യോഗം ചേർന്ന് ചെയർമാനെ നീക്കം ചെയ്യാൻ സ്പീക്കർക്ക് കത്ത് നൽകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.