മൂടൽമഞ്ഞ്: വിമാനങ്ങൾ വൈകുന്നതിൽ ഇടപെട്ട് വ്യോമയാനമന്ത്രി, പുതിയ മാർഗനിർദേശങ്ങൾ നൽകി
text_fieldsന്യൂഡൽഹി: മൂടൽമഞ്ഞ് മൂലം വിമാനങ്ങൾ വൈകുന്നത് ഒഴിവാക്കാൻ ആറിന നിർദേശവുമായി വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. മൂടൽമഞ്ഞ് അന്താരാഷ്ട, ആഭ്യന്തര വിമാന സർവീസുകളെ ബാധിച്ചതോടെയാണ് നടപടിയുമായി വ്യോമയാനമന്ത്രി രംഗത്തെത്തിയത്. യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ പരമാവധി കുറക്കുന്നതിനാണ് പുതിയ മാർഗനിർദേശങ്ങൾ നൽകിയതെന്ന് അദ്ദേഹം പറഞ്ഞു.
മെട്രോ നഗരങ്ങളിലെ എയർപോർട്ടുകളിൽ വാർ റൂമുകൾ സജ്ജമാക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. എയർലൈൻ കമ്പനികളും ഇത്തരത്തിൽ വാർ റൂമുകൾ സജ്ജമാക്കണം. കൂടുതൽ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരെ വിമാനത്താവളങ്ങളിൽ ഡ്യൂട്ടിക്കിടണം. ഡൽഹി വിമാനത്താവളത്തിലെ 29L റൺവേ CAT III ടെക്നോളജി പ്രകാരം വിമാനമിറക്കാൻ കഴിയുന്ന രൂപത്തിലേക്ക് ആക്കിയിട്ടുണ്ട്. ഇത് മൂലം കനത്ത മൂടൽമഞ്ഞ് ഉള്ളപ്പോഴും ഈ റൺവേയിൽ വിമാനമിറക്കാൻ സാധിക്കും.
വിമാനത്താവളത്തിലെ 10,28 റൺവേകളും വൈകാതെ ഈ രൂപത്തിലേക്ക് മാറ്റി വിമാനങ്ങളുടെ ലാൻഡിങ്ങിനും ടേക്ക് ഓഫിനുമായി തുറന്ന് കൊടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ഞായറാഴ്ച ഡൽഹിയിൽ കാഴ്ച പരിധി കുറഞ്ഞത് മൂലം നിരവധി വിമാനങ്ങളുടെ സർവീസ് താളം തെറ്റിയിരുന്നു. ഞായറാഴ്ച രാവിലെ അഞ്ച് മണി മുതൽ ഒമ്പത് മണി വരെയുള്ള സമയത്ത് വിമാനങ്ങളുടെ കാഴ്ചപരിധി സീറോയായി കുറയുകയായിരുന്നു. ഡൽഹിക്ക് സമാനമായ സാഹചര്യം തന്നെയാണ് ഉത്തരേന്ത്യയിലെ പല നഗരങ്ങളിലുമുള്ളത്. കനത്ത മൂടൽമഞ്ഞിൽ വിമാനങ്ങൾ അനിശ്ചിതമായി വൈകുന്നത് യാത്രക്കാരുടെ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.