ബേട്ടി ബച്ചാവോ മുദ്രാവാക്യം മുന്നറിയിപ്പാണോ? ഉന്നാവോ പെൺകുട്ടികളുടെ മരണത്തിൽ യോഗിയോട് കോൺഗ്രസ്
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശിലെ ഉന്നാവോയിൽ ദലിത് പെൺകുട്ടികളുടെ മരണത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ബി.ജെ.പിക്കും വിമർശനവുമായി കോൺഗ്രസ്. സംസ്ഥാനത്ത് പെൺകുട്ടികളെ കുറ്റകൃത്യത്തിൽനിന്ന് രക്ഷപ്പെടുത്തുന്നതിന് ബി.ജെ.പി ഉയർത്തിയ മുന്നറിയിപ്പ് മുദ്രാവാക്യമാണോ 'ബേട്ടി ബച്ചാവോ' എന്ന് കോൺഗ്രസ് നേതാവ് അൽക്ക ലാംബ ചോദിച്ചു.
ഡൽഹി കോൺഗ്രസ് ആസ്ഥാനത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ വർധിക്കുന്നതിനെതിരെ 2017ൽ യു.പി ഭരിച്ചിരുന്ന സമാജ്വാദി പാർട്ടിയെ പ്രധാനമന്ത്രി നരേന്ദ്രമോദി ചോദ്യം ചെയ്യുന്ന വിഡിയോയും വാർത്തസമ്മേളനത്തിൽ കോൺഗ്രസ് പ്രദർശിപ്പിച്ചു.
'ഹാഥറസ് സംഭവത്തിന് ശേഷം ഇപ്പോൾ ഉന്നാവോ. യോഗി സർക്കാർ പരാജയപ്പെട്ടു. ബേട്ടി ബച്ചാവോ മുദ്രാവാക്യം സംസ്ഥാനത്ത് മുന്നറിയിപ്പായി കാണണം. േയാഗി സർക്കാർ യു.പിയിലെ പെൺകുട്ടികൾക്കും സ്ത്രീകൾക്കും ഒരു ശാപമായി മാറി' -അൽക്ക ലാംബ പറഞ്ഞു.
അതിക്രമത്തിന് വിധേയമായവരുടെ കുടുംബത്തെ യു.പിയിൽ പൊലീസ് സ്റ്റേഷനിൽ പിടിച്ചുവെക്കും. അതേസമയം കുറ്റവാളികളെ സ്വതന്ത്ര്യമായി വിഹരിക്കാൻ അനുവദിക്കും. പെൺകുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ അതിക്രമങ്ങളുടെ പ്രഭവ കേന്ദ്രമായി യു.പി മാറിയെന്നും അവർ പറഞ്ഞു.
സംഭവത്തിൽ പ്രതികരിക്കാത്തതിനെതിരെ സ്മൃതി ഇറാനി എം.പിയെയും അൽക്ക ലാംബ ചോദ്യം ചെയ്തു. 'എന്തുകൊണ്ടാണ് സ്മൃതി ഇറാനിക്ക് മൗനം. അവർ യു.പിയിൽനിന്നുള്ള എം.പിയും വനിത -ശിശുവികസന മന്ത്രിയുമല്ലേ. ഇത് ഡബ്ൾ എൻജിൻ സർക്കാറാണെന്ന് പറയുന്നു, എങ്കിൽ എന്തുകൊണ്ടാണ് സ്ത്രീകൾക്ക് സുരക്ഷിതത്വവും നീതിയും ലഭിക്കാത്തത്?' അവർ ചോദിച്ചു.
അത്യാസന്ന നിലയിൽ ചികിത്സയിൽ കഴിയുന്ന മൂന്നാമത്തെ പെൺകുട്ടിയെ പ്രത്യേക വിമാനത്തിൽ ഡൽഹി എയിംസിേലക്ക് മാറ്റണം. സംഭവത്തിന്‍റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ ആ പെൺകുട്ടിക്ക് മാത്രമേ കഴിയൂവെന്നും അൽക്ക ലാംബ പറഞ്ഞു.
ബുധനാഴ്ച കന്നുകാലികൾക്ക് പുല്ലുമുറിക്കാൻ പോയ രണ്ടു പെൺകുട്ടികളെ ഗോതമ്പ് പാടത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൂന്നാമെതാരു പെൺകുട്ടിയെ ബോധരഹിതയായ നിലയിലും കണ്ടെത്തി. ജില്ല ആശുപത്രിയിൽ ചികിത്സയിലാണ് മൂന്നാമത്തെ പെൺകുട്ടി. മൂന്നുപേരുടെയും വായിൽനിന്ന് നുരയും പതയും വന്ന നിലയിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.