കോൺഗ്രസിൽ കഴിഞ്ഞ 22 വർഷങ്ങൾ വെറുതെ കളഞ്ഞു; ആശയപരമായി മാറിയിട്ടില്ലെന്ന് ഹിമന്ത ബിശ്വ ശർമ
text_fieldsഗുവാഹത്തി: കോൺഗ്രസിൽ നിന്ന് രാജിവെച്ച് ബി.ജെ.പിയിൽ ചേർന്നെങ്കിലും ആശയപരമായി മാറ്റമുണ്ടായിട്ടില്ലെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. കോൺഗ്രസിൽ തുടർന്ന 22 വർഷം വെറുതെ കളഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിൽ നാം ഒരു കുടുംബത്തെ ആരാധിക്കുന്നു. ബി.ജെ.പിയിൽ രാജ്യത്തെ ആരാധിക്കുന്നു - ഹിമന്ത എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
അസമിൽ കോൺഗ്രസ് മന്ത്രിയായിരുന്ന ഹിമന്ത 2015ലാണ് രാജിവെച്ച് ബി.ജെ.പിയിൽ ചേർന്നത്. ഹിന്ദുക്കൾ സാധാരണ കലാപങ്ങളിൽ ഏർപ്പെടാറില്ലെന്ന് പറഞ്ഞ അദ്ദേഹം, ഹിന്ദുക്കൾ സമുദായമെന്ന നിലക്ക് സമാധാന പ്രിയരാണെന്നും ജിഹാദിൽ വിശ്വസിക്കുന്നില്ലെന്നും കൂട്ടിച്ചേർത്തു. മുസ്‍ലിം നാമങ്ങൾ ഉദ്ധരിച്ച് കലാപങ്ങളിൽ ഉത്തരവാദികൾ ചില പ്രത്യേക സമുദായമാണെന്നും അദ്ദേഹം ആരോപിച്ചു.
ഭാരത് ജോഡോ യാത്ര നടത്തുന്ന രാഹുൽ ഗാന്ധി താടി വളർത്തിയതിനെ പരിഹസിച്ച് സദ്ദാം ഹുസൈൻ എന്ന് കഴിഞ്ഞ മാസം ഹിമന്ത ബിശ്വ ശർമ പരാമർശിച്ചിരുന്നു. രാഹുൽ അദ്ദേഹത്തിന്റെ രൂപം സർദാർ പട്ടേലിനോടൊ നെഹ്റുവിനോടൊ മഹാത്മ ഗാന്ധിയോടൊ സാമ്യമുള്ളതാക്കുകയായിരിക്കും നല്ലതെന്നും ഹിമന്ത കുറിച്ചിരുന്നു. കോൺഗ്രസിന് മുസ്‍ലിം പ്രീണനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാമർശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.