'അല്ലാഹു അക്ബർ' വിളിക്കാന്‍ മാത്രം പ്രകോപിതയായോ?, സംഘ്പരിവാർ ആക്രമണത്തെ ഒറ്റക്ക് നേരിട്ട പെൺകുട്ടിക്കെതിരെ കർണാടക വിദ്യാഭ്യാസമന്ത്രി
text_fieldsകർണാടകയിലെ പി.ഇ.എസ് കോളജിൽ ബുർഖ ധരിച്ച വിദ്യാർഥിനിയെ കാവി ഷാളണിഞ്ഞ ഒരു കൂട്ടം സംഘ്പരിവാർ യുവാക്കൾ ശല്യപ്പെടുത്തുന്നതിന്റെ വീഡിയോ വൈറലായതിനെ തുടർന്ന് വിഷയത്തിൽ പ്രതികരണവുമായി കർണാടക വിദ്യാഭ്യാസമന്ത്രി. 'അല്ലാഹു-അക്ബർ' എന്നു വിളിക്കാന്‍ മാത്രം പെൺകുട്ടി പ്രകോപിതയായോ എന്നാണ് വിദ്യാഭ്യാസമന്ത്രിയായ ബി. സി നാഗേഷ് ചോദിച്ചത്. മാണ്ഡ്യയിലെ കോളജിലേക്ക് വരികയായിരുന്ന പെൺകുട്ടിയെ ഘരാവോ ചെയ്യാൻ പ്രതിഷേധക്കാർ ആഗ്രഹിച്ചിരുന്നില്ലെന്നും അവൾ അല്ലാഹു-അക്ബർ എന്ന് വിളിക്കുന്ന സമയത്ത് ഒരു പ്രതിഷേധക്കാരും അവളുടെ ചുറ്റും ഉണ്ടായിരുന്നില്ലെന്നും നാഗേഷ് അഭിപ്രായപ്പെട്ടു.
കർണാടകയിലെ കാമ്പസുകളിൽ അല്ലാഹു അക്ബർ, ജയ് ശ്രീ റാം വിളികൾ പ്രോത്സാഹിപ്പിക്കാൻ കഴിയില്ലെന്നും ബി. സി നാഗേഷ് വ്യക്തമാക്കി. പി.ഇ.എസ് കോളജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനിയായ മുസ്‌കാനാണ് വിഡിയോയിലെ പെൺകുട്ടിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അസൈൻമെന്റ് സമർപ്പിക്കാനാണ് കോളജിലെത്തിയതെന്നും വീഡിയോ വൈറലായതോടെ രക്ഷിതാക്കൾ പരിഭ്രാന്തരായെന്നും മുസ്‌കാന്‍ പറഞ്ഞു. കോളജിൽ ഹിജാബ് ധരിക്കാന്‍ അനുവദിക്കാറുണ്ടെന്നും തന്നെ ശല്യപ്പെടുത്തിയവർ പുറത്തുനിന്നുള്ളവരാണെന്നും മുസ്‌കാൻ കൂട്ടിച്ചേർത്തു. പ്രതിഷേധത്തിന്റെ പേരിൽ എത്തിയ സംഘ്പരിവാർ തീവ്രവാദികൾ തനിക്കുനേരെ അശ്ലീല ആംഗ്യം കാട്ടിയതായും മുസ്കാൻ ദേശീയ മാധ്യമങ്ങളോട് വെളിപ്പെടുത്തി.
കഴിഞ്ഞമാസം മുതൽ തുടങ്ങിയ ഹിജാബ് വിവാദം കർണാടകയിലെ വിവിധ ജില്ലകളിലേക്ക് വ്യാപിച്ച് കൊണ്ടിരിക്കയാണ്. പ്രശ്നം രൂക്ഷമായതിനെ തുടർന്ന് ബുധനാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്തെ സ്കൂളുകളും കോളജുകളും അടച്ചിടാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉത്തരവിട്ടിട്ടുണ്ട്. കർണാടക ഭരണകൂടം ഹിജാബ് നിരോധനം ആവശ്യപ്പെട്ട് പ്രതിഷേധവുമായി എത്തുന്നവർക്ക് പിന്തുണ നൽകുന്നുണ്ടെന്ന വിമർശനവും ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.