പൊലീസുകാരന് നേരെ കാർ ഓടിച്ചുകയറ്റി, ബോണറ്റിലിരുത്തി ഓടിച്ചു; ആപ്പ് യുവനേതാവിനെതിരെ വധശ്രമത്തിന് കേസ്
text_fieldsഅഹമ്മദാബാദ്: ഡ്യൂട്ടിയിലുള്ള പൊലീസുകാരന് നേരെ കാർ ഓടിച്ചുകയറ്റി ബോണറ്റിലിരുത്തി ഓടിച്ച സംഭവത്തിൽ ആം ആദ്മി പാർട്ടി യുവനേതാവിനെ ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തു. എ.എ.പി യുവജന വിഭാഗം നേതാവ് യുവരാജ് സിങ് ജഡേജയാണ് പിടിയിലായത്. ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തതായി പൊലീസ് അറിയിച്ചു.
ചൊവ്വാഴ്ചയായിരുന്നു സംഭവം. സമരം ചെയ്തതിന് പൊലീസ് കസ്റ്റഡിയിലെടുത്ത അസിസ്റ്റന്‍റ് സ്കൂൾ ടീച്ചേഴ്സ് ഉദ്യോഗാർഥികൾക്ക് പിന്തുണ നൽകിയാണ് ജഡേജ പൊലീസ് ആസ്ഥാനത്ത് എത്തിയത്. പിന്നീടുണ്ടായ തർക്കങ്ങളെ തുടർന്ന് ഇയാൾ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. കൂടുതൽ പൊലീസ് ഉദ്യോഗസ്ഥർ ചേർന്ന് ഇയാളെ പിടികൂടാൻ ശ്രമിച്ചപ്പോൾ ജഡേജ കാറിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചു.
വാഹനം നിർത്താൻ ആവശ്യപ്പെട്ട കോൺസ്റ്റബിളിന് നേരെ ജഡേജ കാറോടിച്ച് കയറ്റി. ഇതോടെ പൊലീസുകാരൻ വാഹനത്തിന്‍റെ ബോണറ്റിലേക്ക് വീണു. ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
ജഡേജയുടെ കാറിന്റെ ഡാഷ്‌ബോർഡിലെ ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. അറസ്റ്റ് ചെയ്ത ജഡേജയെ കോടതിയിൽ ഹാജരാക്കി പിന്നീട് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എം.കെ. റാണ പറഞ്ഞു.
ബി.ജെ.പി സർക്കാർ ജഡേജയെ ഭയക്കുന്നത് കൊണ്ടാണ് അദ്ദേഹത്തിനെതിരെ ഇത്തരമൊരു നടപടിയെടുത്തതെന്നും അദ്ദേഹത്തെ ഉടൻ തന്നെ മോചിപ്പിക്കണമെന്നും എ.എ.പി നേതാക്കൾ ആവശ്യപ്പെട്ടു. സർക്കാർ റിക്രൂട്ട്മെന്‍റ് പരീക്ഷകളിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി നിരവധി പ്രതിഷേധങ്ങൾക്ക് ജഡേജ തുടക്കമിട്ടിരുന്നു. ക്രമക്കേട് നടന്ന ക്ലാർക്ക് റിക്രൂട്ട്‌മെന്റിനുള്ള രണ്ട് പരീക്ഷകൾ അദ്ദേഹത്തിന്റെ പരാതികളെ തുടർന്ന് റദ്ദാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.