റിഷഭ് പന്തിന്റെ പണവും ആഭരണങ്ങളും കവർച്ച ചെയ്യപ്പെട്ടോ..? പ്രതികരണവുമായി ഉത്തരാഖണ്ഡ് പൊലീസ്
text_fieldsവാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലുള്ള ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്തിന്റെ പണവും ആഭരണങ്ങളും ഒരു സംഘം കവർന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. താരം സഞ്ചരിച്ച ആഢംബര കാർ ഡിവൈഡറിലിടിച്ച് തീപിടിക്കുകയായിരുന്നു. തീപിടിച്ച കാറിൽനിന്ന് ഗ്ലാസ് തകർത്തായിരുന്നു പന്ത് പുറത്തുകടന്നത്. അതിനിടെ ഓടിക്കൂടിയ ഒരു സംഘം കാറിലുണ്ടായിരുന്ന പണവും മറ്റും കവർന്ന് കടന്നുകളഞ്ഞതായി ഹിന്ദി പത്രമായ 'ദൈനിക് ജാഗരൻ' ആണ് റിപ്പോർട്ട് ചെയ്തത്.
എന്നാൽ, അത്തരം ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് ഉത്തരാഖണ്ഡ് പൊലീസ് പറഞ്ഞു. ‘‘അപകടത്തിന് ശേഷം റിഷഭ് പന്തിന്റെ പണവും മറ്റ് സാധനങ്ങളും മോഷ്ടിക്കപ്പെട്ടുവെന്ന മാധ്യമ റിപ്പോർട്ടുകൾ തെറ്റും അടിസ്ഥാന രഹിതവുമാണ്. പന്തിന്റെ പ്ലാറ്റിനം ചെയിനും സ്വർണവളയും പണമായി ഉണ്ടായിരുന്ന 4000 രൂപയും അദ്ദേഹത്തിന്റെ കുടുംബത്തിന് കൈമാറിയിട്ടുണ്ട്’’. -പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഡൽഹി-ഹരിദ്വാർ ഹൈവേയിൽ ഡെറാഡൂണിൽനിന്ന് 90 കിലോമീറ്റർ അകലെ നർസനിൽ വെള്ളിയാഴ്ച പുലർച്ചെ 5.30ഓടെയായിരുന്നു അപകടമുണ്ടായത്. അപകടത്തിനു പിന്നാലെ രക്തത്തിൽ കുളിച്ചുനിന്ന പന്തിന് ഓടിയെത്തിയ ബസ് ഡ്രൈവറായിരുന്നു പ്രാഥമിക പരിചരണം അടക്കമുള്ള സഹായം നൽകിയത്. ശേഷം ഗ്രാമീണരും പൊലീസും എത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഡെറാഡൂണിലെ മാക്സ് ആശുപത്രിയിലുള്ള താരം സുഖം പ്രാപിച്ചുവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.