'നമ്മൾ കണ്ടുകൊണ്ടിരിക്കെ ഇന്ത്യ ഒരുപാട് മാറി; അന്ന് അഭിപ്രായത്തിന്‍റെ പേരിൽ ആരും ആക്രമിച്ചിരുന്നില്ല'
text_fieldsമുംബൈ: നമ്മുടെ കണ്ണുകൾക്ക് മുമ്പിൽ രാജ്യം ഒരുപാട് മാറിയെന്ന് നടനും സംഘ്പരിവാർ വിമർശകനുമായ സിദ്ധാർഥ്. 2009ലെ തന്‍റെ പ്രസംഗത്തിന്‍റെ വിഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു താരത്തിന്‍റെ വിമർശനം. 'അന്ന് അഭിപ്രായം രേഖപ്പെടുത്തിയതിന്‍റെ പേരിൽ ആരും തന്നെ ആക്രമിച്ചിരുന്നില്ല, ഒരു ഭീഷണി പോലും ലഭിച്ചില്ല. ഇന്ത്യ മാറിയിരിക്കുന്നു' -സിദ്ധാർഥ് ട്വീറ്റ് ചെയ്തു.
2009ൽ ഇന്ത്യൻ സ്കൂൾ ഒാഫ് ബിസിനസിൽ നടന്ന ചടങ്ങിലെ തന്‍റെ പ്രസംഗമാണ് സിദ്ധാർഥ് പങ്കുവെച്ചത്. ജനാധിപത്യത്തിൽ മാധ്യമങ്ങളുടെ പങ്കിനെക്കുറിച്ചും സമകാലിക രാഷ്ട്രീയത്തെ കുറിച്ചുമായിരുന്നു സിദ്ധാർഥ് സംസാരിച്ചത്.
തന്‍റെ സംസാരത്തെ കുറിച്ച് ഒരു പരാതിയോ ഒരു ഭീഷണിയോ അന്ന് ലഭിച്ചിരുന്നില്ലെന്ന് ഓർക്കുമ്പോൾ ആശ്ചര്യം തോന്നുന്നു. അഭിപ്രായപ്പെട്ടതിന്‍റെ പേരിൽ തന്നെ ആരും ആക്രമിച്ചില്ല. ഇന്ത്യ മാറിയിരിക്കുന്നു. നമ്മുടെ കണ്ണുകൾക്ക് മുമ്പിൽ. നാം എന്താണ് ചെയ്യാൻ പോകുന്നത് എന്നതാണ് ചോദ്യം -സിദ്ധാർഥ് ട്വീറ്റ് ചെയ്തു.
'മറവിരോഗം രാജ്യത്ത് പതിവായിരിക്കുന്നു. ഇപ്പോൾ രാജ്യത്തെ മസ്തിഷ്ക പ്രക്ഷാളനം ചെയ്യുകയാണ് പുതിയ തിന്മകൾ. 2014ൽ സ്വരം മാറ്റിയവരല്ല നമ്മൾ. സത്യത്തിനായി നിലകൊള്ളുക, സത്യം പറയുക' -സിദ്ധാർഥ് കൂട്ടിച്ചേർത്തു.
സംഘ്പരിവാറിന്‍റെ നിശിത വിമർശകനായ സിദ്ധാർഥ് നിരവധി വിഷയങ്ങളിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചതും ദിശ രവിയുടെ അറസ്റ്റിനെതിരെ പ്രതികരിച്ചതും സംഘ്പരിവാറിന്‍റെ എതിർപ്പ് ഏറ്റുവാങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.