Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘അമ്മ മരിക്കുംമുമ്പ്...

‘അമ്മ മരിക്കുംമുമ്പ് ഒന്ന് കാണാൻ പോലും അനുവദിച്ചില്ല’ -പീഡനപർവം പങ്കുവെച്ച് വിങ്ങിപ്പൊട്ടി സായിബാബ

text_fields
bookmark_border
‘അമ്മ മരിക്കുംമുമ്പ് ഒന്ന് കാണാൻ പോലും അനുവദിച്ചില്ല’ -പീഡനപർവം പങ്കുവെച്ച് വിങ്ങിപ്പൊട്ടി സായിബാബ
cancel
camera_alt

 ന്യൂഡൽഹി ഹർകിഷൻ സിങ് സുർജിത് ഭവനിൽ പ്രഫസർ സായിബാബ സംസാരിക്കുന്നു

ന്യൂഡൽഹി: ‘‘ജയിലിൽ കിടക്കുമ്പോൾ 2020 ആഗസ്റ്റ് ഒന്നിനായിരുന്നു അമ്മയുടെ മരണം. പോളിയോ ബാധിച്ച് ഭിന്നശേഷിക്കാരനായിപ്പോയ കുഞ്ഞിന് എങ്ങനെയും വിദ്യാഭ്യാസം കിട്ടണമെന്നായിരുന്നു അമ്മയുടെ ആഗ്രഹം. അവർ മരിക്കും മുമ്പൊന്ന് കാണാൻ എന്നെ അനുവദിച്ചില്ല. ഒടുവിൽ മരിച്ച ശേഷം മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനും അനുവദിച്ചില്ല’ -വാക്കുകൾ മുറിഞ്ഞ് നിയന്ത്രണം വിട്ട് പ്രഫസർ സായിബാബ വിങ്ങിക്കരഞ്ഞു. അതുവരെ വേദിയിലും സദസ്സിലുമിരുന്ന് അദ്ദേഹത്തിന്റെ വാക്കുകൾ കേട്ടിരുന്നവരും കണ്ണു തുടച്ചു.

ജയിൽമോചനത്തിന്റെ പിറ്റേന്ന് ന്യൂഡൽഹി ഹർകിഷൻ സിങ് സുർജിത് ഭവനിൽ ഒരു പതിറ്റാണ്ട് നീണ്ട തന്റെ പീഡനപർവം പങ്കുവെക്കുകയായിരുന്നു ഡൽഹി സർവകലാശാല പ്രഫസർ സായിബാബ. ഒരു ഭിന്നശേഷിക്കാരനോടും ലോകത്തൊരാളും കാണിക്കാത്ത മനുഷ്യത്വരാഹിത്യത്തിന്റെ മനസ്സ് മരവിച്ചുപോകുന്ന എണ്ണമറ്റ അനുഭവ സാക്ഷ്യങ്ങളാണ് ഏഴുവർഷം തുടർച്ചയായ ജയിൽവാസത്തെ തുടർന്ന് അങ്ങേയറ്റം പരിക്ഷീണനായ സായിബാബയിൽനിന്ന് കേൾക്കേണ്ടി വന്നത്.

2014 മേയ് ഒമ്പതിന് അറസ്റ്റ് ചെയ്തപ്പോൾ ഇടതുഭാഗം തൂക്കിയെടുത്തു വലിച്ചുകൊണ്ടുപോകുകയായിരുന്നു പൊലീസ്. അന്നേറ്റ പരിക്ക് ഇപ്പോഴും നീരുവന്ന് വീർത്തുകെട്ടിയ നിലയിലാണ്. ഡൽഹിയിൽനിന്ന് വിമാനത്തിൽ റായ്പുരിലിറക്കി കാറിൽ നാഗ്പുരിലേക്ക് കൊണ്ടുപോയി. ഇതിനിടെ തലച്ചോറിൽനിന്ന് ചുമലിലേക്കുള്ള നാഡികൾ മുറിഞ്ഞു. ഒമ്പത് മാസം ചികിത്സ നൽകിയില്ല. പിന്നീട് ആശുപത്രിയിലെത്തിച്ചപ്പോൾ ശേഷിയറ്റ മസിലുകളും മുറിഞ്ഞുപോയ ഞരമ്പുകളും പൂർവസ്ഥിതിയിലാക്കാൻ കഴിയില്ലെന്നാണ് ഡോക്ടർ പറഞ്ഞത്.

ജാമ്യം കിട്ടിയപ്പോൾ ഡോക്ടർമാർ സർജറി നിർദേശിച്ച സമയത്താണ് ശിക്ഷാ വിധി വന്നത്. അന്ന് മുതൽ ഇടതു കൈ മുതൽ പോളിയോ ബാധിച്ച ഇടതുകാൽ വരെ വേദന തിന്നുകഴിയുകയാണ്. ആ ഭാഗം പിന്നെയും തളർന്നുപോയിരിക്കുന്നു.

വർഷം തോറും മെഡിക്കൽ ചെക്കപ്പ് നടത്താറുണ്ടായിരുന്ന തനിക്ക് ജയിലിൽ പോകുമ്പോൾ ഒരു അസുഖവുമില്ലായിരുന്നു. ഒരു ഗുളിക പോലും കഴിക്കാറില്ലായിരുന്നു. ഇപ്പോൾ തലച്ചോറിലും വൃക്കയിലും മുഴകളുണ്ട്. എന്റെ ഹൃദയം ഇന്ന് പ്രവർത്തിക്കുന്നത് 55 ശതമാനം മാത്രമാണ്. ഇത്തരം സങ്കീർണമായ ആരോഗ്യ പ്രശ്നങ്ങളുണ്ടായിട്ടും ഒരിക്കൽ പോലും ചികിൽസ നൽകിയില്ല. ആകെ കൂടി നടത്തിയത് പരിശോധനകൾ മാത്രം. സർക്കാർ ഡോക്ടർമാർ നിർദേശിച്ച ചികിൽസയൊന്നും നൽകിയില്ല.

ഏഴ് വർഷം മുമ്പ് നിർദേശിച്ച ഹൃദയ പരിശോധന പോലും നടത്തിയില്ല. അതിന് പകരം നാലും അഞ്ചും ആറും തരം വേദനാ സംഹാരികൾ നൽകി. റാമ്പില്ലാത്ത ജയിലിൽ ആരെങ്കിലും എടുത്തുകൊണ്ടുപോകാത്തതിനാൽ സന്ദർശക മുറിയിലേക്ക് പോകാനാവില്ലായിരുന്നു. ഓൺലൈൻ വഴി ബന്ധു​ക്കളെ കാണാനുള്ള മുറിയിലേക്കും ജയിൽ ആശുപത്രിയിലേക്കുമൊന്നും പോകാനായില്ല. കുടിക്കാൻ ഒരു ഗ്ലാസ് വെള്ളമെടുക്കാൻ കഴിയാത്ത സാഹചര്യം. എത്ര നാൾ ഒരു മനുഷ്യന് വെള്ളം കിട്ടാതെ ജീവിക്കാൻ കഴിയുമെന്നും സായിബാബ ചോദിച്ചു. സി.പി.ഐ അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഡി. രാജ അടക്കം പ്രമുഖർ പരിപാടിയിൽ പ​ങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gn saibaba
News Summary - Was my test by fire, says GN Saibaba after his release from jail after 7 years
Next Story