'മദ്യപിച്ച ഭഗവന്ത് മാനിനെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു'; വിശദീകരണവുമായി എയർലൈൻസ്
text_fieldsചണ്ഡീഗഢ്: അമിതമായി മദ്യപിച്ചതിനെ തുടർന്ന് ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽ നിന്നും ഡൽഹിയിലേക്കുള്ള ലുഫ്താൻസ വിമാനത്തിൽ നിന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിനെ ഇറക്കിവെട്ടെന്ന ആരോപണത്തിൽ വിശദീകരണവുമായി ലുഫ്താൻസ എയർലൈൻസ്. ആരോപണങ്ങളുമായി ശിരോമണി അകാലിദൾ രംഗത്തെത്തിയതിന് പിന്നാലെയാണ് എയർലൈൻസിന്‍റെ വിശദീകരണം.
മുൻ നിശ്ചയിച്ച സമയത്തേക്കാൾ വൈകിയാണ് വിമാനം പുറപ്പെട്ടതെന്നും ഇതല്ലാതെ മറ്റൊരു കാരണവും ഇതിന് പിന്നിലില്ലെന്നും എയർലൈൻസ് ട്വീറ്റ് ചെയ്തു. ഇൻബൗണ്ട് ഫ്ലൈറ്റ് വൈകിയതിനാലും വിമാനം മാറിയതിനാലും മുൻ നിശ്ചയിച്ച സമയത്തേക്കാൾ വൈകിയാണ് വിമാനം പുറപ്പെട്ടത്. പഞ്ചാബ് മുഖ്യമന്ത്രി മദ്യപിച്ചതാണോ വിമാനം പുറപ്പെടാൻ താമസിച്ചതിന് കാരണമെന്ന ഒരു ഉപയോക്താവിന്‍റെ ചോദ്യത്തിന് സുരക്ഷ കാരണത്താൽ യാത്രക്കാരുടെ വ്യക്തിഗത വിവരങ്ങൾ പുറത്ത് വിടാൻ സാധിക്കില്ലെന്ന് എയർലൈൻസ് മറുപടി നൽകി.
മാൻ അമിതമായി മദ്യപിച്ച് വിമാനത്തിൽ ബഹളം വെച്ചെന്നും തുടർന്ന് അദ്ദേഹത്തെ ഇറക്കി വിട്ടെന്നും അകാലിദൾ നേതാവ് സുഖ്ബീർ സിങ് ബാദൽ ആരോപിച്ചിരുന്നു. എന്നാൽ ബാദലിന്‍റെ ആരോപണങ്ങൾ ആം ആദ്മി പാർട്ടി തള്ളികളഞ്ഞു. മുഖ്യമന്ത്രിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നും പ്രതിപക്ഷത്തിന് മറ്റ് വിഷയങ്ങളൊന്നും ലഭിക്കാത്തതാണ് ഈ ആരോപണങ്ങൾക്ക് കാരണമെന്നും എ.എ.പി പ്രതികരിച്ചു. എട്ട് ദിവസത്തെ ജർമ്മൻ സന്ദർശനത്തിന് ശേഷം തിങ്കളാഴ്ചയാണ് മാൻ പഞ്ചാബിൽ തിരിച്ചെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.