യു.പി ശിയ വഖഫ് ബോർഡ് മുൻ ചെയർമാൻ വസീം റിസ്‌വി ഹിന്ദുമതം സ്വീകരിച്ചു; പുതിയ പേരും പ്രഖ്യാപിച്ചു
text_fieldsലഖ്നൗ: ഉത്തർപ്രദേശ് ശിയ വഖഫ് ബോർഡ് മുൻ ചെയർമാൻ സയ്യിദ് വസീം റിസ്‌വി ഹിന്ദുമതം സ്വീകരിച്ചു. ബാബരി മസ്ജിദ് ധ്വംസനത്തിന്‍റെ വാർഷിക ദിനത്തിൽ യു.പിയിലെ ദാശ്‌ന ക്ഷേത്രത്തിലെത്തിയായിരുന്നു മതംമാറ്റം. ബാബരി മസ്ജിദിനെതിരായ പരാമർശങ്ങൾ, മദ്റസകൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയക്കൽ, ഖുർആനിലെ 26 വചനങ്ങൾ നിരോധിക്കാൻ സുപ്രീംകോടതിയിൽ ഹരജി സമർപ്പിക്കുക തുടങ്ങിയ സംഭവങ്ങളിലൂടെ വിവാദങ്ങളിൽ ഇടംപിടിച്ചയാളാണ് വസീം റിസ്‌വി.
റിസ്‌വിയുടെ മതംമാറ്റ ചടങ്ങുകൾക്കു ദാശ്‌ന ക്ഷേത്രത്തിലെ മുഖ്യപൂജാരി സ്വാമി യതി നരസിങ്ങാനന്ദ് നേതൃത്വം നൽകി. ഇനി മുതൽ ജിതേന്ദ്ര നാരായൺ സിങ് ത്യാഗി എന്നാകും റിസ്‌വിയുടെ പേരെന്നും പൂജാരി പ്രഖ്യാപിച്ചു. താൻ ഇസ്‌ലാമിൽനിന്ന് ഭ്രഷ്ടനായതാണെന്നും ഓരോ വെള്ളിയാഴ്ചയും തന്‍റെ തലക്കുള്ള പാരിതോഷികത്തുക വർധിച്ചുകൊണ്ടിരിക്കുകയാണെന്നും മതംമാറ്റ ചടങ്ങിനുശേഷം റിസ്‌വി മാധ്യമങ്ങളോട് പ്രതികരിച്ചു. സനാതന ധർമത്തിന്‍റെ മാർഗം സ്വീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മരിച്ചാൽ സ്വന്തം മൃതദേഹം ഖബറടക്കരുതെന്നും ഹിന്ദു ആചാരപ്രകാരം സംസ്‌കരിക്കണമെന്നും ഒരു വിഡിയോയിലൂടെ വസീം റിസ്‌വി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഗാസിയാബാദിലെ ദാശ്‌ന ക്ഷേത്രത്തിലെ പൂജാരിയായ നരസിംഗ ആനന്ദ സരസ്വതിയാണ് സംസ്‌കാരച്ചടങ്ങുകൾക്ക് നേതൃത്വം നൽകേണ്ടതെന്നും വിഡിയോയിൽ റിസ്‌വി വ്യക്തമാക്കിയിരുന്നു.
റിസ്‌വിയുടെ മതംമാറ്റത്തെ ആൾ ഇന്ത്യ ഹിന്ദു മഹാസഭ ദേശീയ അധ്യക്ഷൻ സ്വാമി ചക്രപാണി മഹാരാജ് സ്വാഗതം ചെയ്തു. വസീം റിസ്‌വി ഇനി സനാതന ധർമത്തിന്‍റെ ഭാഗമാണെന്നും ഹിന്ദു മഹാസഭ അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നുവെന്നും സ്വാമി ചക്രപാണി പറഞ്ഞു. ഒരു മതഭ്രാന്തനും ഇനി റിസ്‌വിക്കെതിരെ ഫത്‌വയിറക്കാൻ ധൈര്യപ്പെടില്ലെന്നും ചക്രപാണി വ്യക്തമാക്കി.
