'പ്രധാനമന്ത്രിക്ക് അറിയില്ലായിരുന്നോ?'; വിദേശയാത്രക്ക് പിന്നാലെ രാജ്യത്തെ വിശേഷം തിരക്കിയ മോദിയോട് തൃണമൂൽ കോൺഗ്രസ്
text_fieldsന്യൂഡൽഹി: വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയയുടനെ രാജ്യത്ത് എന്താണ് നടക്കുന്നതെന്ന പ്രധാനമന്ത്രിയുടെ ചോദ്യത്തെ വിമർശിച്ച് തൃണമൂൽ കോൺഗ്രസ്. കഴിഞ്ഞ ദിവസം നടന്ന സർവകക്ഷി യോഗത്തിൽ പ്രധാനമന്ത്രിയുമായി താൻ എല്ലാ ദിവസവും ആശയവിനിമയം നടത്താറുണ്ടെന്നും മണിപ്പൂരിലെ സ്ഥിതിഗതികൾ അദ്ദേഹം നിരന്തരം വിലയിരുത്തുന്നുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയുടെ ചോദ്യം സംബന്ധിച്ച റിപ്പോർട്ടുകൾ സത്യമാണെങ്കിൽ വിദേശയാത്രക്കിടെ രാജ്യത്ത് നടക്കുന്ന സംഭവവികാസങ്ങളെ കുറിച്ച് അദ്ദേഹത്തിന് അറിവില്ലെന്നാണ് മനസിലാക്കുന്നതെന്നാണ് തൃണമൂൽ കോൺഗ്രസ് ദേശീയ വക്താവ് സാകേത് ഗോകലെയുടെ പ്രതികരണം.
"വിദേശയാത്ര കഴിഞ്ഞ് ഡൽഹിയിലെത്തിയ പ്രധാനമന്ത്രി വിമാനത്താവളത്തിൽ തന്നെ സ്വീകരിക്കാൻ എത്തിയവരോട് രാജ്യത്ത് എന്താണ് സംഭവിക്കുന്നത് എന്ന് ചോദിച്ചതായി ബി.ജെ.പി അധ്യക്ഷൻ പറയുന്നുണ്ട്. അത് സത്യമാണെങ്കിൽ, അതിനർത്ഥം പ്രധാനമന്ത്രിക്ക് തന്‍റെ വിദേശയാത്ര കാലത്ത് രാജ്യത്ത് നടക്കുന്ന സംഭവങ്ങളുമായി ബന്ധമുണ്ടായിരുന്നില്ല എന്ന് സാരം. അതോ പ്രധാനമന്ത്രി രാജ്യത്തെ സ്ഥിതിഗതികൾ നിരന്തരം വിലയിരുത്തുന്നുണ്ടെന്ന് അമിത് ഷാ പറഞ്ഞത് കള്ളമാണോ"- സാകേത് ഗോകലെ ചോദിച്ചു.
ആറ് ദിവസത്തെ വിദേശയാത്രക്ക് ശേഷം തിങ്കാളാഴ്ച പുലർച്ചെയാണ് മോദി ഡൽഹിയിലെത്തിയത്. യു.എസ്, ഈജിപ്ത് എന്നീ രാജ്യങ്ങളിൽ നടത്തിയ യാത്രയിൽ നിരവധി സുപ്രധാന കരാറുകളിലും മോദി ഒപ്പുവെച്ചിരുന്നു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി, ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ തുടങ്ങിയവരായിരുന്നു മോദിയെ വരവേൽക്കാൻ വിമാനത്താവളത്തിലെത്തിയത്.
ജെ.പി നദ്ദയോടായിരുന്നു മോദി രാജ്യത്തെ വിശേഷങ്ങൾ ചോദിച്ചത്. ബി.ജെ.പി സർക്കാരിന്‍റെ ഒമ്പത് വർഷത്തെ ഭരണനേട്ടങ്ങളെ കുറിച്ച് ബോധവാന്മാരാക്കാൻ പാർട്ടി പ്രവർത്തകർ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയാണെന്ന് ആയിരുന്നു നദ്ദയുടെ മറുപടിയെന്ന് ബി.ജെ.പി എം.പി മനോജ് തിവാരി പറഞ്ഞതായാണ് റിപ്പോർട്ട്.
ജൂൺ 20നായിരുന്നു പ്രധാനമന്ത്രി തന്‍റെ യു.എസ് സന്ദർശനം ആരംഭിച്ചത്. യു.എസ് സന്ദർശനം കഴിഞ്ഞ് ശനിയാഴ്ചയാണ് മോദി ഈജിപ്തിലെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.