വിശ്വാസവോട്ടെടുപ്പിലെ സംഘര്‍ഷം: വിഡിയോ ഹാജരാക്കാന്‍ സ്റ്റാലിനോട് മദ്രാസ് ഹൈകോടതി
text_fieldsചെന്നൈ: പളനിസാമി സര്‍ക്കാറിന്‍െറ വിവാദ വിശ്വാസവോട്ടെടുപ്പിനിടെ നടന്ന സംഭവങ്ങളുടെ വിഡിയോദൃശ്യങ്ങള്‍ ഉള്‍പ്പെടെ തെളിവുകള്‍ ഹാജരാക്കാന്‍ പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിനോട് മദ്രാസ് ഹൈകോടതി നിര്‍ദേശിച്ചു. സ്റ്റാലിന്‍െറ ഹരജിയില്‍ ഉടന്‍ ഇടപെടാന്‍ വിസമ്മതിച്ച കോടതി ഈ വിഷയത്തില്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജികള്‍ ഒരുമിച്ച് പരിഗണിക്കാന്‍ തീരുമാനിച്ചു. ഈ മാസം 27ന് കേസ് വീണ്ടും പരിഗണിക്കും.എം.എല്‍.എമാരെ തടവില്‍ പാര്‍പ്പിച്ച് നിയമസഭയില്‍ നടന്ന പരസ്യ വോട്ടെടുപ്പ് അസാധുവാക്കണമെന്നാവശ്യപ്പെട്ടാണ് ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്‍റായ എം.കെ. സ്റ്റാലിന്‍, അഡ്വക്കറ്റ്സ് ഫോറം ഫോര്‍ സോഷ്യല്‍ ജസ്റ്റിസിനെ പ്രതിനിധാനം ചെയ്ത് എന്‍.എല്‍. രാജ എന്നിവരാണ് മദ്രാസ് ഹൈകോടതിയില്‍ പൊതുതാല്‍പര്യ ഹരജി നല്‍കിയത്. അണ്ണാ ഡി.എം.കെയിലെ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള വിഷയത്തില്‍ പ്രതിപക്ഷമായ ഡി.എം.കെ ഹരജി നല്‍കിയതില്‍ കേസ് പരിഗണിച്ച ആക്ടിങ് ചീഫ് ജസ്റ്റിസ് എച്ച്.ജി. രമേശ്, ജസ്റ്റിസ് ആര്‍. മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ച് ആശ്ചര്യം പ്രകടിപ്പിച്ചു. ഈ വിഷയത്തില്‍ ഡി.എം.കെക്ക് എന്ത് വിഷമമാണ് അനുഭവപ്പെട്ടതെന്ന് കോടതി ചോദിച്ചു. സ്റ്റാലിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകനും ഡി.എം.കെ മുന്‍ രാജ്യസഭാംഗവുമായ ആര്‍. ഷണ്‍മുഖസുന്ദരമാണ് ഹാജരായത്.
പ്രതിപക്ഷനേതാവുകൂടിയായ ഹരജിക്കാരന്‍, വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ സഭയിലേക്ക് പോകവെ റോഡില്‍ തടയുകയും സെക്രട്ടേറിയറ്റിലേക്കുള്ള റോഡുകള്‍ അടക്കുകയും ചെയ്തിരുന്നു. രഹസ്യവോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സ്റ്റാലിനെയും മറ്റ് എം.എല്‍.എമാരെയും ചട്ടം മറികടന്നു പുറത്താക്കിയെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. സ്വകാര്യ ചാനലായ ജയ ടി.വിയെ മാത്രമാണ് സഭക്കുള്ളില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അനുവദിച്ചതെന്ന് ഹരജിക്കാര്‍ പറഞ്ഞു. യഥാര്‍ഥ ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ ജയ ടി.വിക്ക് നിര്‍ദേശം നല്‍കണമെന്ന ഹരജിക്കാരുടെ ആവശ്യത്തോട് കോടതി പ്രതികരിച്ചില്ല.
എന്നാല്‍, ദൃശ്യങ്ങള്‍ സ്വയം സംഘടിപ്പിച്ച് ഹാജരാക്കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. അതേസമയം, നിയമസഭയില്‍ നടന്ന സംഭവങ്ങളില്‍ പ്രതിഷേധിച്ചും വീണ്ടും പരസ്യ വോട്ടെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് ഡി.എം.കെ സംസ്ഥാന വ്യാപകമായി ജില്ല ആസ്ഥാനങ്ങളില്‍ ബുധനാഴ്ച പകല്‍ മുഴുവന്‍ നിരാഹാരം അനുഷ്ഠിച്ചു. സമരവേദികളില്‍ ആയിരക്കണക്കിന് ഡി.എം.കെക്കാര്‍ക്കൊപ്പം സഖ്യകക്ഷികളായ കോണ്‍ഗ്രസ്, ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരും വ്യാപാരി, കര്‍ഷക സംഘടനകളും പങ്കെടുത്തു. തിരുച്ചിറപ്പള്ളി അണ്ണാനഗര്‍ ഉഴവാര്‍ ശാന്തി മൈതാനത്തില്‍ വര്‍ക്കിങ് പ്രസിഡന്‍റ് എം.കെ. സ്റ്റാലിന്‍, തിരുച്ചി ശിവ എം.പി, മുന്‍ മന്ത്രി കെ.എന്‍. നെഹ്റു, മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പ്രഫ. ഖാദര്‍ മൊയ്തീന്‍ എന്നിവര്‍ പങ്കെടുത്തു. അതേസമയം സ്പീക്കര്‍ ജനാധിപത്യം സംരക്ഷിക്കുകയാണെന്നും പാര്‍ട്ടി വക്താവ് പന്‍ട്രൂട്ടി രാമചന്ദ്രന്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.