ഭീകരവാദവും ജിഹാദും പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു 26 ഖുർആൻ വചനങ്ങൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് റിസ്‌വി സുപ്രീം കോടതിയിൽ ഹരജി നൽകിയത്. ഈ വചനങ്ങൾ ഖുർആൻ അവതരിച്ചതിനും ഏറെനാൾക്കുശേഷം കൂട്ടിച്ചേർത്തതാണെന്നായിരുന്നു വസീം റിസ്‌വിയുടെ വാദം.
ഇങ്ങനെയൊരു ഹരജി സമർപ്പിച്ചതിന് വസീം റിസ്വിയിൽനിന്ന് അരലക്ഷം രൂപ പിഴയടക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഉത്തർപ്രദേശിലെ വഖഫ് തട്ടിപ്പ് കേസിൽ സി.ബി.െഎ കേസുമായി മുന്നോട്ടുപോകുമെന്ന ഘട്ടത്തിലാണ്, അവിശ്വാസികൾക്കെതിരെ ആക്രമണത്തിന് ആഹ്വാനം ചെയ്യുന്നതാണെന്ന് ആരോപിച്ച് റിസ്‌വി ഖുർആനിലെ ചില സൂക്തങ്ങൾ നീക്കംചെയ്യാൻ സുപ്രീംകോടതിയെ സമീപിച്ചത്. ഉത്തർപ്രദേശിലെയും കേന്ദ്രത്തിലെയും ബി.ജെ.പി സർക്കാറുകളെ പ്രീണിപ്പിച്ച് കേസിൽനിന്ന് രക്ഷപ്പെടാനുള്ള തന്ത്രമാണ് റിസ്വിയുടേതെന്ന് ആേക്ഷപമുയർന്നിരുന്നു. ഇൗ ഹരജി നിരർഥകമാണെന്ന് പറഞ്ഞ് ജസ്റ്റിസ് നരിമാൻ അധ്യക്ഷനായ ബെഞ്ചാണ് അരലക്ഷം പിഴചുമത്തിയത്.
പ്രവാചകൻ മുഹമ്മദ് നബിയെ മോശമായി ചിത്രീകരിക്കുന്ന തരത്തിൽ ഒരു പുസ്തകവും എഴുതിയിരുന്നു റിസ്‌വി. അയോധ്യയിൽ രാമക്ഷേത്രത്തിന്‍റെ നിർമാണത്തിലേക്ക് കഴിഞ്ഞ വർഷം 51,000 രൂപ സംഭാവന ചെയ്തും റിസ്‌വി വാര്‍ത്തകളില്‍ ഇടംപിടിച്ചു.
രാമക്ഷേത്ര നിർമാണത്തിന്‍റെ ഓരോ ഘട്ടത്തിലും ശിയ വഖഫ് ബോർഡിന്‍റെ സഹായമുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി. ക്ഷേത്രാവശിഷ്ടങ്ങൾക്കുമേലാണ് ബാബരി മസ്ജിദ് നിർമിച്ചതെന്നും ഇന്ത്യക്ക് അപമാനമാണ് പള്ളിയെന്നും നേരത്തെ റിസ്‌വി പ്രസ്താവിച്ചിരുന്നു. ബാബരിക്കേസിലെ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത ആദ്യ മുസ്‌ലിം നേതാവ് കൂടിയായിരുന്നു റിസ്‌വി.
ലഖ്നൗ, മീറത്ത്, ബറേലി, സഹറാൻപുർ തുടങ്ങിയ നഗരങ്ങളിലെ ഭൂരിഭാഗം വഖഫ് സ്വത്തുക്കളും റിസ്‌വി തട്ടിയെടുത്തിട്ടുണ്ടെന്ന് ശിയ പണ്ഡിത സഭയായ മജ്ലിസ് ഉലമ ഹിന്ദ് ആരോപിച്ചിരുന്നു. ഈ കേസ് സി.ബി.ഐ ആണ് അന്വേഷിക്കുന്നത്.
ബാബരി മസ്ജിദ് ഭൂമിക്ക് പകരം മറ്റൊരു സ്ഥലം നൽകിയാൽ അവിടെ പള്ളി നിർമിച്ച് അയോധ്യ പ്രശ്നം പരിഹരിക്കാൻ തയാറാണെന്ന് വ്യക്തമാക്കി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായും ശ്രീശ്രീ രവിശങ്കറുമായും റിസ്‌വി കൂടിക്കാഴ്ച നടത്തിയതും വിവാദമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.